ഹിറ്റ് സിനിമയിലേക്ക് ആദ്യം പരിഗണിച്ചത് അനുഷ്കയെ; പിന്മാറിയത് ഒരാൾ കാരണം?; സംഭവമിങ്ങനെ
നീണ്ട ഇടവേളയ്ക്ക് ശേഷം 'മിസ് ഷെട്ടി മിസ്റ്റർ പോളിഷെട്ടി' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ച് വന്നിരിക്കുകയാണ് അനുഷ്ക ഷെട്ടി. ബാഹുബലിക്ക് ശേഷം പാൻ ഇന്ത്യൻ തലത്തിൽ പ്രശസ്തി വന്നെങ്കിലും ഒന്ന് രണ്ട് സിനിമകൾ ചെയ്ത് അനുഷ്ക ഇടവേളയിലേക്ക് പ്രവേശിച്ചു. നായികമാരുടെ കരിയർ ഗ്രാഫിന് അൽപ്പായുസുള്ള തെന്നിന്ത്യൻ സിനിമാ ലോകത്ത് പക്ഷെ അനുഷ്കയ്ക്ക് എന്നും പ്രമുഖ സ്ഥാനം ലഭിച്ചു. പ്രത്യേകിച്ചും തെലുങ്ക് സിനിമാ ലോകത്ത് അനുഷ്കയ്ക്കുള്ള ആരാധകവൃന്ദം ചെറുതല്ല. അരുന്ധതി, ബാഹുബലി തുടങ്ങിയ സിനിമകളിൽ അനുഷ്കയുടെ കരിയറിൽ ഇന്നും പ്രേക്ഷകർ എടുത്ത് പറയുന്നു.
രാജകീയ വേഷങ്ങളിൽ മറ്റാരേക്കാളും തിളങ്ങുന്ന നടിയാണ് അനുഷ്ക ഷെട്ടി. അരുന്ധതി, ബാഹുബലി, ബാഗ്മതി തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കാം. ബാഹുബലിക്ക് ശേഷം അത് പോലെ ഹിറ്റായ സിനിമ അനുഷ്കയ്ക്ക് ലഭിച്ചിട്ടില്ല. കരിയറിൽ ചില നല്ല അവസരങ്ങൾ അനുഷ്കയ്ക്ക് നഷ്‌ടപ്പെട്ടിട്ടുമുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ഇതിലൊന്നാണ് മണിരത്നം ചിത്രം പൊന്നിയിൻ സെൽവൻ. സിനിമയിലേക്ക് തൃഷയ്ക്ക് മുമ്പ് കുന്ദവി എന്ന കഥാപാത്രത്തിനായി അനുഷ്കയെയാണ് പരിഗണിച്ചതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

അനുഷ്ക ഷെട്ടി സിനിമ നിരസിച്ചെന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ. 4 കോടി രൂപ അനുഷ്ക പ്രതിഫലമായി ആവശ്യപ്പെട്ടെങ്കിലും ഒരു കോടി രൂപ മാത്രമാണ് നടിക്ക് വാഗ്ദാനം ചെയ്ത പ്രതിഫലം. ഇതോടെയാണ് താരം പിൻവാങ്ങിയതെന്നും റിപ്പോർട്ടുകൾ വന്നു. മീ ടൂ ആരോപണം നേരിട്ട വാരിമുത്തു എന്ന ഗാനരചതിയാവിനെ പൊന്നിയിൻ സെൽവനിലെ ഗാനങ്ങൾക്കായി ആദ്യം പരിഗണിച്ചിരുന്നു. ഇതും നടി പിന്മാറാനുള്ള കാരണമാണെന്നും അന്ന് റിപ്പോർട്ടുകൾ വന്നു. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ഇല്ല.
കുന്ദവിയായെത്തിയ തൃഷ അവിസ്മരണീയ പ്രകടനമാണ് കാഴ്ച വെച്ചത്. കുന്ദവിക്ക് പകരം നന്ദിനി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനാണ് തൃഷ ആദ്യം ആഗ്രഹിച്ചത്. നന്ദിനിയായി ഐശ്വര്യ റായിയെ ആദ്യം തീരുമാനിച്ചതാണെന്നും മറ്റാർക്കും ആ കഥാപാത്രം ചെയ്യാൻ പറ്റില്ലെന്നുമാണ് മണിരത്നം അന്ന് തൃഷയോട് വ്യക്തമാക്കിയത്. അനുഷ്കയ്ക്ക് പുറമെ കീർത്തി സുരേഷ്, മഹേഷ് ബാബു, അമല പോൾ, വിജയ് തുടങ്ങിയ താരങ്ങളെയും പൊന്നിയിൻ സെൽവനിലേക്ക് ആദ്യം പരിഗണിച്ചിരുന്നു.

രണ്ട് ഭാഗങ്ങളായാണ് പൊന്നിയിൻ സെൽവൻ റിലീസ് ചെയ്തത്. ഐശ്വര്യ റായ്, വിക്രം, ജയം രവി, കാർത്തി, തൃഷ, പാർത്ഥിപൻ, ശരത്കുമാർ, ഐശ്വര്യ ലക്ഷ്മി, ശോഭിത ധുലിപാല തുടങ്ങി വൻ താരനിര സിനിമയിൽ അണിനിരന്നു. തമിഴ്നാട്ടിൽ വൻ ജനപ്രീതി നേടിയ നോവലാണ് പൊന്നിയിൻ സെൽവൻ. ചോഴ രാജവംശത്തിന്റെ കഥ പറയുന്ന നോവൽ ഒരു കഥ എന്നതിനപ്പുറം തമിഴ് ജനത ഐതിഹ്യം പോലെയാണ് കാണുന്നത്.
പൊന്നിയിൻ സെൽവൻ സിനിമയാക്കണമെന്ന് നേരത്തെ പലരും ആഗ്രഹിച്ചതാണ്. മണിരത്നത്തിനാണ് ഈ സ്വപ്നം സാക്ഷാത്കരിക്കാനായത്. സിനിമയുടെ രണ്ട് ഭാഗങ്ങളും മികച്ച വിജയം നേടി. അതേസമയം നോവലിനോട് നീതിപുലർത്തിയില്ല എന്ന ആരോപണം പൊന്നിയിൻ സെൽവന് നേരിടേണ്ടി വന്നു.


Click it and Unblock the Notifications