അജിത്തും ധനസഹായം നല്‍കി! കൊറോണ ദുരിതാശ്വാസത്തിനായി 1.25 കോടിയുമായി തല!
തമിഴകത്തിന്റെ സ്വന്തം താരങ്ങളിലൊരാളാണ് അജിത്ത്. സിനിമയ്ക്കപ്പുറത്ത് മറ്റ് വിഷയങ്ങളിലും സജീവമായി ഇടപെടാറുണ്ട് അദ്ദേഹം. രാജാഡകളില്ലാതെ സാധാരണക്കാരനായാണ് താരം ജീവിക്കുന്നത്. ശാലിനിയെയാണ് അജിത്ത് ജീവിതസഖിയാക്കിയത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. അനൗഷ്‌കയുടേയും അദ്വിക്കിന്റേയും ഒപ്പമുള്ള ചിത്രങ്ങളുമായും താരം എത്താറുണ്ട്. കൊറോണ വൈറസ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുകയാണ് അജിത്തും. കഴിഞ്ഞ ദിവസമാണ് അദ്ദേഹം സഹായം പ്രഖ്യാപിച്ചത്.
ഒന്നേകാല്‍ കോടി രൂപയാണ് അജിത്ത് ധനസഹായമായി നല്‍കിയത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുമായി 50 ലക്ഷം വീതമാണ് അദ്ദേഹം നല്‍കിയത്. സിനിമാസംഘടനയായ ഫെഫ്‌സിയുടെ കീഴിലെ ദിവസവേതനക്കാര്‍ക്ക് 25 ലക്ഷം രൂപയും താരം സംഭാവനയായി നല്‍കിയിട്ടുണ്ട്. നിരവധി താരങ്ങളാണ് ധനസഹായവുമായി എത്തിയത്.
രജനീകാന്ത്, സൂര്യ, കാര്‍ത്തി, വിജയ് സേതുപതി, ശിവകാര്‍ത്തികേയന്‍ തുടങ്ങിയ താരങ്ങള്‍ നേരത്തെ ധനസഹായവുമായി എത്തിയിരുന്നു. ഭാഷാഭേദമന്യേയാണ് താരങ്ങള്‍ സഹായവുമായി എത്തുന്നത്. 50 ലക്ഷം രൂപയാണ് മോഹന്‍ലാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്.

എഎച്ച് വിനോദ് സംവിധാനം ചെയ്യുന്ന വാലിമൈ എന്ന ചിത്രത്തില്‍ അഭിനയിച്ച് വരികയായിരുന്നു അജിത്ത്. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെക്കുകയായിരുന്നു. ഈ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ താരത്തിന് പരിക്കേറ്റിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്ന് പറഞ്ഞായിരുന്നു ആരാധകരെത്തിയത്. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് അജിത്ത്.
അജിത്തിന്റെ നിലപാടുകളോട് ആരാധകര്‍ക്ക് ആദരവാണ്. റിലീസിനിടയില്‍ ആഘോഷങ്ങള്‍ നടത്തുന്നതിനോടും ഫാന്‍സ് അസോസിയേഷനായി പ്രവര്‍ത്തിക്കുന്നതിനോടൊന്നും താല്‍പര്യമില്ലെന്ന് താരം പറഞ്ഞിരുന്നു. ഫാന്‍സ് അസോസിയേഷന്‍ വേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ദീനയെന്ന ചിത്രത്തില്‍ അഭിനയിച്ചതോടെയായിരുന്നു അജിത്തിന് തലയെന്ന ഓമനപ്പേര് വീണത്.
ബാലതാരാമായി സിനിമയിലേക്കെത്തി പിന്നീട് നായികാനിരയിലേക്ക് ഉയരുകയായിരുന്നു ശാലിനി. അനിയത്തിപ്രാവിലൂടെയായിരുന്നു താരം നായികയായി അരങ്ങേറിയത്. സിനിമാതിരക്കുകള്‍ക്കിടയിലും കുടുംബത്തെ ചേര്‍ത്തുപിടിക്കാറുണ്ട് അദ്ദേഹം. പ്രണയിക്കുന്നതിനിടയില്‍ ശാലിനിക്ക് നല്‍കിയ ആ വാക്ക് ഇന്നും അദ്ദേഹം പാലിക്കുന്നുമുണ്ട്. ഇതേക്കുറിച്ച് അടുത്തിടെയും ആരാധകര്‍ ചര്‍ച്ച ചെയ്തിരുന്നു.


Click it and Unblock the Notifications