സാവിത്രിയുടെ ജീവിതം കണ്ട ഞാൻ മദ്യപാനത്തിലേക്ക് കടന്നില്ല; വിവാഹം കഴിക്കാത്തതിന് കാരണം; നിർമല
അറുപതുകളിലും എഴുപതുകളിലും തെന്നിന്ത്യൻ സിനിമകളിൽ ശ്രദ്ധേയ സാന്നിധ്യമായ നടിയാണ് വെണ്ണിര ആടൈ നിർമല. മലയാളത്തിൽ ഉഷകുമാരി എന്ന പേരിലാണ് നിർമല അറിയപ്പെട്ടത്. വിവിധ ഭാഷകളിലായി 400 ൽ അധികം സിനിമകളിൽ നിർമല അഭിനയിച്ചിട്ടുണ്ട്. 1965 ൽ വെണ്ണിര ആടെെ എന്ന സിനിമയിലൂടെയാണ് നിർമല അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. പിന്നീട് ഈ സിനിമയുടെ പേര് ചേർത്ത് നടി തമിഴകത്ത് അറിയപ്പെട്ടു.
സിനിമയ്ക്ക് പുറമെ നൃത്ത രംഗത്തും നിർമല പേരെടുത്തു. വർഷങ്ങൾ നീണ്ട തന്റെ കരിയറിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് നിർമലയിപ്പോൾ. അവൾ ഗ്ലിറ്റ്സ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ഡാൻസ് ചെയ്യുന്നത് മൂലമാണ് തനിക്ക് ഇന്നും ഭംഗി നിലനിൽക്കുന്നതെന്ന് നിർമല പറയുന്നു. ഞാൻ കല്യാണം കഴിച്ചിട്ടില്ല. വിവാഹം കഴിച്ച് കുട്ടികളൊക്കെ ആയിരുന്നെങ്കിൽ ഒരുപക്ഷെ ഇങ്ങനെയായിരിക്കില്ലെന്നും നിർമല വ്യക്തമാക്കി.

കല്യാണം കഴിക്കാത്തതിന് കാരണം എന്തെന്നും നിർമല തുറന്ന് പറഞ്ഞു. എന്റെ ചെറുപ്പത്തിൽ തന്നെ അച്ഛൻ ഡാൻസ് പഠിപ്പിച്ചു. നാളെ മറ്റൊരു വീട്ടിലേക്ക് പോകേണ്ട പെണ്ണിന് വേണ്ടി ഡാൻസെന്ന പേരിൽ ഇത്രയും പണം ചെലവാക്കണോ എന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ചോദിക്കുമായിരുന്നു.
കുടുംബക്കാരും ഞാൻ ഡാൻസ് ചെയ്യുന്നതിനെ എതിർത്തു. എന്നാൽ എന്റെ മകൾ കല്യാണം കഴിച്ച് മറ്റൊരു വീട്ടിലേക്ക് പോകാൻ വേണ്ടി ജനിച്ചവളല്ലെന്ന് അച്ഛൻ മറുപടി നൽകി. അത് തന്റെ മനസ്സിൽ ആഴത്തിൽ പതിച്ചെന്നും നിർമല ഓർത്തു.
മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അഭിനയ രംഗത്ത് സജീവമായിരുന്ന സമയത്ത് ഇവർക്കൊപ്പം നിർമല തുടരെ സിനിമകൾ ചെയ്തിട്ടുണ്ട്. പിന്നീട് രാഷ്ട്രീയത്തിലും ചെറിയ തോതിൽ സാന്നിധ്യമറിയിച്ചു. അക്കാലത്ത് ഇരുവരും തമ്മിൽ ശത്രുതയിലാണെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ തങ്ങൾ നല്ല സൗഹൃദമായിരുന്നെന്ന് നിർമല പറയുന്നു.
എംജിആർ സാറും ജയലളിതയും തമ്മിൽ എന്തെങ്കിലും പിണക്കങ്ങൾ ഉണ്ടാകുമ്പോൾ ഉടനെ അദ്ദേഹത്തിന്റെ പടത്തിൽ എന്നെ വിളിക്കും. രണ്ട് മൂന്ന് ദിവസം അഭിനയിക്കും. ഇതിനിടെ ഇവർ തമ്മിൽ പ്രശ്നം പരിഹരിച്ചാൽ ഞാൻ ആ സിനിമയിൽ നിന്ന് ഒഴിവാകും. അത് ചോദ്യം ചെയ്യാനൊന്നും പോയിട്ടില്ല. അതെല്ലാം അവർ മനസ്സിലാക്കിയിരുന്നു.
എന്നെ കാണുമ്പോഴെല്ലാം നല്ല സ്നേഹമായിരുന്നു. ഒരു പരിപാടിയിൽ ഞാൻ അവർക്ക് പിന്നിലായിരുന്നു ഇരുന്നത്. എന്നെ വിളിച്ച് കൈപിടിച്ച് വീട്ടിലേക്ക് വാ, ഒരുപാട് സംസാരിക്കാനുണ്ടെന്ന് പറഞ്ഞു. അവർ എന്തിനാണ് എന്നെ വിളിച്ചത്, എന്താണവർ പറയാനിരുന്നത് എന്ന് ഇപ്പോഴും അറിയില്ലെന്നും നിർമല വ്യക്തമാക്കി.

അന്തരിച്ച വിഖ്യാത നടി സാവിത്രിയെക്കുറിച്ചും നിർമല സംസാരിച്ചു. സാവിത്രി അമ്മ എനിക്ക് വളരെ ഇഷ്ടപ്പെട്ട ആർട്ടിസ്റ്റാണ്. മദ്യപാനത്തിലേക്കൊന്നും പോകാത്തതിന് കാരണവും അവരാണ്. അവരുടെ ജീവിതം പോലെ നശിക്കരുതെന്ന് എന്ന് എനിക്കുണ്ടായിരുന്നു. ഷാംപെയൻ, വൈൻ എന്നിവയൊക്കെ കുടിച്ചാൽ മുഖം തുടുക്കുമെന്ന് പലരും പറയുമായിരുന്നു. പക്ഷെ സാവിത്രിയുടെ ജീവിതം കണ്ട തനിക്ക് അതിനോടൊന്നും താൽപര്യം തോന്നിയില്ലെന്നും നിർമല തുറന്ന് പറഞ്ഞു.
ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങൾക്ക് ശേഷം മദ്യത്തിൽ അഭയം തേടിയ സാവിത്രി ഇന്നും സിനിമാ ലോകത്ത് ചർച്ചാ വിഷയം ആകാറുണ്ട്. 1981 ലാണ് സാവിത്രി മരിച്ചത്. അവസാന കാലത്ത് നടിയുടെ സമ്പാദ്യങ്ങളെല്ലാം നഷ്ടപ്പെട്ടിരുന്നു. നടിയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത സിനിമയാണ് 2018 ൽ പുറത്തിറങ്ങിയ മഹാനടി.


Click it and Unblock the Notifications