കമല്‍ഹാസന്‍റെ ഇന്ത്യന്‍ 2നോട് നോ പറഞ്ഞ് ഐശ്വര്യ രാജേഷ്! നിരസിക്കാനുള്ള കാരണം ഇതോ?
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അഭിനേത്രികളിലൊരാളാണ് ഐശ്വര്യ രാജേഷ്. വേറിട്ട കഥാപാത്രങ്ങളുമായാണ് ഓരോ തവണയും ഈ താരമെത്താറുള്ളത്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലെല്ലാമായി സജീവമാണ് താരം. മികച്ച അവസരങ്ങളാണ് ഈ താരത്തെ തേടിയെത്തിക്കൊണ്ടിരിക്കുന്നത്. ജോമോന്റെ സുവിശേഷങ്ങളിലൂടെയാണ് ഈ താരം മലയാളത്തില്‍ അരങ്ങേറിയത്. പിന്നാലെ തന്നെ നിവിന്‍ പോളിയുടെ സഖാവിലും താരം നായികയായി എത്തിയിരുന്നു. അടുത്ത വര്‍ഷത്തേക്കുള്ള സിനിമകള്‍ വരെ താരം ഇതിനകം സ്വീകരിച്ചുവെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പുതിയ അവസരങ്ങള്‍ സ്വീകരിക്കാന്‍ കഴിയാത്തത്ര തിരക്കുമായാണ് താരം മുന്നേറുന്നത്.
കമല്‍ ഹാസന്റെ കരിയറിലെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നായ ഇന്ത്യന് രണ്ടാം ഭാഗം ഒരുങ്ങുന്നുണ്ടെന്നുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഈ സിനിമയില്‍ ഏതൊക്കെ താരങ്ങളായിരിക്കും എത്തുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായിരുന്നു. ചിത്രത്തിലേക്ക് ഐശ്വര്യ രാജേഷും എത്തിയേക്കുമെന്ന വിവരങ്ങളായിരുന്നു നേരത്തെ പുറത്തുവന്നത്. ചിത്രത്തില്‍ താന്‍ അഭിനയിക്കുന്നില്ലെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

സിനിമയ്ക്കായി തന്നെ ക്ഷണിച്ചിരുന്നുവെന്നും ആ അവസരം വിനിയോഗിക്കാന്‍ തനിക്ക് കഴിയില്ലെന്നും വ്യക്തമാക്കി എത്തിയിരിക്കുകയാണ് താരം. പ്രൊഡക്ഷന്‍ ഹൗസ് ആവശ്യപ്പെട്ട ഡേറ്റ് നല്‍കാന്‍ തനിക്ക് കഴിയില്ലെന്നാണ് താരം പറയുന്നത്. ശങ്കറിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നാണ് ഇന്ത്യന്‍ 2. 1996 ലായിരുന്നു ഈ സിനിമയുടെ ആദ്യഭാഗം പുറത്തിറങ്ങിയത്. രാകുല്‍ പ്രീത് സിംഗും കാജല്‍ അഗര്‍വാളും ഇന്ത്യന്‍ 2 ല്‍ അഭിനയിക്കുന്നുണ്ടെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു.


Click it and Unblock the Notifications











