ചന്ദ്രമുഖിയിൽ സൗന്ദര്യയുടെ സാന്നിധ്യമുണ്ട്; അവർ ജീവിച്ചിരുന്നെങ്കിൽ...; രഹസ്യം തുറന്ന് പറഞ്ഞ് സംവിധായകൻ
മലയാളത്തിലെ ക്ലാസിക് സിനിമയായി അറിയപ്പെടുന്ന മണിച്ചിത്രത്താഴ് പല ഭാഷകളിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്. റീമേക്ക് ചെയ്ത ഭാഷകളില്ലെല്ലാം സിനിമ വൻ ഹിറ്റായി. ഹിന്ദിയിൽ ഭൂൽ ഭുലയ്യ എന്ന പേരിലാണ് സിനിമ റീമേക്ക് ചെയ്തത്. വിദ്യ ബാലൻ, അക്ഷയ് കുമാർ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ സിനിമ വൻ ഹിറ്റായി. തമിഴിൽ ചന്ദ്രമുഖി എന്ന പേരിൽ മണിച്ചിത്രത്താഴ് റീമേക്ക് ചെയ്തു. 2005 ൽ പുറത്തിറങ്ങിയ സിനിമ ബ്ലോക്ബസ്റ്ററായി.
രജിനികാന്ത്, ജ്യോതിക, പ്രഭു, നയൻതാര തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തിയ ചന്ദ്രമുഖി ഇന്നും പ്രേക്ഷക മനസിൽ നിലനിൽക്കുന്നു. പി വാസുവാണ് ചിത്രം സംവിധാനം ചെയ്തത്. 2004 ൽ കന്നഡയിൽ ആപ്തമിത്ര എന്ന പേരിൽ റീമേക്ക് ചെയ്ത ശേഷമാണ് തമിഴ് ചിത്രവും ഇദ്ദേഹം ഒരുക്കിയത്. സൗന്ദര്യയാണ് കന്നഡ റീമേക്കിൽ നായികയായെത്തിയത്.

ചന്ദ്രമുഖിയുടെ രണ്ടാം ഭാഗവുമായി വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ് പി വാസു. കങ്കണ റണൗത്ത് ആണ് നായികയായെത്തുന്നത്. രാഘവ ലോറൻസും പ്രധാന വേഷത്തിലെത്തുന്നു. സിനിമയെക്കുറിച്ച് സംസാരിക്കവെ സൗന്ദര്യയെക്കുറിച്ച് പി വാസു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ചന്ദ്രമുഖി ഒന്നാം ഭാഗം ചെയ്യുമ്പോൾ സൗന്ദര്യ ഇല്ലാത്തതിന്റെ വിഷമം ഉണ്ടായിരുന്നെന്ന് പി വാസു വ്യക്തമാക്കി. ആപ്തമിത്രയിൽ അസാമാന്യ പ്രകടനമാണ് സൗന്ദര്യ കാഴ്ച വെച്ചത്. ജീവിച്ചിരുന്നെങ്കിൽ ചന്ദ്രമുഖിയിലും സൗന്ദര്യ തന്നെ അഭിനയിച്ചേനെയന്നും പി വാസു തുറന്ന് പറഞ്ഞു. ചന്ദ്രമുഖിയിൽ കാണിച്ചിരിക്കുന്ന നർത്തകിയുടെ പെയ്ന്റിംഗ് സൗന്ദര്യയെ മനസിൽ കണ്ട് വരച്ചതാണെന്നും പി വാസു വ്യക്തമാക്കി. ചന്ദ്രമുഖി 2 വിൽ കങ്കണ മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്നും പി വാസു പറഞ്ഞു. റെഡ്നൂൽ ചാനലിനോടാണ് പ്രതികരണം.

കന്നഡ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രമാണ് ആപ്തമിത്ര. പക്ഷെ ആ ആഘോഷങ്ങൾ കാണാൻ സൗന്ദര്യ ഉണ്ടായിരുന്നില്ല. ആപ്തമിത്ര റിലീസ് ചെയ്യുന്നതിന് മാസങ്ങൾക്ക് മുമ്പാണ് സൗന്ദര്യ മരിച്ചത്. 2004 ൽ ആഗസ്റ്റ് മാസത്തിലാണ് ആപ്തമിക്ര റിലീസ് ചെയ്തത്. ആ വർഷം ഏപ്രിൽ മാസത്തിൽ സൗന്ദര്യ ലോകത്തോട് വിടപറഞ്ഞിട്ടുണ്ട്. ഹെലികോപ്ടർ അപകടത്തിലാണ് സൗന്ദര്യ മരിച്ചത്.
വർഷങ്ങൾക്കിപ്പുറവും സൗന്ദര്യയെ സിനിമാ ലോകം ഓർക്കുന്നു. തെലുങ്ക് സിനിമാ ലോകത്താണ് സൗന്ദര്യ കൂടുതൽ തിളങ്ങിയത്. സാവിത്രിക്ക് ശേഷം തെലുങ്ക് സിനിമാ ലോകം ഏറ്റവും ആരാധനയോടെ കണ്ട നടി സൗന്ദര്യയാണ്. ശോഭന, സൗന്ദര്യ, ജ്യോതിക, വിദ്യ ബാലൻ എന്നിവർ അവിസ്മരണീയമാക്കിയ കഥാപാത്രമായി ഇനി പ്രേക്ഷകർക്ക് മുന്നിലെത്താൻ പോകുന്നത് കങ്കണ റണൗത്താണ്.
മികച്ച നടിയെന്ന ഖ്യാതിയുളള കങ്കണ ചന്ദ്രമുഖി 2 വിൽ എത്തുമ്പോൾ പ്രേക്ഷകർക്ക് ആകാംക്ഷയേറെയാണ്. അതേസമയം ക്ലാസിക്കൽ ഡാൻസ്, തമിഴ് ഭാഷ എന്നിവ വശമില്ലാത്ത കങ്കണ എങ്ങനെ ഈ കഥാപാത്രം അവതരിപ്പിക്കും എന്ന ചോദ്യവുമുണ്ട്. താൻ അങ്ങോട്ട് ചോദിച്ച് വാങ്ങിയ റോൾ ആണിതെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ കങ്കണ തുറന്ന് പറഞ്ഞിട്ടുണ്ട്.
ക്ലാസിക്കൽ ഡാൻസിൽ പരിശീലനവും നടി നേടി. തലൈവി എന്ന ചിത്രത്തിന് ശേഷം കങ്കണ അഭിനച്ച തമിഴ് സിനിമയാണ് ചന്ദ്രമുഖി 2. സെപ്റ്റംബർ 28 ന് ചിത്രം റിലീസ് ചെയ്യും. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ബയോപികിലാണ് നടിയെ ഇനി പ്രേക്ഷകർ കാണാൻ പോകുന്നത്. അണിയറയിൽ ഒരുങ്ങുന്ന എമർജൻസി എന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നതും കങ്കണയാണ്.


Click it and Unblock the Notifications











