വിവാഹം നടക്കാത്തതിൽ ആശങ്ക തോന്നി; പക്ഷെ ഇപ്പോൾ മറികടന്നു; അവിവാഹിതയായി തുടരുന്നതിനെക്കുറിച്ച് ആൻഡ്രിയ
നായിക നിരയിൽ എന്നും വ്യത്യസ്ത പുലർത്തിയ നടിയാണ് ആൻഡ്രിയ ജെർമിയ. ശ്രദ്ധേയമായ നിരവധി സിനിമകളിൽ അഭിനയിച്ച ആൻഡ്രിയ മികച്ച ഗായികയുമാണ്. ആൻഡ്രിയയുടെ ഹിറ്റ് ഗാനങ്ങൾ ഏറെയാണ്. വടചെന്നെെ, അന്നയും റസൂലും, തരമണി തുടങ്ങിയ സിനിമകളിൽ അവിസ്മരണീയ പ്രകടനം കാഴ്ച വെച്ച ആൻഡ്രിയ സൂപ്പർസ്റ്റാർ സിനിമകളിലെ നായികാ വേഷത്തിനപ്പുറം അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ തെരെഞ്ഞെടുക്കുന്നു. കരിയറിനൊപ്പം ആൻഡ്രിയയുടെ വ്യക്തി ജീവിതവും ഒരു കാലഘട്ടത്തിൽ ചർച്ചയായിരുന്നു.
സംഗീത സംവിധായകൻ അനിരുദ്ധ്, നടൻ ഫഹദ് ഫാസിൽ തുടങ്ങിയവരുമായുള്ള പ്രണയ ബന്ധം സിനിമാ ലോകത്ത് ചർച്ചയായി. പ്രായ വ്യത്യാസമാണ് അനിരുദ്ധും ആൻഡ്രിയയും തമ്മിലുള്ള ബന്ധം ചർച്ചയാകാൻ കാരണമായത്. 22 കാരനായ അനിരുദ്ധുമായി പ്രണയത്തിലാകുമ്പോൾ ആൻഡ്രിയക്ക് പ്രായം 27 ആണ്. ഇവർ ചുംബിക്കുന്ന ഫോട്ടോ ലീക്കായ സംഭവം വിവാദമായി. സിനിമാ മാധ്യമങ്ങൾ വലിയ ചർച്ചയാക്കിയെങ്കിലും ആൻഡ്രിയ ഇതൊന്നും കാര്യമാക്കിയില്ല.

18 മാസം മുമ്പുള്ള ചിത്രമാണത്. അനിരുദ്ധിനോ എനിക്കോ ഇതിൽ നാണക്കേട് തോന്നുന്നില്ല. ഞങ്ങളുടേത് മനോഹരമായ ബന്ധമായിരുന്നു. പക്ഷെ ബന്ധമുപേക്ഷിക്കേണ്ടി വന്നെന്നും ആൻഡ്രിയ തുറന്ന് പറഞ്ഞു. അന്നയും റസൂലും എന്ന സിനിമ ചെയ്യുമ്പോഴാണ് ഫഹദ് ഫാസിലുമായി ആൻഡ്രിയ പ്രണയത്തിലാവുന്നത്. ഈ പ്രണയം അധികകാലം നീണ്ടുനിന്നില്ല.
ആൻഡ്രിയയുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് ഫഹദ് തന്നെയാണ് തുറന്ന് പറയുന്നത്. 38 കാരിയായ ആൻഡ്രിയ ഇപ്പോഴും അവിവാഹിതയായി തുടരുകയാണ്. ഇതേക്കുറിച്ച് അടുത്തിടെ നൽകിയ അഭിമുഖത്തിൽ നടി തുറന്ന് സംസാരിക്കുകയുണ്ടായി. വിവാഹിതയാകാത്തതിന്റെ ആശങ്ക ഒരു ഘട്ടത്തിൽ തനിക്ക് തോന്നിയിട്ടുണ്ടെന്നും എന്നാൽ ഇപ്പോൾ വിവാഹിതയാകാൻ താൽപര്യമില്ലെന്നും ആൻഡ്രിയ വ്യക്തമാക്കി.

ചെറിയ പ്രായത്തിൽ എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട്. മുപ്പത് വയസ് ആകാറായപ്പോൾ കല്യാണം ആയില്ലല്ലോ, ഞാനാരെയും മീറ്റ് ചെയ്യുന്നില്ലല്ലോ എന്ന പ്രഷർ എനിക്കും ഉണ്ടായിരുന്നു. ഇപ്പോൾ അത് താണ്ടി വന്നു. പ്രത്യേകിച്ചും കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ. ഒരുപാട് പേർക്ക് കല്യാണം കഴിഞ്ഞ ശേഷവും സന്തോഷമില്ല. നിരവധി പേർക്ക് കല്യാണം കഴിക്കാതെയും സന്തോഷത്തിൽ ജീവിക്കുകയാണ്. എനിക്ക് ഏത് ജീവിതമാണ് വരികയെന്ന് എനിക്കറിയില്ല. പക്ഷെ എന്തായാലും എന്റെ സന്തോഷത്തിന് ഞാൻ തന്നെ ഉത്തരവാദിത്വം കാണിക്കണം, ആൻഡ്രിയ പറഞ്ഞു.
മുമ്പൊരിക്കൽ തന്നെ വിഷാദരോഗത്തിലെത്തിച്ച പ്രണയ ബന്ധത്തെക്കുറിച്ച് ആൻഡ്രിയ തുറന്ന് സംസാരിച്ചിട്ടുണ്ട്. പങ്കാളി തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചു. ഇത് കടുത്ത വിഷാദത്തിലേക്കെത്തിച്ചു. വിഷമ ഘട്ടത്തെ മറികടക്കാൻ വേണ്ടി സിനിമയിൽ നിന്നും ഇടവേളയെടുത്തു. ആയുർവേദ ഡീടോക്സ് പ്രോഗ്രാമിന് ചേർന്നെന്നും ആൻഡ്രിയ തുറന്ന് പറഞ്ഞു. സിനിമാ രംഗത്ത് ആൻഡ്രിയയിപ്പോൾ സജീവമാണ്.
തമിഴ്നാട്ടിലെ ആംഗ്ലോ ഇന്ത്യൻ കുടുംബത്തിലാണ് ആൻഡ്രിയ ജനിച്ചത്. കരിയറിൽ നായികയായും സഹനായികയായുമെല്ലാം ആൻഡ്രിയ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ അന്നയും റസൂലും, ലണ്ടൻ ബ്രിഡ്ജ്, ലോഹം, തോപ്പിൽ ജോപ്പൻ എന്നീ മൂന്ന് സിനിമകളിലാണ് ആൻഡ്രിയ അഭിനയിച്ചത്. ആയിരത്തിൽ ഒരുവൻ, വിശ്വരൂപം തുടങ്ങി തമിഴകത്ത് വലിയ തോതിൽ ചർച്ചയായ സിനിമകളിൽ ആൻഡ്രിയക്ക് മികച്ച കഥാപാത്രങ്ങളാണ് ലഭിച്ചത്.


Click it and Unblock the Notifications











