'തുടർച്ചയായി സിമ്പു ആ തെറ്റ് ആവർത്തിച്ചു, സംവിധായകൻ ദേഷ്യപ്പെട്ടപ്പോൾ മര്യാദയായി'; ബയിൽവാൻ രംഗനാഥൻ!
സകലകലാവല്ലഭന്മാർ നിരവധിയുള്ള ഇന്റസ്ട്രിയാണ് തമിഴ് സിനിമ. സംവിധാനം, അഭിനയം, പാട്ട് എഴുത്ത്, ആലാപനം, ഡാൻസ് തുടങ്ങി വിവിധ മേഖലകളിൽ ഒരേ സമയം തിളങ്ങി നിൽക്കുന്ന നിരവധി താരങ്ങളുണ്ട്. അതിലൊരാളാണ് സിമ്പുവെന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന യങ് സൂപ്പർസ്റ്റാർ സിലംബരസൻ. ഒമ്പത് മാസം പ്രായമുള്ളപ്പോൾ മുതൽ അഭിനയിച്ച് തുടങ്ങിയതാണ് സിമ്പു. കൈക്കുഞ്ഞായിരുന്നപ്പോൾ മുതൽ ഇൻകം ടാക്സ് അസസിയാണ് താനെന്ന് സിമ്പു തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.
നാൽപ്പത് വർഷത്തെ സിമ്പുവിന്റെ സിനിമാ ജീവിതം ചലച്ചിത്രമാക്കിയാൽ ത്രില്ലറുകൾക്ക് മുകളിൽ നിൽക്കുന്ന ഒന്നായിരിക്കും അത്. അത്രത്തോളം സർപ്രൈസും ട്വിസ്റ്റും പ്രണയവും വിവാദവും സിമ്പുവിന്റെ യഥാർഥ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.
ഒരു കാലത്ത് തൊട്ടതെല്ലാം പൊന്നാക്കിയ നടൻ കൂടിയാണ് സിമ്പു. പിന്നീട് സിനിമാ മേഖലയിൽ നിന്ന് വർഷങ്ങളോളം താരത്തെ കാണാതായി. വല്ലപ്പോഴും മൾട്ടിസ്റ്റാർ ചിത്രങ്ങളിൽ വളരെ ചെറിയ സീനുകളിൽ പ്രത്യക്ഷപ്പെടും അത്രമാത്രം. സിമ്പുവിന്റെ സിനിമാ ജീവിതം അവസാനിച്ചുവെന്നാണ് അന്ന് ശത്രുക്കൾ പോലും കരുതിയിരുന്നത്.

നായകനായി ഒരു കാലത്ത് വിലസിയിരുന്ന സിമ്പു ശരീര ഭാരം ക്രമാതീതമായി വർധിച്ച് അഭിനയിക്കാൻ പോകാതെ വീടിനുള്ളിൽ തന്നെ ഇരിപ്പായിരുന്നു. 2020 ലോക്ക്ഡൗൺ കാലത്താണ് അടിമുടി മാറി പൂർവ്വാധികം ശക്തിയോടെ താരം സിനിമയിൽ തിരിച്ചുവന്നത്. അഭിനയത്തിലേക്ക് തിരികെ വരുന്നതിന് മുന്നോടിയായി സിമ്പു ശരീരഭാരം കുറച്ച് പഴയ യങ് ഹീറോയായി.
തന്നെ പരിഹസിച്ച് തള്ളിയവർക്കുള്ള മറുപടിയായി തുടരെ തുടരെ മാനാട്, പത്ത് തല പോലുള്ള സിനിമകളിലൂടെ ബ്ലോക്ക് ബസ്റ്ററുകൾ കൊടുത്തുകൊണ്ടിരുന്നു. ഇപ്പോൾ നിരന്തരം സിനിമകൾ ചെയ്ത് തന്റെ പാഴായി പോയ വർഷങ്ങൾ തിരിച്ച് പിടിക്കാനുള്ള കഠിന പരിശ്രമത്തിലാണ് താരം.
മുമ്പ് സിമ്പുവിനെ കുറിച്ച് നിരന്തരമായി കേട്ടിരുന്ന ഒരു പരാതിയായിരുന്നു ഷൂട്ടിങിന് സമയത്ത് വരില്ലെന്നത്. പലപ്പോഴും എല്ലാം ഒരുക്കിവെച്ച് യൂണിറ്റ് മുഴുൻ സിമ്പുവിന് വേണ്ടി കാത്തിരിക്കും. കോവിൽ സിനിമയുടെ ഷൂട്ട് നടക്കുന്ന സമയത്തും സമാനമായ സംഭവം ഉണ്ടായിരുന്നു. അന്ന് ചിത്രത്തിന്റെ സംവിധായകൻ സിമ്പുവിനെ കൃത്യസമയത്ത് സെറ്റിലെത്തിക്കാൻ ചെയ്ത പ്രവൃത്തിയെ കുറിച്ച് സിനിമാ നിരൂപകനും നടനുമായ ബയിൽവാൻ രംഗനാഥൻ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.
'സിമ്പു നായകനായി സിനിമ ചെയ്ത് തുടങ്ങിയ സമയത്ത് സമയം പാലിച്ച് ഷൂട്ടിങിന് എത്താറില്ലായിരുന്നു. അന്ന് ചിത്രത്തിന്റെ സംവിധായകൻ ഹരി ഹിറ്റ് സിനിമകൾ നിരവധി ചെയ്ത് നിൽക്കുന്ന സമയമാണ്.'

'കോവിൽ സിനിമയിലേക്ക് നായകനായി സിമ്പുവിനെ കാസ്റ്റ് ചെയ്ത് കോൾ ഷീറ്റ് കൊടുത്തപ്പോൾ തന്നെ കൃത്യസമയത്ത് വന്ന് ഷൂട്ടിങുമായി സഹകരിക്കണമെന്ന് ഹരി പറഞ്ഞിരുന്നു. അന്ന് അതെല്ലാം തലയാട്ടി സിമ്പു സമ്മതിച്ചു. ചിത്രത്തിൽ നായിക സോണിയ അഗർവാളായിരുന്നു. ഷൂട്ടിങ് തുടങ്ങി മൂന്ന് ദിവസവും സിമ്പു വൈകിയാണ് സെറ്റിലെത്തിയത്.'
'നാലാം ദിവസവും സിമ്പു ഇത് ആവർത്തിച്ചു. നടന്റെ പ്രവൃത്തിയിൽ രോഷാകുലനായ ഹരി അടുത്ത് നിന്ന അസിസ്റ്റന്റ് ഡയറക്ടറിനെ സിമ്പുവും സെറ്റിലുള്ള മറ്റുള്ളവരും കേൾക്കുന്ന തരത്തിൽ വഴക്ക് പറഞ്ഞു. കാശ് വാങ്ങുന്നതല്ലേ... കൃത്യസമയത്ത് വന്ന് പണിയെടുക്കണമെന്നടക്കം ഹരി ഉച്ചത്തിൽ ദേഷ്യപ്പെട്ട് പറഞ്ഞു.'
'ഇത് കേട്ട് ഭയന്ന സിമ്പു ഉടൻ തന്നെ റെഡിയായി ഷോട്ടിന് എത്തി', എന്നാണ് ബയിൽവാൻ രംഗനാഥൻ പറയുന്നത്. ഒരു കാലഘട്ടത്തിൽ താൻ ഷൂട്ടിങിന് സമയത്ത് പോകാതിരുന്നിട്ടുണ്ടെന്നും എന്നാൽ ഇന്ന് താൻ ഒരുപാട് മാറിയെന്നും സംവിധായകന്റെ നടനായിട്ടാണ് പെരുമാറാറുള്ളതെന്നും സിമ്പു തന്നെ മുമ്പ് അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.


Click it and Unblock the Notifications