19 വർഷം മുമ്പ് കോടികൾ പ്രതിഫലം വാങ്ങിയ അജിത്ത്, 300 കോടി കലക്ഷൻ നേടി തരുന്നവർക്ക് നൂറ് കോടിക്ക് അവകാശമില്ലേ?
തമിഴ് സിനിമയിലെ സൂപ്പർ താരങ്ങളിൽ ഒരാളാണ് അജിത് കുമാർ. അമ്പത്തിനാലുകാരനായ താരം കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിനിമയേക്കാൾ പ്രാധാന്യം നൽകുന്നത് റേസിങിനാണ്. പതിനെട്ടാം വയസിൽ മോട്ടോർ സൈക്കിൾ റേസിങ് മത്സരങ്ങളിൽ അജിത് പങ്കെടുത്തിരുന്നു. ഇരുപത്തിയൊന്ന് വയസുവരെ റേസിങ് തുടർന്നെങ്കിലും പിന്നീട് സിനിമകളിൽ സജീവമായതോടെ റേസിങിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു.
ഇക്കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കൊണ്ടാണ് കാർ റേസിങ്ങുകളിൽ താരം വീണ്ടും സജീവമായത്. ഒന്നോ, രണ്ടോ വർഷങ്ങൾ കൂടുമ്പോൾ മാത്രമാണ് താരമിപ്പോൾ സിനിമകൾ ചെയ്യുന്നത്. 2019 മുതൽ 2025 വരെയുള്ള എട്ട് വർഷ കാലയളവിന് ഇടയിൽ ആറ് സിനിമകൾ മാത്രമാണ് നടന്റേതായി റിലീസ് ചെയ്തത്.

അവസാനം റിലീസ് ചെയ്ത വിടാമുയർച്ചിയും ഗുഡ് ബാഡ് അഗ്ലിയും സമ്മിശ്ര പ്രതികരണമാണ് നേടിയത്. കരിയറിലെ 64-ാമത് ചിത്രം AK64മായി താരം എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതുവരെയും അതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നത് ആരാധകരെ നിരാശരാക്കിയിട്ടുണ്ട്.
2025ന്റെ തുടക്കം മുതൽ ഈ ചിത്രത്തിന്റെ സംവിധായകൻ, നിർമാതാക്കൾ, അഭിനേതാക്കൾ, ഷൂട്ടിങ് ഷെഡ്യൂൾ എന്നിവയെക്കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിലും മുഖ്യധാരാ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ടായിരുന്നു. അജിത്തിന്റെ സിനിമ ജീവിതത്തിൽ സംഭവിച്ച സിനിമകളിൽ ഇന്നും ആഘോഷിക്കപ്പെടുന്ന സിനിമയാണ് ബില്ല. വിഷ്ണുവർദ്ധൻ സംവിധാനം ചെയ്ത് 2007ൽ പുറത്തിറങ്ങിയ തമിഴ് ആക്ഷൻ ത്രില്ലർ ചിത്രമായിരുന്നു ഇത്.
1980ൽ രജിനികാന്ത് അഭിനയിച്ച ബില്ല എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു സിനിമ. 1978ൽ അമിതാഭ് ബച്ചൻ അഭിനയിച്ച ഹിന്ദി ചിത്രമായ ഡോണിന്റെ റീമേക്കാണ് പിന്നീട് രജിനികാന്ത് നായികനായി തമിഴിൽ റിലീസായത്. അജിത്തിന്റെ കരിയറിലെ ബ്ലോക്ക് ബസ്റ്റർ സിനിമകളിൽ ഒന്നായിരുന്നു ബില്ല. അജിത്തിന്റെ ഏറ്റവും വിജയകരമായ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നാണ് ബില്ല. ഈ സിനിമയിൽ നടൻ വാങ്ങിയ പ്രതിഫലമാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്.
ചിത്രത്തിൽ അഭിനയിക്കാൻ അദ്ദേഹം മൂന്ന് കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയത്. ചിത്രത്തിന്റെ നിർമ്മാതാവ് തന്നെ ഒരു അഭിമുഖത്തിൽ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ സിനിമ നിർമ്മിക്കാൻ പല നിർമാതാക്കൾക്കും സാധിക്കുകയില്ല. തുറന്ന് പറയുകയാണെങ്കിൽ ബില്ല സിനിമ എടുത്ത സമയത്ത് അജിത്തിന്റെ പ്രതിഫലം മൂന്ന് കോടി രൂപയായിരുന്നു.

സിനിമ റിലീസ് ചെയ്തിട്ട് പത്തൊമ്പത് വർഷത്തിൽ ഏറെയായി. വ്യക്തമായ കാരണമില്ലാതെ താരങ്ങൾ പ്രതിഫലം അടിക്കടി വർധിപ്പിച്ചാൽ നിർമാതാക്കൾക്ക് അത് താങ്ങാനാവില്ല. അതുകൊണ്ട് സിനിമ എടുക്കാൻ കഴിയാത്ത സാഹചര്യവും വരും. സിനിമ വിജയിച്ചില്ലെങ്കിൽ വലിയ ബാധ്യതയും വന്ന് ചേരും. എവിഎം പ്രൊഡക്ഷൻസ് നിർമ്മാണത്തിൽ സജീവമല്ലാത്തതിന് കാരണവും അടിക്കടി വർധിക്കുന്ന താരങ്ങളുടെ പ്രതിഫലമാണ് എന്നാണ് സിനിമയുടെ നിർമാതാവ് ഒരു അഭിമുഖത്തിൽ പറഞ്ഞത്.
അവസാനം റിലീസ് ചെയ്ത ഗുഡ് ബാഡ് അംഗ്ലിയിൽ അഭിനയിച്ചതിന് 163 കോടിയാണ് അജിത്തിന് പ്രതിഫലമായി ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ. തമിഴിൽ റെക്കോർഡ് പ്രതിഫലം കൈപറ്റുന്നവരിൽ ഒരാളാണ് അജിത്ത്. പ്രതിഫലം കുത്തനെ ഉയർത്തുന്ന താരങ്ങൾക്ക് എതിരെ നിർമാതാക്കൾ എതിർപ്പ് അറിയിക്കാറുണ്ട്. എന്നാൽ ഒരു വിഭാഗം പ്രേക്ഷകർ താരങ്ങളെയാണ് പിന്തുണയ്ക്കുന്നത്.
തന്റെ സിനിമയ്ക്ക് മുന്നൂറ് കോടി കലക്ഷൻ നേടാൻ കഴിയുമെന്ന് ഉറപ്പുള്ള സൂപ്പർ താരം നൂറോ നൂറ്റിയമ്പതോ കോടി പ്രതിഫലമായി ആവശ്യപ്പെടുന്നതിൽ എന്താണ് തെറ്റെന്നാണ് അനുകൂലിക്കുന്നവരിൽ ഉയരുന്ന ചോദ്യങ്ങൾ. മലയാള സിനിമയിലും താരങ്ങളുടെ പ്രതിഫലം പലപ്പോഴും ചർച്ച വിഷയമാകാറുള്ള ഒന്നാണ്.


Click it and Unblock the Notifications











