എല്ലാം നേടിയിട്ട് ആരാധകരോട് സ്വന്തം പണി നോക്കാൻ പറയുന്നു; 160 കോടി വാങ്ങുന്നത് ആരാധകർ കാരണം: അന്തനൻ
കഴിഞ്ഞ ദിവസം നടൻ അജിത്ത് കുമാർ നടത്തിയ പരാമർശം സിനിമാ ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്. ആരാധകർ തന്നെയോ വിജയെയോ വാഴ്ത്തേണ്ടതില്ലെന്നും സ്വന്തം ജീവിതം ജീവിക്കണമെന്നുമാണ് അജിത്ത് പറഞ്ഞത്. പരാമർശം വലിയ തോതിൽ ശ്രദ്ധ നേടി. തമിഴകത്ത് ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്ന താരമാണ് അജിത്ത്. താരം പറഞ്ഞത് ശരിയാണെന്ന് അഭിപ്രായപ്പെടുന്നവർ ഏറെയാണ്. എന്നാൽ ആരാധകരുടെ സ്നേഹത്തെ അജിത്ത് വിലമതിക്കുന്നില്ലെന്നും അഭിപ്രായമുണ്ട്. സിനിമകളുടെ തിരക്കുകൾ കുറയ്ക്കുന്നതിനിടെയാണ് താരം ഇങ്ങനെ പറഞ്ഞിരിക്കുന്നതും.
ഇപ്പോഴിതാ അജിത്തിനെ വിമർശിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റും മുൻ നിർമാതാവുമായ അന്തനൻ. ആരാധകരെ അജിത്ത് തള്ളിപ്പറഞ്ഞെന്ന് അന്തനൻ വാദിക്കുന്നു. ലക്ഷക്കണക്കിനുള്ള ആരാധകരാണ് അജിത്തിന്റെ ശമ്പളം നിർണയിക്കുന്നത്. ആയിരം പേർക്ക് ഇരിക്കാൻ പറ്റുന്ന തിയറ്ററിൽ 50000 പേർ പുറത്ത് നിൽക്കുന്നുണ്ടെങ്കിൽ അതാണ് വലിയ ഓപ്പണിംഗ്. ഇതുവരെയും അജിത്തിന്റെ ആരാധകർ വലിയ ഓപ്പണിംഗ് താരത്തിന്റെ സിനിമകൾക്ക് നൽകുന്നു.

ഈ ഓപ്പണിംഗ് കാരണമാണ് അജിത്ത് പ്രതിഫലമായി 160 കോടി ചോദിച്ചാലും ലഭിക്കുന്നത്. ഓപ്പണിംഗ് നോക്കിയാണ് ഒടിടി പ്ലാറ്റ്ഫോമുകളും സാറ്റ്ലെെറ്റ് ചാനലുകളും അജിത്തിന്റെ സിനിമകൾ വാങ്ങുന്നത്. പടി പടിയായി അജിത്ത് ഈ ഉയരത്തിൽ നിൽക്കുന്നതിന് കാരണം ആരാധകരാണ്. ഈ ആരാധകരോടാണ് അജിത്ത് വാഴുക എന്ന് പറയരുത്, നിങ്ങൾ നിങ്ങളുടെ പണി നോക്കൂ ആവശ്യപ്പെടുന്നത്.
ആരാധകർ അവനവന്റെ കാര്യം നോക്കിയിരുന്നെങ്കിൽ അജിത്ത് കരിയറിൽ വളരുമോ അതോ തളരുമായിരുന്നോ എന്ന ചോദ്യമുണ്ടെന്നും അന്തനൻ പറയുന്നു. ഏറ്റവും ഉയരത്തിലെത്തി, ഇനി സിനിമ ആവശ്യമില്ല. അപ്പോഴാണ് ഇങ്ങനെ പറയുന്നത്. അജിത്ത് തന്റെ ആരാധകരെ അനാഥരാക്കി വിട്ടത് പോലെ വിജയ് കൈവിട്ടിട്ടില്ല. ഇന്ന് പല ആരാധകരും സ്വന്തം പണം മുടക്കിയാണ് ഓരോ കാര്യങ്ങളും ചെയ്യുന്നത്. പണ്ട് ഒരു നാട്ടിൽ ഒരു തിയറ്ററിലാണ് അവരുടെ താരങ്ങളുടെ സിനിമ റിലീസ് ചെയ്യുക.

ഫാൻസ് ഷോ തിയറ്ററുകാർ നൽകും. കൂട്ടമായി വാങ്ങുന്ന ടിക്കറ്റുകൾ മറിച്ച് വിറ്റ് കിട്ടുന്ന പണം കൊണ്ടാണ് പാലഭിഷേകവും കട്ടൗട്ടുമെല്ലാം ചെയ്തിരുന്നത്. എന്നാൽ ഇന്ന് ഒരുപാട് തിയറ്ററുകളായി. ആർക്കും വലിയ തുക കൊടുത്ത് ടിക്കറ്റ് ഇവരിൽ നിന്നും വാങ്ങേണ്ട ആവശ്യമില്ല. ഇതോടെ സ്വന്തം പണം ചെലവഴിച്ച് ഫാൻസ് അസോസിയേഷനുകൾ താരത്തിന് വേണ്ടി പാലഭിഷേകവും മറ്റ് ആഘോഷങ്ങളും നടത്തി തുടങ്ങിയെന്ന് അന്തനൻ പറയുന്നു.
ഞങ്ങളുടെ തലൈവർ എന്നെങ്കിലും രാഷ്ട്രീയ നേതാവാകുമ്പോൾ ഇതെല്ലാം തിരിച്ച് കിട്ടുമെന്ന് അവർ പ്രതീക്ഷിച്ചു. ഇത്തരത്തിൽ വിജയ്ക്ക് വേണ്ടി ലക്ഷങ്ങൾ ചെലവഴിച്ചിട്ടുണ്ട്. ഇപ്പോൾ വിജയ് രാഷ്ട്രീയത്തിലിറങ്ങിയിരിക്കെ ആരാധകർ സ്ഥാനമാനങ്ങൾക്ക് തർക്കിക്കുന്നുണ്ട്. അതിന് കാരണമിതാണ്. അവരെ കൈവിടരുതെന്ന് വിജയ് ആഗ്രഹിക്കുന്നു. അത് നല്ല കാര്യമാണ്. വിജയുടെ ആരാധകർ അണികളായിരിക്കെയാണ് അജിത്ത് ഇങ്ങനെയൊരു പരാമർശം നടത്തുന്നത്. അത് തെറ്റാണെന്ന് അന്തനൻ പറയുന്നു.


Click it and Unblock the Notifications