»   » അല്ലു അര്‍ജുന് തമിഴില്‍ അരങ്ങേറ്റം

അല്ലു അര്‍ജുന് തമിഴില്‍ അരങ്ങേറ്റം

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യയിലെ മുന്‍നിര നായകന്മാരുടെ കൂട്ടത്തിലാണ് യുവതാരം അല്ലു അര്‍ജ്ജുന്റെ സ്ഥാനം. തെലുങ്കാണ് അല്ലുവിന്റെ തട്ടകമെങ്കിലും മൊഴിമാറ്റത്തിലൂടെ അല്ലു ചിത്രങ്ങള്‍ തമിഴകത്തും മലയാളക്കരയിലും തരംഗങ്ങള്‍തീര്‍ത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ആന്ധ്ര മുതല്‍ കേരളം വരെ അല്ലുവിന് ആരാധകവൃന്ദവുമുണ്ട്. സ്വന്തം ഭാഷയിലെ ചിത്രങ്ങള്‍ക്ക് കാണികളില്ലാത്ത അവസ്ഥയിലും അല്ലുവിന്റെ മൊഴിമാറ്റചിത്രങ്ങള്‍ക്ക് നിറഞ്ഞ സദസ്സ് കിട്ടുന്നത് താരത്തിന്റെ അഭിനയമികവും ആക്ഷനിലെ പൂര്‍ണതയും കൊണ്ടാണെന്നതില്‍ സംശയമില്ല.

മൊഴിമാറ്റത്തിലൂടെയല്ലാതെ തമിഴകത്ത് അരങ്ങേറ്റം കുറിയ്ക്കാനായി ഏറെനാളായി അല്ലു ആഗ്രഹിക്കുന്നുണ്ട്. ഇതിനായി ഒട്ടേറെ തമിഴ് സംവിധായകരുമായി ചര്‍ച്ചകളും നടത്തിയിരുന്നു. പക്ഷേ അക്കാര്യങ്ങളൊന്നും ഫലവത്തായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അല്ലുവിന്റെ തമിഴ് അരങ്ങേറ്റത്തിനുള്ള എല്ലാ കാര്യങ്ങളും ഒത്തുവന്നിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

തമിഴിലും തെലുങ്കിലുമൊരുക്കുന്ന ചിത്രത്തിലാണ് അല്ലു അഭിനയിക്കുന്നതെന്നാണ് സൂചന. ഒരു കല്‍ ഒരു കണ്ണാടി, എസ്എംഎസ് എന്നീ തമിഴ്ച്ചിത്രങ്ങളുടെ സംവിധായകനായ എം രാജേഷ് ആണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. നിര്‍മ്മാതാവ് കെഇ ജ്ഞാനവേല്‍ വമ്പന്‍ തുകയാണ് അല്ലുച്ചിത്രത്തിനായി മുടക്കുന്നതെന്നാണ് സൂചന.

2014ല്‍ തിയേറ്ററുകളില്‍ എത്തിക്കാന്‍ കഴിയുന്ന രീതിയില്‍ ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുമെന്നാണ് സൂചന. സംവിധായകന്‍ പുരി ജഗന്നാഥന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങിനായി സ്‌പെയിനിലാണ് അല്ലു ഇപ്പോഴുള്ളത്. ഇതിന് ശേഷം സുന്ദര്‍ റെഡ്ഡിയുടെ പുതിയ ചിത്രത്തിലായിരിക്കും അല്ലു ജോയിന്‍ ചെയ്യുക. ഇതിന് ശേഷമേ ബഹുഭാഷ ചിത്രം തുടങ്ങാന്‍ സാധ്യതയുള്ളു.

സംവിധായകന്‍ രാജേഷ് ഇപ്പോള്‍ തന്റെ പുതിയ ചിത്രമായ ആള്‍ ഇന്‍ ആള്‍ അഴകു രാജ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ്, ഈ ചിത്രത്തില്‍ കാര്‍ത്തിയും കാജല്‍ അഗര്‍വാളുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സംവിധായകനും അല്ലു അര്‍ജുനും ഇപ്പോള്‍ കരാറിലേര്‍പ്പെട്ട ചിത്രങ്ങള്‍ ചെയ്തുകഴിഞ്ഞാലുടന്‍ തമിഴ് ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുമെന്നാണ് അറിയുന്നത്.

English summary
Telugu actor Allu Arjun is all set to foray into Kollywood soon.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam