ബാക്കി കഥ പറയാതെ നയൻതാരയ്ക്കൊപ്പം ലോകം ചുറ്റി; വിഘ്നേശിനെ ഒഴിവാക്കിയതിന് കാരണം: അന്തനൻ
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ അജിത്ത് ചിത്രം വിടാമുയർച്ചി റിലീസ് ചെയ്തിരിക്കുകയാണ്. പതിവ് അജിത്ത് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ് മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചി. തൃഷ, അർജുൻ സർജ, റജിനി കസാന്ദ്ര തുടങ്ങിയവർ പ്രധാന വേഷം ചെയ്യുന്നു. വിടാമുയർച്ചിയെക്കുറിച്ച് പലർക്കും പല അഭിപ്രായങ്ങളാണ്. ആരാധകരെ തൃപ്തിപെടുത്താൻ വേണ്ടി മാത്രമുള്ള സിനിമയല്ല വിടാമുയർച്ചി. ഇക്കാര്യം തമിഴകത്ത് ഇതിനോടകം ചർച്ചയായിട്ടുണ്ട്. ഇതേക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് അന്തനൻ.
വിടാമുയർച്ചയുടെ കഥ മോശമാണെന്ന് അന്തനൻ പറയുന്നു. അജിത്തിന്റെ ഭാര്യയും കുടുംബവുമെല്ലാം നന്നായിരിക്കണമെന്ന് ആഗ്രഹിക്കുന്ന ലോകമാണിത്. എന്നാൽ ഈ പടത്തിൽ അജിത്തിന്റെ ഭാര്യയുടെ കഥാപാത്രത്തിന് ഒരു അവിഹിത ബന്ധമുണ്ട്. വിവാഹമോചനത്തിന് അവരെയും വിളിച്ച് കൊണ്ട് പോകുന്നു. ഇങ്ങനെയൊരു കഥയാണോ അജിത്തിനെ വെച്ച് ചെയ്യേണ്ടത്. ഇതിനാണോ രണ്ട് വർഷം കാത്തിരുന്നത്.

വിഘ്നേശ് ശിവൻ സംവിധാനം ചെയ്തിരുന്നെങ്കിൽ ഈ സിനിമ ഏറെ നന്നാകുമായിരുന്നെന്ന് എനിക്ക് തോന്നുന്നു. എന്നാൽ വിഘ്നേശ് സിനിമ ചെയ്താൽ ശരിയാവില്ലെന്ന മുൻധാരണയുണ്ട്. നാനും റൗഡി താനിന് ശേഷം കരിയറിൽ വലുതായെന്നും പ്രൂവ് ചെയ്തിട്ടില്ല. എന്നാൽ ഇത്രയും മോശമായ ഒരു സിനിമ വിഘ്നേശ് ചെയ്യുമെന്ന് കരുതുന്നില്ല. ഇതിനേക്കാൾ മെച്ചപ്പെട്ട സിനിമ ചെയ്തേനെ. അന്ന് അജിത്ത് വിഘ്നേശിനെ തെരഞ്ഞെടുക്കാത്തതിന് കാരണമുണ്ട്.
വിഘ്നേശ് ഈ കഥയോട് വലിയ സ്നേഹം കാണിച്ചില്ല. ഇന്റർവെൽ ബ്ലോക്ക് വരെയുള്ള കഥ പറഞ്ഞ് ബാക്കി കഥ പറയാൻ നാളുകളെടുത്തു. നയൻതാരയ്ക്കൊപ്പം ലോകം ചുറ്റാൻ സമയമുണ്ടായിരുന്നു. സിനിമയിലേക്ക് ശ്രദ്ധയുണ്ടായിരുന്നില്ല. അതുകൊണ്ടാണ് വിഘ്നേശിനെ മാറ്റിയത്. മോശം കഥ പറഞ്ഞത് കൊണ്ടല്ല. അതൊരു കാരണമായി പറഞ്ഞിട്ടില്ലെന്നും അന്തനൻ പറയുന്നു.

നേരത്തെ വിഘ്നേശ് ശിവന്റെ സംവിധാനത്തിൽ അജിത്ത് നായകനായെത്തുന്ന സിനിമയായിരുന്നു ലെെക പ്രൊഡക്ഷൻസ് പ്രഖ്യാപിച്ചത്. എന്നാൽ വിഘ്നേശ് സംവിധാന സ്ഥാനത്ത് നിന്ന് മാറി പകരം മഗിഴ് തിരുമേനി എത്തി. വിഘ്നേശിന്റെ കരിയറിൽ വലിയ തിരിച്ചടിയായിരുന്നു ഇത്. അജിത്തിന്റെ സിനിമയിൽ നിന്ന് ഒഴിവാക്കപ്പെട്ട സംവിധായകനെന്ന പേര് വിഘ്നേശിന് വന്നു. കരിയറിൽ അടുത്ത കാലത്തൊന്നും ഹിറ്റുകളില്ലാത്തതിനാൽ സംവിധായകന്റെ മാർക്കറ്റ് കുത്തനെ ഇടിഞ്ഞു. താൻ വർക്കില്ലാതെ വീട്ടിലിരിക്കുകയായിരുന്നെന്ന് കഴിഞ്ഞ വർഷം വിഘ്നേശ് പറഞ്ഞിരുന്നു.
കരിയറിൽ ശക്തമായ തിരിച്ച് വരവിനുള്ള തയ്യാറെടുപ്പിലാണ് വിഘ്നേശ് ശിവൻ. ലൗ ഇൻഷുറൻസ് കമ്പനിയാണ് സംവിധായകന്റെ പുതിയ പ്രൊജക്ട്. നാനും റൗഡി താൻ മാത്രമാണ് വിഘ്നേശിന്റെ കരിയറിലെ സൂപ്പർഹിറ്റ്. ആദ്യ ചിത്രം പോട പോടി പരാജയമായിരുന്നു. കാത്ത് വാക്ക്ല രണ്ട് കാതൽ ആണ് അവസാനം പുറത്തിറങ്ങിയ സിനിമ. വിജയ് സേതുപതി, നയൻതാര, സമാന്ത എന്നിവരാണ് പ്രധാന വേഷം ചെയ്തത്. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. കരിയറിലെ പരാജയങ്ങൾക്കിടെ കടുത്ത സൈബർ ആക്രമണവും വിഘ്നേശ് ശിവന് നേരെ നടക്കുന്നുണ്ട്.


Click it and Unblock the Notifications











