'സിത്താര ഭക്തി മാർഗത്തിലാണ്, ഗ്ലാമറസ് വേഷങ്ങൾ ചെയ്യാത്തതിനാൽ അവസരം കുറഞ്ഞു'; ബയിൽവാൻ രംഗനാഥൻ പറയുന്നു!
ഒരു കാലത്ത് മലയാള സിനിമയിൽ ശാലീന സുന്ദരിയായി നിറഞ്ഞ് നിന്ന താരമാണ് സിത്താര. ചാണക്യൻ, നാടുവാഴികൾ, മഴവിൽക്കാവടി, വചനം, ഗുരു, ചമയം, തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെയാണ് സിത്താര ശ്രദ്ധിക്കപ്പെട്ടത്.
ഈ സിനിമകളിലെല്ലാം ഗംഭീര പ്രകടനമായിരുന്നു നടി കാഴ്ച വെച്ചത്. മലയാളത്തിൽ നായികയായും സഹനടിയുമായും നിരവധി ചിത്രങ്ങളിൽ സിത്താര തിളങ്ങിയപ്പോൾ തെലുങ്കിൽ നിന്നും തമിഴിൽ നിന്നുമൊക്കെ നടിയെ തേടി അവസരങ്ങളെത്തി.
തമിഴിലും തെലുങ്കിലും കന്നടത്തിലും തിളങ്ങിയിരുന്ന താരത്തിന് നിരവധി ആരാധകരാണ് ഉണ്ടായിരുന്നത്. തമിഴിൽ നായികയായി തിളങ്ങി നിന്നിരുന്ന കാലത്ത് ഗ്ലാമർ വേഷങ്ങൾ ചെയ്യാത്ത ഒരേയൊരു നടിയും സിത്താര മാത്രമായിരിക്കും. ഗ്ലാമർ പൂർണമായും ഒഴിവാക്കി എന്നതാണ് സിത്താരയ്ക്ക് കുടുംബപ്രേക്ഷകരെ ആരാധകരായി ലഭിക്കാനും കാരണം. തിരുവനന്തപുരത്താണ് സിത്താര ജനിച്ചത്.

സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം 1986ലാണ് സിത്താര ആദ്യ സിനിമ ചെയ്യുന്നത്. കാവേരി എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. അതിനുശേഷം 30 വർഷത്തോളം സിത്താര തമിഴ് സിനിമയിൽ നിരവധി നല്ല വേഷങ്ങൾ ചെയ്തു. പുതുപുത്തൻ അർത്ഥങ്ങൾ, പുതുപുതു രാഗങ്ങൾ, പുതു വസന്തം തുടങ്ങിയ സിനിമകളാണ് സിത്താരയെ തമിഴിൽ ശ്രദ്ധേയയാക്കിയത്.
ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ വിസമ്മതിച്ചശേഷം കുറച്ച് വർഷങ്ങൾ മാത്രമെ പിന്നീട് സിത്താര നായികയായി അഭിനയിച്ചിട്ടുള്ളു. പടയപ്പ എന്ന സിനിമയിൽ സൂപ്പർസ്റ്റാർ രജിനികാന്തിന്റെ അനുജത്തിയുടെ വേഷമാണ് സിത്താര അവതരിപ്പിച്ചത്.
തുടർന്നങ്ങോട്ട് ഒട്ടനവധി സിനിമകളിൽ സഹോദരിയായും അമ്മയായും വേഷമിട്ട സിത്താര വിവാഹം കഴിക്കാതെ ഒറ്റയ്ക്കാണ് ജീവിക്കുന്നത്. ഇപ്പോഴിതാ സിത്താരയെ കുറിച്ച് നടനും സിനിമാ നിരൂപകനുമായ ബയിൽവാൻ രംഗനാഥൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. നടി എന്തുകൊണ്ടാണ് സിനിമയിൽ നിന്നും വിട്ടുനിൽക്കുന്നത് എന്നതാണ് ബയിൽവാൻ രംഗനാഥൻ വെളിപ്പെടുത്തിയിരിക്കുന്നത്.
'ആദ്യ നാളുകളിൽ ഗ്ലാമറസായി അഭിനയിക്കാൻ സിത്താര വിസമ്മതിച്ചു. അതിനാൽ പിന്നീട് നടിക്ക് വലിയ അവസരങ്ങൾ അഭിനയിക്കാൻ ലഭിച്ചില്ല. മാത്രമല്ല താരമിപ്പോൾ ഭക്തമാർഗത്തിലാണ്. അതിനാൽ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണെന്നുമാണ്', ബയിൽവാൻ രംഗനാഥൻ വെളിപ്പെടുത്തിയത്.

സിത്താര അവിവാഹിതയായി തുടരുന്നതിന് പിന്നിലെ കാരണത്തെ കുറിച്ചും ബയിൽവാൻ രംഗനാഥൻ വാചാലനായി. കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് സിത്താരയ്ക്ക് ഒരു പ്രണയമുണ്ടായിരുന്നു. പക്ഷെ പ്രണയം വിജയിച്ചില്ല. അതിനുശേഷം വിവാഹം കഴിക്കാൻ നടി ആഗ്രഹിച്ചില്ലെന്നും ബയിൽവാൻ രംഗനാഥൻ കൂട്ടിച്ചേർത്തു.
ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ ശബരിമല ദർശനം നടത്തിയ സിത്താരയുടെ ചിത്രങ്ങൾ വൈറലായിരുന്നു. കർക്കിടകമാസ പൂജക്കായി നട തുറന്ന ശേഷമാണ് കുടുംബാംഗങ്ങൾക്ക് ഒപ്പം സിത്താര അയ്യപ്പ ദർശനം നടത്തിയത്. ദീപാരാധന തൊഴുത താരം സന്നിധാനത്ത് വഴിപാടുകളും നടത്തി. പടിപൂജ തൊഴുത് സന്നിധാനത്ത് തങ്ങിയ ശേഷം രാവിലെ കലശാഭിഷേക ചടങ്ങുകളിൽ അടക്കം പങ്കെടുത്ത ശേഷമാണ് താരം മടങ്ങിയത്.
സിത്താര അവിവാഹിതയായി തുടരുന്നതിനെ കുറിച്ച് പലവിധ കഥകൾ പ്രചരിക്കുമ്പോൾ താരം തന്നെ ഒരിക്കൽ പ്രതികരിച്ച് എത്തിയിരുന്നു. ചെറുപ്രായത്തിൽ തന്നെ വിവാഹിത ആവുന്നതിൽ തനിക്ക് ഒട്ടും താത്പര്യം ഇല്ലായിരുന്നു എന്നാണ് നടി പറഞ്ഞ മറുപടി. ആ തീരുമാനത്തിൽ തന്നെ ഞാൻ ഉറച്ച് നിന്നിരുന്നുവെന്നും അച്ഛനുമായി താൻ അടുത്ത ബന്ധമാണ് പുലർത്തിയിരുന്നതെന്നും.
അപ്രതീക്ഷിതമായുണ്ടായ അച്ഛൻ്റെ വിയോഗത്തിന് ശേഷം തനിക്ക് വിവാഹത്തിനൊന്നും താത്പര്യമുണ്ടായിരുന്നില്ലെന്നാണ് താരം പറഞ്ഞത്. സിനിമകളിൽ മാത്രമല്ല മലയാളത്തിലും തമിഴിലുമായി നിരവധി സീരിയലുകളിലും സിത്താര അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











