വിവാഹം കഴിച്ച് പിരിയാനില്ല; 39ാം വയസിലും വിവാഹം കഴിക്കാത്തതിനെക്കുറിച്ച് തൃഷ
തെന്നിന്ത്യയിലെ താര റാണിയാണ് തൃഷ. കരിയറിൽ അന്നും അന്നും താരമൂല്യം ഒരുപോലെ കാത്തു സൂക്ഷിക്കാൻ പറ്റിയ നടി കരിയറിൽ വിജയവും പരാജയവും ഒരുപോലെ കണ്ടിട്ടുണ്ട്. മിസ് ചെന്നെെ പട്ടം ചൂടി മോഡലിംഗിലൂടെ വിനോദ രംഗത്തേക്ക് കടന്നു വന്ന തൃഷ വളരെ പെട്ടെന്നാണ് സിനിമകളിലേക്ക് ചുവടു മാറിയത്.
സിനിമകളിൽ അഭിനയിക്കാൻ താൽപര്യം ഇല്ലെന്നായിരുന്നു മോഡലിംഗ് ചെയ്യുന്ന സമയത്ത് തൃഷ പറഞ്ഞത്. എന്നാൽ പിന്നീട് തമിഴകത്തെ മുൻനിര നായിക നടിയായി തൃഷ മാറുന്നതാണ് പ്രേക്ഷകർ കണ്ടത്. തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും തൃഷയ്ക്ക് നിരവധി നല്ല സിനിമകൾ സമ്മാനിച്ചത് തമിഴകം ആണ്.

തമിഴ്നാട്ടിലെ ഗ്രാമീണ പെൺകൊടി ഇമേജുള്ള കഥാപാത്രങ്ങളാണ് ആദ്യ കാലത്ത് തൃഷ കൂടുതലായും ചെയ്തത്. നടൻ വിജയുടെ സൂപ്പർ ഹിറ്റ് ജോഡിയായി തൃഷ തിളങ്ങിയ ഒരു സമയവും ഉണ്ടായിരുന്നു. എന്നാൽ 2010 ന് ശേഷം തെന്നിന്ത്യൻ സിനിമകളിൽ കൂടുതലായും ഉത്തരേന്ത്യൻ നടിമാർ വന്നു തുടങ്ങി. തൃഷയുടെ കരിയറിനെയും ഇത് ബാധിച്ചു.
എന്നാൽ പിന്നീട് ശക്തമായ കഥാപാത്രങ്ങൾ ബിഗ് സ്ക്രീനിലെത്തിച്ച് തന്റെ സ്ഥാനം ഉറപ്പിക്കാൻ തൃഷയ്ക്ക് കഴിഞ്ഞു. വിണ്ണെെ താണ്ടി വരുവായ, കൊടി, 96 തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണം ആണ്. അടുത്തിടെ പുറത്തിറങ്ങിയ പൊന്നിയിൻ സെൽവനും വൻ ഹിറ്റായി. തൃഷയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമ ആണിതെന്നാണ് ആരാധകർ പറയുന്നത്.

സിനിമകൾക്കൊപ്പം തന്നെ തൃഷയുടെ വ്യക്തി ജീവിതവും എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. 39 കാരിയായ തൃഷ ഇപ്പോഴും അവിവാഹിതയാണ്. സമപ്രായക്കാരായ പല നടിമാരും വിവാഹം കഴിച്ചെങ്കിലും തൃഷ ഇപ്പോഴും വിവാഹത്തിന് തയ്യാറായിട്ടില്ല. ഇതിന്റെ കാരണവും തൃഷ വ്യക്തമാക്കിയിട്ടുണ്ട്.

ഒരു ചടങ്ങിന് വേണ്ടി മാത്രം വിവാഹം കഴിക്കാൻ താൽപര്യമില്ലെന്നും തനിക്ക് അനുയോജ്യനായ ആളെ കാണണമെന്നുമാണ് തൃഷ വ്യക്തമാക്കിയത്. വിവാഹം കഴിച്ച് പിന്നീട് വേർപിരിയാൻ താൽപര്യമില്ല. തനിക്കറിയാവുന്ന ഒരുപാട് സുഹൃത്തുക്കൾ മോശം വിവാഹ ജീവതത്തിലാണ്. അത്തരമൊരു ജീവിതത്തോട് തനിക്ക് താൽപര്യമില്ല. വിവാഹം നടക്കുന്നെങ്കിൽ നടക്കട്ടെ. നടന്നില്ലെങ്കിലും കുഴപ്പമില്ലെന്നാണ് ഒരു അഭിമുഖത്തിൽ തൃഷ വ്യക്തമാക്കിയത്.

നേരത്തെ ബിസിന്സ്മാൻ വരുൺ മന്യനുമായി തൃഷയുടെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാൽ നിശ്ചയിച്ച് മൂന്ന് മാസങ്ങൾക്കുള്ളിൽ ഈ വിവാഹം വേണ്ടെന്ന് വെച്ചു. തൃഷയുടെ കരിയറിൽ ഇടപെടാൻ വരനും ബന്ധുക്കളും ശ്രമിച്ചതും നടി സിനിമാ അഭിനയം നിർത്തണമെന്ന് പറഞ്ഞതുമാണ് തൃഷയെ പിന്തിരിപ്പിച്ചത്. പിന്നീടിതുവരെ തൃഷ വിവാഹത്തിന് തയ്യാറായിട്ടില്ല.
അതേസമയം വരുൺ മന്യൻ മറ്റൊരു വിവാഹം കഴിച്ചു. നടൻ റാണ ദഗുബതിയുമായി തൃഷയ്ക്കുണ്ടായിരുന്ന പ്രണയവും ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ചിരുന്നു. എന്നാൽ പിന്നീട് ഈ പ്രണയ ബന്ധവും അവസാനിച്ചു. ഇപ്പോൾ തന്റെ സ്വകാര്യ ജീവിതം വാർത്തകളിൽ നിറയാതിരിക്കാൻ തൃഷ ശ്രദ്ധിക്കുന്നുണ്ട്.


Click it and Unblock the Notifications