അജിത്തിന്റെ നായികയായി ഐശ്വര്യ എത്തുന്നു
വെള്ളിത്തിരയിലേയ്ക്ക് ഐശ്വര്യ റായിയുടെ രണ്ടാം വരവ് സംബന്ധിച്ച വാര്‍ത്തകള്‍ അവസാനിയ്ക്കുന്നില്ല. ഇതുവരെ പല സംവിധായകരുടെ പല ചിത്രങ്ങളിലൂടെ ഐശ്വര്യ തിരിച്ചെത്തുമെന്ന തരത്തില്‍ ഒന്നോ രണ്ടോ വട്ടമല്ല വാര്‍ത്തകള്‍ വന്നിട്ടുള്ളത്. ഏറ്റവും അവസാനം വന്ന വാര്‍ത്ത മണിരത്‌നം ചിത്രത്തില്‍ ചരിത്രകഥാപാത്രമായി ഐശ്വര്യ എത്തുമെന്നതായിരുന്നു.
എന്നാല്‍ പിന്നീട് ഐശ്വര്യ ഈ ചിത്രത്തില്‍ നിന്നും പിന്മാറിയെന്നുള്ള വാര്‍ത്തകളും പുറത്തുവന്നു. ഇപ്പോഴിതാ വീണ്ടുമൊരു തമിഴ് സംവിധായകന്റെ ചിത്രത്തിലൂടെ ഐശ്വര്യ തിരിച്ചുവരവ് നടത്താന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

തമിഴകത്തെ സൂപ്പര്‍സംവിധായകന്‍ ഷങ്കര്‍ ഒരുക്കുന്ന സൂപ്പര്‍ചിത്രത്തില്‍ തല അജിത്തിന്റെ നായികയായി ഐശ്വര്യ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ചിത്രത്തിന്റെ കഥ കേട്ട് അജിത്ത് സമ്മതം അറിയിച്ചുവെന്നും ഐശ്വര്യയാണ് നായികയാകാന്‍പോകുന്നുവെന്നതാണ് അജിത്തിനെ ആകര്‍ഷിച്ച പ്രധാന ഘടകമെന്നുമാണ് കോടമ്പാക്കത്ത് കേള്‍ക്കുന്ന കഥകള്‍. ഇതിന് മുന്പ് കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന ചിത്രത്തില്‍ അജിത്തും ഐശ്വര്യയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.
യാദൃശ്ചികമായിട്ടായിരുന്നു ഷങ്കര്‍-അജിത്ത് കൂടിക്കാഴ്ചയെന്നും അറിയുന്നു. ഇപ്പോള്‍ ഗൗതം മേനോന്‍ ഒരുക്കുന്ന ചിത്രത്തിലാണ് അജിത്ത് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതിന് പിന്നാലെ ശിവ സംവിധാനംചെയ്യുന്ന ചിത്രത്തിലായിരിക്കും അജിത്ത് അഭിനയിക്കുക. അതുംകഴിഞ്ഞായിരിക്കും ശങ്കര്‍ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുകയെന്നാണ് അറിയുന്നത്.
ഇപ്പോള്‍ വിക്രം നായകനാകുന്ന ഐ എന്ന വമ്പന്‍ ചിത്രത്തിന്റെ ജോലിത്തിരക്കിലാണ് ശങ്കര്‍. 100കോടിയ്ക്കുമേല്‍ മുതല്‍മുടക്കുള്ള ചിത്രം ഏപ്രിലോ, മെയിലോ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


Click it and Unblock the Notifications











