അനിയൻ വന്നതേ കല്യാണം കഴിക്കണമെന്ന് പറഞ്ഞ്, അച്ഛൻ മരിക്കുന്നത് വരെ എടിഎമ്മിൽ പോലും പോയിരുന്നില്ല; അഥർവ
തമിഴ് സിനിമാ ലോകത്തെ യുവ നടൻമാരിൽ ഒരാളാണ് നടൻ അഥർവ. നിരവധി ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞ അഥർവ അന്തരിച്ച തമിഴ് നടൻ മുരളിയുടെ മകനാണ്. കരിയറിൽ വിജയ പരാജയങ്ങൾ അഥർവയ്ക്ക് ഒരുപോലെ വന്നിട്ടുണ്ട്. ഇടയ്ക്ക് ഇടവേളകളും വന്നു. 2010 ലാണ് അഥർവയുടെ പിതാവ് മുരളി ഹൃദയാഘാതം വന്ന് മരിക്കുന്നത്. 46 വയസായിരുന്നു നടനന്ന്. പിതാവിന്റെ മരണത്തെക്കുറിച്ചും പിന്നീടുള്ള തന്റെ ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് അഥർവയിപ്പോൾ. മദൻ ഗൗരിയുമായുള്ള അഭിമുഖത്തിലാണ് നടൻ മനസ് തുറന്നത്.
എന്തെങ്കിലും തെറ്റ് ചെയ്താൽ അടി കിട്ടും. അതല്ലാതെ അദ്ദേഹം പെർഫെക്ട് ആയ പിതാവായിരുന്നു. അവസാന കാലത്ത് അദ്ദേഹം ഞങ്ങളുമായി ഫ്രണ്ട്ലിയായിരുന്നു. പക്ഷെ അത് ഒരു വർഷം മാത്രമേയുണ്ടായിരുന്നുള്ളൂ. അപ്പോഴേക്കും അച്ഛൻ മരിച്ചെന്നും അഥർവ പറയുന്നു. അച്ഛൻ മരിക്കുമ്പോൾ എനിക്ക് 19 വയസാണ്. വീട്ടിൽ അച്ഛൻ മാത്രമായിരുന്നു തീരുമാനം എടുത്തിരുന്നത്.

അമ്മയും സ്ട്രോങായ വ്യക്തിത്വമുള്ളയാളാണ്. അവർ രണ്ട് പേരുമെടുക്കുന്ന തീരുമാനം ഞങ്ങൾ ഫോളോ ചെയ്യും. അച്ഛൻ മരിക്കുന്ന കാലത്ത് ഞങ്ങൾക്ക് എടിഎമ്മിൽ പോയി പണം എടുക്കാൻ പോലും അറിയില്ല. എല്ലാം അച്ഛനാണ് നോക്കിയിരുന്നത്. ഞങ്ങൾക്ക് പോക്കറ്റ് മണി തരുന്ന പതിവില്ല. അദ്ദേഹം ഇല്ലാതായതോടെ ഞങ്ങളുടെ ലോകം തകർന്നത് പോലെയായി.
അച്ഛൻ മരിച്ചപ്പോൾ എല്ലാവരും കാണാൻ വന്നു. പോകുമ്പോൾ എനിക്കാണ് കൈ തന്നത്. ഞാനാണ് ഇനി ഉത്തരവാദിത്വമുള്ളയാൾ. അതുകൊണ്ട് തനിക്ക് മനക്കരുത്ത് കാണിക്കേണ്ടി വന്നെന്ന് അഥർവ പറയുന്നു. ചേച്ചിയും ഞാനും അനിയനുമുണ്ട്. ആ ചെറിയ പ്രായത്തിലെ കുടുംബത്തിന്റെ കാര്യങ്ങൾ താൻ ശ്രദ്ധിച്ച് തുടങ്ങിയെന്ന് അഥർവ പറയുന്നു. അച്ഛൻ അസുഖം വന്ന് കിടപ്പിലായി മരിച്ചതല്ല. പെട്ടെന്നായിരുന്നു മരണം.

അഞ്ച് മണി വരെ ഉണർന്നിരിക്കുകയാണ് ഞാൻ. അച്ഛൻ മൂന്ന് മണിക്കാണ് മരിച്ചത്. പക്ഷെ തൊട്ടപ്പുറത്തെ മുറിയിലുള്ള ഞാൻ അറിഞ്ഞില്ല. അതിന് രണ്ട് മൂന്ന് ദിവസം മുമ്പാണ് ചേച്ചിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം വീട്ടിലുണ്ടായിരുന്നു. അത് കൊണ്ടാണ് ഉറങ്ങാൻ വൈകിയതെന്നും അഥർവ പറഞ്ഞു.
താൻ വിവാഹം ചെയ്യാത്തതിനെക്കുറിച്ചും അഥർവ സംസാരിച്ചു. അനിയന്റെ ബോർഡ് എക്സാം നടക്കുമ്പോഴാണ് ചേച്ചിയുടെ കല്യാണം. അച്ഛൻ മരിച്ച് ഒരു വർഷത്തിനുള്ളിലായിരുന്നു കല്യാണം. അനിയനെ അന്ന് ആർക്കും ശ്രദ്ധിക്കാൻ പറ്റിയില്ല. 90 ശതമാനം മാർക്ക് നേടിയാൽ ഞാൻ പറയുന്ന രാജ്യത്ത് പോയി പഠിക്കാൻ സമ്മതിക്കണം എന്ന് അവൻ പറഞ്ഞു. റിസൽട്ട് വന്നപ്പോൾ 92 ശതമാനം മാർക്കുണ്ട്.
അവൻ വിദേശത്തേക്ക് പോയി. മൂന്ന് നാല് വർഷം കഴിഞ്ഞ് അവൻ തിരിച്ച് വന്ന് അമ്മയെ നോക്കും, ഞാൻ സെറ്റിൽഡ് ആകുന്നതിനെക്കുറിച്ച് ആലോചിക്കും എന്നായിരുന്നു പ്ലാൻ. അവൻ വന്നപ്പോഴേ പറഞ്ഞത് കല്യാണം കഴിക്കണം എന്നാണ്. അവന്റെ പ്രണയ വിവാഹം നടന്നു. താനപ്പോൾ സ്വന്തം ജീവിതത്തിലെ പ്ലാനുകൾ മാറ്റി വെച്ചെന്നും അഥർവ ചിരിയോടെ പറഞ്ഞു.


Click it and Unblock the Notifications











