അപര്‍ണ ബൊമ്മിയായി മാറിയത് ഇങ്ങനെ, വൈറലായി സുരരൈ പോട്രു വീഡിയോ
സുരറൈ പോട്രിന്റെ വിജയത്തിലൂടെ തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന നായികയാണ് അപര്‍ണ ബാലമുരളി. നടിപ്പിന്‍ നായകന്‍ സൂര്യ നായകനായ സിനിമയില്‍ മികച്ച പ്രകടനമാണ് നടി കാഴ്ചവെച്ചത്. സുധ കൊങ്കാര സംവിധാനം ചെയ്ത ചിത്രത്തില്‍ സുന്ദരി ബൊമ്മി നെടുമാരന്‍ എന്ന കഥാപാത്രത്തെയാണ് അപര്‍ണ അവതരിപ്പിക്കുന്നത്. ദീപാവലി റിലീസായി എത്തിയ സുരറൈ പോട്രു ആദ്യ ദിനം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ആമസോണ്‍ പ്രൈം വഴി പ്രേക്ഷകരിലേക്ക് എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചത്.
Recommended Video

തമിഴില്‍ എട്ട് തോട്ടെെകള്‍, സര്‍വ്വം താളമയം തുടങ്ങിയ സിനിമകള്‍ക്ക് ശേഷമാണ് അപര്‍ണ ബാലമുരളി സുരറൈ പോട്രില്‍ അഭിനയിച്ചത്. അതേസമയം ബൊമ്മിയാകാന്‍ അപര്‍ണ എടുത്ത കഷ്ടപ്പാടും കഠിനാദ്ധ്വാനവും കാണിക്കുന്ന ഒരു വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മധുരൈ ഭാഷയിലാണ് ചിത്രത്തില്‍ നടിയുടെ കഥാപാത്രം സംസാരിക്കുന്നത്. ഇതിനായി മാസങ്ങളോളം നടി ഭാഷ പഠിക്കാനായി സമയം കണ്ടെത്തിയിരുന്നു.
മധുരൈ ഭാഷ പഠിക്കാന്‍ പ്രത്യേക പരിശീലകയും അപര്‍ണയ്ക്ക് ഉണ്ടായിരുന്നു. മാസങ്ങളോളം നീണ്ടുനിന്ന പരിശീലനത്തിനും ക്ലാസുകള്‍ക്കും ശേഷമാണ് അപര്‍ണയും മറ്റ് അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിച്ചത്. ഏയര്‍ഡെക്കാന്‍ സ്ഥാപകന്‍ ജിആര്‍ ഗോപിനാഥിന്റെ ജീവിതകഥ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് സുരറൈ പോട്രു. അപര്‍ണയെ പോലെ തന്നെ സൂര്യയും ചിത്രത്തിലെ കഥാപാത്രത്തിനായി വലിയ തയ്യാറെടുപ്പുകളാണ് നടത്തിയത്. സൂര്യയുടെ ശക്തമാര്‍ന്ന തിരിച്ചുവരവാണ് സുരറൈ പോട്രിലൂടെ കണ്ടതെന്ന് മിക്ക പ്രേക്ഷകരും അഭിപ്രായപ്പെട്ടിരുന്നു.
നടി ഉര്‍വ്വശിയും ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. ജിവി പ്രകാശ് കുമാര്‍ ഒരുക്കിയ പാട്ടുകളും സുരറൈ പോട്രിന്റെതായി ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളി ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണനും ചിത്രത്തില്‍ ഒരു ഗാനം ആലപിച്ചിരുന്നു. ഇരുതി സുട്രിന് ശേഷം സുധ കൊങ്കാരയുടെതായി പുറത്തിറങ്ങിയ പ്രധാന റിലീസുകളില്‍ ഒന്നുകൂടിയാണ് സുരറൈ പോട്രു. ബോളിവുഡ് താരം പരേഷ് റാവല്‍, മോഹന്‍ ബാബു, കരുണാസ്, വിവേക് പ്രസന്ന, കൃഷ്ണകുമാര്‍, കാളി വെങ്കിട തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്. സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റും സിഖ്യ എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് സുരറൈ പോട്രു നിര്‍മ്മിച്ചത്.


Click it and Unblock the Notifications