കറുത്ത നിറത്തിന്റെ പേരില്‍ കളിയാക്കിയത് മാത്രമല്ല, അയാളെ തകര്‍ക്കുകയാണ് ലക്ഷ്യം; അറ്റ്‌ലിയെ പറ്റിയുള്ള ചർച്ച
നിറത്തിന്റെ പേരില്‍ എന്നും വിമര്‍ശിക്കപ്പെട്ടിട്ടുള്ള താരങ്ങളില്‍ ഒരാളാണ് സംവിധായകന്‍ അറ്റ്‌ലീ. തമിഴില്‍ നിന്നും ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്ത് ഇന്ന് ബോളിവുഡ് വരെ എത്തിനില്‍ക്കുകയാണ് താരം. ക്രിസ്തുമസ് റിലീസിനോട് അനുബന്ധിച്ച് അറ്റ്‌ലി സംവിധാനം ചെയ്ത ചിത്രം ഹിന്ദിയില്‍ എത്തുകയാണ്.
ഇതിനിടെ അറ്റ്‌ലി ഒരു ചാനല്‍ പരിപാടിയില്‍ നിറത്തിന്റെയും ലുക്കിന്റെയും പേരില്‍ അപമാനിതനായിരുന്നു. ഇതേ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ മന:പൂര്‍വ്വം അദ്ദേഹത്തെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് പറയുകയാണ് നടന്‍ കൂടിയായ അനന്തന്‍. ഒരു യൂട്യൂബ് ചാനലിലൂടെയാണ് താരം വിഷയത്തില്‍ പ്രതികരിച്ചത്.

രാജാ റാണി, തെരി, മെര്‍സല്‍, ബിഗില്‍ എന്നിങ്ങനെ നാല് ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകളൊരുക്കിയ അറ്റ്‌ലി ഷാരൂഖ് ഖാനെ നായകനാക്കി ജവാന്‍ എന്ന ചിത്രം ബോളിവുഡില്‍ സംവിധാനം ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ചിത്രം ബോക്‌സ് ഓഫീസിലും നല്ല കളക്ഷന്‍ നേടി. ഇതിന് പിന്നാലെ വിജയ് ചിത്രം തെരിയുടെ ഹിന്ദി റീമേക്കായി 'ബേബി ജാന്‍' എന്ന സിനിമ ഹിന്ദിയില്‍ നിര്‍മ്മിക്കുകയാണ് അറ്റ്‌ലി. വരുണ്‍ ധവാനും കീര്‍ത്തി സുരേഷുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഡിസംബര്‍ 25 ന് റിലീസിനൊരുങ്ങുന്ന സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കപില്‍ ശര്‍മ്മയുടെ ഷോ യിലും ആറ്റ്‌ലി അടക്കമുള്ള താരങ്ങള്‍ എത്തിയിരുന്നു. ഇന്ത്യയില്‍ ധാരാളം ആരാധകരുള്ള ജനപ്രിയ ഷോയാണിത്. കപില്‍ ശര്‍മ്മയാണ് ഷോയുടെ അവതാരകന്‍. അറ്റ്‌ലി, വരുണ്‍ ധവാന്‍, വാമിക കഭി എന്നിവരടക്കം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
എന്നാല്‍ കപില്‍ ശര്‍മ്മ അറ്റ്‌ലിയോട് ചോദിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്. 'നിങ്ങളുടെ ആദ്യ ചിത്രത്തിന് വേണ്ടി കഥ പറയാന്‍ താരത്തിന്റെ അടുത്ത് പോയപ്പോള്‍ അവര്‍ക്ക് നിങ്ങളെ തിരിച്ചറിയാന്‍ കഴിയാതിരുന്ന സംഭവം ഉണ്ടായിട്ടുണ്ടോ? അറ്റ്‌ലി എവിടെയാണെന്ന് ആരെങ്കിലും ചോദിച്ചിട്ടുണ്ടോ? എന്നായിരുന്നു കപില്‍ ചോദിച്ചത്.

ഇതിന് മറുപടിയായി എ.ആര്‍. മുരുഗദോസ് സാറിനോട് നന്ദി പറയണം. അദ്ദേഹമാണ് എന്റെ ആദ്യ സിനിമ നിര്‍മ്മിച്ചത്. അദ്ദേഹം എന്റെ രൂപം കണ്ടതേയില്ല. അദ്ദേഹം എന്റെ ജോലി മാത്രമേ കണ്ടുള്ളൂ,' എന്നും അറ്റ്‌ലി മറുപടിയായി പറഞ്ഞു. ഇതോടെ കപില്‍ ശര്‍മ്മ സോഷ്യല്‍ മീഡിയയില്‍ അറ്റ്‌ലിയെ പരിഹസിച്ചെന്ന നിലയിലേക്ക് വിമര്‍ശനം ഉയര്‍ന്നു.
എന്നാല്‍ ബോളിവുഡില്‍ അറ്റ്‌ലിക്കെതിരെ ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറയുകയാണ് അനന്തന്‍. ആനന്ദ് അംബാനിയുടെ വിവാഹത്തിന് വന്നതിന് ശേഷം അറ്റ്‌ലി എല്ലായിടത്തും പോകാറുണ്ട്. അദ്ദേഹം കോളിവുഡ് സംവിധായകനാണെന്ന കാര്യം പലരും മറന്ന് അദ്ദേഹത്തെ ഒരു ബോളിവുഡ് സെലിബ്രിറ്റിയായി കാണാനും തുടങ്ങി. എന്നാല്‍ പുറത്തുനിന്നുള്ള ആരെങ്കിലും വന്ന് ബോളിവുഡില്‍ പണം സമ്പാദിച്ചാല്‍ അത് ആരാണെങ്കിലും അവരോട് അസൂയയുണ്ടാകും.
സമാനമായ രീതിയില്‍ അറ്റ്‌ലിക്കെതിരെയും അദ്ദേഹത്തെ തകര്‍ക്കാനുമുള്ള ഗൂഡാലോചനകളും നടക്കുന്നുണ്ട്. എന്നാല്‍ അതെല്ലാം കൈകാര്യം ചെയ്യാനും അതിനെ മറികടക്കാനും അറ്റ്‌ലി പ്രാപ്തനായി എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും,' അനന്തന്‍ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications











