പൃഥ്വിയുടെ കഴിഞ്ഞു, ഇനി കാര്‍ത്തിയുടെ ഏഴ് നാള്‍!
പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ ശ്യാംധര്‍ സംവിധാനം ചെയ്ത സെവന്‍ത് ഡേ എന്ന ചിത്രം പോയവരാമാണ് തിയേറ്ററിലെത്തിയത്. വ്യത്യസ്ത ഗെറ്റപ്പില്‍ പൃഥ്വി മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനെ മികവുറ്റിയതാക്കിയ ചിത്രത്തെ കുറിച്ച് ആരാധകരില്‍ നിന്ന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.
ആറ് ദിവസം കൊണ്ട് ഭൂമിയെ സൃഷ്ടിച്ച ദൈവം വിശ്രമിക്കാന്‍ പോയ ഏഴാമത്തെ ദിവസം എന്ന ടൈറ്റില്‍ ടാഗോടുകൂടി വന്ന ചിത്രം ഒരു കൊലപാതകാന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. മലയാളത്തില്‍ പൃഥ്വിയുടെ സെവന്‍ത് ഡേ കഴിഞ്ഞു. ഇനി തമിഴില്‍ കാര്‍ത്തിയുടെ സെവന്‍ത് ഡേയാണ്.

സെവന്‍ത് ഡേ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു എന്നല്ല പറഞ്ഞു വരുന്നത്. മറിച്ച്, സമാനമായ പേരില്‍ തമിഴില്‍ മറ്റൊരു ചിത്രമൊരുങ്ങുന്നു. 'ഇനി യേഴു നാള്‍' എന്ന പേരില്‍ ഒരുങ്ങുന്ന ചിത്രത്തിലെ നായകന്‍ കാര്‍ത്തിയാണ്. പേരുകള്‍ തമ്മില്‍ നേരിയ സാമ്യമുണ്ടെന്നല്ലാതെ സെവന്‍ത് ഡേയും ഇനി യേഴു നാളും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
കാര്‍ത്തിയെ നായകനാക്കി പയ്യ എന്ന ചിത്രമൊരുക്കിയ ലിങ്കുസ്വാമിയാണ് ഇനി യേഴു നാളും സംവിധാനം ചെയ്യുന്നത്. ഒരു റൊമാന്റിക് കോമഡി കഥപറയുന്ന ചിത്രത്തിന്റെ നായികയെയോ മറ്റ് താരങ്ങളെയോ തീരുമാനിച്ചിട്ടില്ല. ലിങ്കു സ്വാമിയുടെ സ്വന്തം നിര്‍മാണക്കമ്പനിയായ തിരുപ്പതി ബ്രദേഴ്‌സിന്റെ ബാനറിലായിരിക്കും നിര്‍മ്മാണം.
ഇപ്പോള്‍ കാര്‍ത്തിയുടെ സഹോദരനും തമിഴ് സൂപ്പര്‍സ്റ്റാറുമായ സൂര്യയുമൊന്നിച്ചുള്ള ചിത്രത്തിന്റെ തിരക്കിലാണ് ലിങ്കുസ്വാമി. അഞ്ചാന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സമാന്തയാണ് നായിക. സൂര്യയുടെ വ്യത്യസ്തമായ ഗെറ്റപ്പുകൊണ്ട് തന്നെ ചിത്രം ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു.


Click it and Unblock the Notifications











