അജിത്തിന്റെ എന്നൈ അറിന്താല്‍, അടിപൊളി ട്രെയിലര്‍
പുതുവത്സരം ആഘോഷമാക്കി അജിത്ത് കുമാര്‍ നായകനാകുന്ന 'എന്നൈ അറിന്താല്‍' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ട്രെയിലര്‍ അജിത്ത് ഫാന്‍സിന് വേണ്ടതും, ആരാധകര്‍ ഇഷ്ടപ്പെടുന്നതുമായ എല്ലാ ചേരുവകളോടും കൂടിയാണ് ഒരുക്കിയിരിക്കുന്നത്. ചുരുക്കി പറഞ്ഞാല്‍ അടി പൊളി.
ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ടീസറിനും ഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്. ട്രെയിലര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ കഴിയുമ്പോഴേക്കും അയ്യായിരത്തിലധികം പേര്‍ അത് കണ്ടു കഴിഞ്ഞു.

സത്യദേവ് എന്ന കഥാപാത്രത്തെയാണ് അജിത്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പതിവ് സോള്‍ട്ട് ആന്റ് പെപ്പര്‍ സ്‌റ്റൈല്‍ ഗെറ്റപ്പില്‍ നിന്നെല്ലാം മാറിയാണ് അജിത്ത് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തില്‍ മൂന്ന് ഗെറ്റപ്പില്‍ അജിത്തെത്തുന്നുണ്ട് എന്നും അറിയുന്നു.
തൃഷയും അനുഷ്‌ക ഷെട്ടിയും നായികമാരായി എത്തുന്ന ചിത്രത്തില്‍ അരുണ്‍ വിജയ് ആണ് വില്ലന്‍. മലയാളികളുടെ പ്രിയങ്കരിയായ ബേബി അനിഖ ട്രെയിലറില്‍ നിറഞ്ഞു നില്‍ക്കുന്നു. ഹാരിസ് ജയരാജാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. പൊങ്കാല്‍ ആഘോഷത്തിനായി ജനുവരിയില്‍ ചിത്രം തിയേറ്ററിലെത്തും.


Click it and Unblock the Notifications