അജിത്തും വിജയും ഒന്നിക്കുന്നു, ഐശ്വര്യ നായിക?
തമിഴകത്തെ അടുത്ത സുഹൃത്തുക്കളാണ് വിജയ് യും അജിത്തുമെന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. പക്ഷെ ഒരേ ഒരു ചിത്രത്തില്‍ മാത്രമാണ് ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുള്ളൂ. കുറച്ചു നാളായി കേള്‍ക്കുന്നു ഇനിയൊരു ചിത്രത്തില്‍ അജിത്തിനെയും വിജയ് യെയും ഒരുമിച്ച് കാണാമെന്ന്. കാത്തിരുന്ന് കാത്തിരുന്ന് ആരാധകരുടെ കണ്ണ് കഴച്ചു.
വാര്‍ത്ത ശരിയാണെങ്കില്‍ ഇനിയധികം കാത്തിരിക്കേണ്ട. കോളിവുഡില്‍ ബിഗ് ബജറ്റ് ചിത്രങ്ങള്‍ മാത്രം ഒരുക്കുന്ന ശങ്കര്‍ അടുത്തതായി ഒരുക്കുന്നത് വിജയ് യും അജിത്തും നായകന്മാരാകുന്ന ചിത്രമാണത്രെ. ചിത്രത്തില്‍ ഐശ്വര്യ റായി ആണ് നായികയെന്നും കേള്‍ക്കുന്നു. ചിത്രത്തിന്റെ കഥ കേട്ട് അജിത്ത് സമ്മതം അറിയിച്ചെന്നും ഐശ്വര്യയാണ് നായികയെന്നറിഞ്ഞപ്പോള്‍ അജിത്ത് ആകൃഷ്ടനായെന്നുമാണ് കേള്‍ക്കുന്നത്.

ഇപ്പോള്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയ് അഭിനയിക്കുന്നത്. സമാന്തയാണ് ചിത്രത്തിലെ നായിക. ഗൗതം മേനോന്‍ ചിത്രത്തിലാണ് അജിത്ത് ഇപ്പോള്‍ അഭിനയിക്കുന്നത്. അജിത്തും വിജയ് യും ഒരിക്കല്‍ കൂടെ ഒരുമിച്ചു കാണുക എന്നത് കോളിവുഡ് പ്രേക്ഷകരുടെ ആഗ്രഹമായിരുന്നു.
ഷോലെ എന്ന ബോളിവുഡ് ചിത്രം തമിഴിലേക്ക് മൊഴിമാറ്റം നടത്തി അജിത്തിനെയും വിജയ് യെയും ഒന്നിപ്പിക്കാന്‍ ശ്രമം നടക്കുന്നതായി നേരത്തെ കോടമ്പക്കത്തുനിന്ന് വാര്‍ത്തകള്‍ കേട്ടിരുന്നു. വെങ്കിട് പ്രഭുവാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നും പറഞ്ഞു കേട്ടു. രാജാവിന്‍ പാര്‍വയിലെ എന്ന ചിത്രത്തിന് വേണ്ടിയാണ് നേരത്തെ അജിത്തും വിജയ് യും ഒന്നിച്ചത്.
ഇപ്പോള്‍ വിക്രമിനെ നാകനാക്കി ഐ എന്ന ചിത്രത്തിന്റെ ജോലിത്തിരക്കിലാണ് ശങ്കര്‍. 100 കോടിയ്ക്കുമേല്‍ മുതല്‍മുടക്കി ചെയ്യുന്ന ചിത്രം ഏപ്രിലിലോ മെയിലോ തിയേറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications