'ശാലിനി വൈകിയാണ് ഷൂട്ടിങിന് എത്തിയത്, ശേഷം അജിത്തും പ്രശാന്തും വഴക്കിട്ടെന്ന് പ്രചരിക്കാൻ തുടങ്ങി'; സംവിധായകൻ!
തൊണ്ണൂറുകളിൽ തമിഴ് സിനിമയിലെ മുൻനിര നടനായിരുന്നു പ്രശാന്ത്. ഇപ്പോൾ നായക നടൻ എന്ന രീതിയിലും നടൻ എന്ന രീതിയിലും തമിഴ് സിനിമാ മേഖലയിൽ തന്നെ ചുവടുറപ്പിച്ച് നിൽക്കാനും ഹിറ്റ് ചിത്രങ്ങൾ ചെയ്യാനും പാടുപെടുകയാണ് പ്രശാന്ത്. തെന്നിന്ത്യയില്‍ എങ്ങും സാന്നിധ്യമായിരുന്ന നടനും സംവിധായകനും എല്ലാമായ നടന്‍ ത്യാഗരാജന്‍റെ മകനാണ് പ്രശാന്ത്. ആദ്യ കാലത്ത് വിലയേറിയ താരമായിരുന്നു. ശങ്കറിന്‍റെ ബ്രഹ്മാണ്ഡ ചിത്രം ജീന്‍സിലെ നായകനെ മലയാളികള്‍ അടക്കം വേഗം മറക്കാന്‍ സാധ്യതയില്ല.
ഇന്നും ലോക സുന്ദരി ഐശ്വര്യയ്ക്കൊപ്പം പാട്ടിനൊത്ത് നൃത്തം ചെയ്യുന്ന പ്രശാന്തിന്റെ വീഡിയ വൈറലാണ്. അജിത്തിനും വിജയിക്കും മുമ്പ് തന്നെ താര പദവി പ്രശാന്തിന് ഉണ്ടായിരുന്നു. ഒരു സെറ്റില്‍ അജിത്തിന് കിട്ടിയതിനെക്കാള്‍ സ്വീകരണം മുമ്പ് പ്രശാന്തിന് കിട്ടിയത് അന്നത്തെ കോളിവുഡിലെ പ്രധാന വാര്‍ത്തകളില്‍ ഒന്നായിരുന്നു. എന്നാല്‍ അച്ഛന്‍റെ നിഴലില്‍ നിന്ന് ആദ്യം ലഭിച്ച വിജയങ്ങളും അവസരങ്ങളും മുതലാക്കാന്‍ സാധിക്കാതെ പ്രശാന്തിന്‍റെ കരിയര്‍ മെല്ലെ മെല്ലെ ഇല്ലാതാകുന്ന കാഴ്ചയാണ് പിന്നീട് പ്രേക്ഷകർ കണ്ടത്.

അങ്ങനെ സിനിമയിൽ തിളങ്ങി നിന്നിരുന്ന കാലത്ത് നടൻ അജിത്തുമായി പ്രശാന്ത് ശാലിനിയുടെ പേരിൽ വഴക്കിട്ടെന്ന് വാർത്തകളുണ്ടായിരുന്നു. അന്ന് പ്രചരിച്ച വിവാദത്തിൽ വിശദീകരണവുമായി സംവിധായകൻ ശരൺ രംഗത്തെത്തിയിരിക്കുകയാണ്. കാതൽ മന്നൻ, അമർക്കളം എന്നിവ അജിത്തിന്റെ കരിയറിലെ വലിയ ഹിറ്റായിരുന്നു.
ഈ രണ്ട് ചിത്രങ്ങളും സംവിധാനം ചെയ്തത് സംവിധായകൻ ശരണാണ്. അമർക്കളം എന്ന ചിത്രത്തിലൂടെ ശാലിനിയുമായി ജോഡിയായ അജിത്ത് പിന്നീട് ശാലിനിയുമായി തന്റെ ജീവിതം പങ്കുവെച്ചു. തമിഴ് സിനിമയിലെ എവർഗ്രീൻ താര ജോഡികളാണ് ഇപ്പോഴും അജിത്തും ശാലിനിയും.
അടുത്തിടെ ഒരു അഭിമുഖത്തിൽ സംവിധായകൻ ശരൺ ഷൂട്ടിങ്ങിനിടെ അജിത്-പ്രശാന്ത് സംഘർഷത്തെക്കുറിച്ചും ശാലിനിയോട് അജിത്തിനുണ്ടായിരുന്ന പ്രണയത്തെക്കുറിച്ചും സംസാരിച്ചിരുന്നു. ഇതിൽ അജിത്തും പ്രശാന്തും തമ്മിൽ ഏറ്റുമുട്ടിയെന്ന് പ്രചരിച്ചത് നടക്കാത്ത കാര്യമാണെന്നാണ് ശരൺ പറയുന്നത്. അങ്ങനെയൊന്ന് സംഭവിച്ചിരുന്നെങ്കിൽ പ്രശാന്ത് നായകനായ ഒരു ചിത്രം പോലും അജിത്ത് കാണുമായിരുന്നില്ലെന്നും.
എന്നാൽ കല്ലൂരി വാസലിൽ പ്രശാന്തിനൊപ്പം അഭിനയിച്ച അജിത്ത് ഭാര്യ ശാലിനിക്കൊപ്പമാണ് പ്രശാന്തിന്റെ സിനിമ കാണാനെത്തിയതെന്നും ശരൺ പറഞ്ഞു. അജിത്തുമായുള്ള ശാലിനിയുടെ വിവാഹം ഉറപ്പിച്ചപ്പോൾ പിരിയാത വരം വേണ്ടും എന്ന ചിത്രത്തിൽ ശാലിനി പ്രശാന്തിനൊപ്പം അഭിനയിക്കുകയായിരുന്നു.

ചിത്രം പാതിവഴിയിലായിരിക്കെയാണ് ശാലിനി അജിത്തിനെ വിവാഹം കഴിച്ചത്. അതുകൊണ്ട് തന്നെ സിനിമയുടെ അവസാന ഷെഡ്യൂളിൽ ശാലിനി പങ്കെടുക്കാൻ വൈകി. ഇതോടെ അജിത്തും പ്രശാന്തും തമ്മിൽ ഏറ്റുമുട്ടിയതായി കഥകൾ പ്രചരിക്കുകയായിരുന്നു. അതിൽ സത്യമില്ലെന്നും സംവിധായകൻ ശരൺ പറഞ്ഞു. അജിത്ത്-ശാലിനി പ്രണയം താൻ എങ്ങനെയാണ് മനസിലാക്കിയതെന്നും ശരൺ വെളിപ്പെടുത്തി.
അതുപോലെ ഒരു ദിവസം അമർക്കളത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ഞാൻ അജിത്തിന്റേയും ശാലിനിയുടേയും ഇടയിൽ ഇരിക്കുകയായിരുന്നു. ആ സമയത്ത് സിനിമയുടെ ഷൂട്ടിങ് എത്രയും വേഗം പൂർത്തിയാക്കണമെന്ന് അജിത്ത് എന്നോട് പറഞ്ഞു. അല്ലാത്തപക്ഷം താൻ ഈ പെൺകുട്ടിയുമായി പ്രണയത്തിലാകുമെന്ന് ഭയപ്പെടുന്നുവെന്നും ശാലിനിയെ നോക്കി അജിത്ത് പറഞ്ഞു.
ഇത് കേട്ട് ശാലിനി നാണിച്ചു. അപ്പോഴാണ് അവരുടെ പ്രണയം പൂവണിഞ്ഞുവെന്ന് ഞാൻ അറിഞ്ഞത് ശരൺ പറഞ്ഞു. അടുത്തിടെ പ്രശാന്തിനെ കുറിച്ച് അദ്ദേഹത്തിന്റെ പിതാവ് ത്യാഗരാജൻ പറഞ്ഞ വാക്കുകളും വൈറലായിരുന്നു. മകന്‍റെ തകര്‍ന്ന ദാമ്പത്യം സംബന്ധിച്ചാണ് ത്യാഗരാജന്‍ പ്രതികരിച്ചത്. 2005ല്‍ പ്രശാന്ത് വിവാഹം കഴിച്ചിരുന്നു. വീട്ടുകാര്‍ കണ്ടുപിടിച്ച ഗൃഹലക്ഷ്മി എന്ന യുവതിയെയാണ് പ്രശാന്ത് വിവാഹം കഴിച്ചത്.
മൂന്ന് വർഷങ്ങൾക്കുള്ളിൽ ഇരുവരും വേർപിരിഞ്ഞു. ഗൃഹലക്ഷ്മി പ്രശാന്തിനെതിരെ സ്ത്രീധന പീഡന കേസും നല്‍കി. അന്നുണ്ടായ വിവാദങ്ങള്‍ ശരിക്കും പ്രശാന്തിനെ തകര്‍ത്തു. തന്‍റെ മകന്‍ അന്ന് പ്രേമിച്ച് വിവാഹം കഴിച്ചിരുന്നെങ്കില്‍ ഇത്രയും പ്രശ്നം ഉണ്ടാകുമായിരുന്നില്ലെന്നാണ് ത്യാഗരാജന്‍ അടുത്തിടെ പറഞ്ഞത്.


Click it and Unblock the Notifications











