'അന്ന് അവിടെ കണ്ടത് വിജയിയോടുള്ള പ്രശാന്തിന്റെ ഈഗോ, കണ്ടീഷൻസ് വെച്ചാണ് ഗോട്ടിൽ പ്രശാന്ത് അഭിനയിക്കുന്നത്'
ലിയോയുടെ വൻ വിജയത്തിന്റെ നെറുകയിൽ നിൽക്കുമ്പോൾ വിജയിയെ നായകനാക്കി പ്രഖ്യാപിക്കപ്പെട്ട വെങ്കട് പ്രഭു സിനിമയാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം. വിജയ്ക്കൊപ്പം പ്രഭുദേവ, പ്രശാന്ത്, അജ്മൽ അമീർ എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകൾ വലിയ ഹിറ്റായിരുന്നു. യുദ്ധഭൂമിയുടേതെന്ന് തോന്നിക്കുന്നതായിരുന്നു ഇതുവരെ ഇറങ്ങിയ പോസ്റ്ററുകളിലെ പശ്ചാത്തലം. ടെെം ട്രാവൽ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ട്.
ഇരട്ട വേഷത്തിലായിരിക്കും വിജയ് എത്തുകയെന്ന സൂചന നേരത്തേ പുറത്തുവന്ന പോസ്റ്ററുകൾ നൽകിയിരുന്നു. ക്ലീൻ ഷേവ് ലുക്കിൽ ആരാധകർക്ക് മുന്നിലെത്തുന്ന വിജയിയുടെ വീഡിയോ ഏതാനും ദിവസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് ചിത്രത്തിന്റെ ഹൈപ്പ് കൂട്ടിയിട്ടുണ്ട്. വെങ്കട്ട് പ്രഭു തന്നെയാണ് ഈ വിജയ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നതും.

ഇപ്പോഴിതാ സിനിമയുമായും ചിത്രത്തിലെ അഭിനേതാക്കളായ വിജയിയേയും പ്രശാന്തിനെയും കുറിച്ചും സിനിമാ നിരൂപകനായ ചെയ്യാറു ബാലു പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. അടുത്തിടെ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ വിജയ്ക്കൊപ്പം നിങ്ങൾ സിനിയിൽ അഭിനയിക്കുന്നുണ്ടോയെന്ന് ചോദിച്ചപ്പോൾ താനും വിജയിയും ഒരുമിച്ച് ഒരു സിനിമയിൽ അഭിനയിക്കുന്നുവെന്നാണ് പ്രശാന്ത് മറുപടി നൽകിയത്.
അത് വലിയ രീതിയിൽ ചർച്ചയായിരുന്നു. മാത്രമല്ല വിജയിക്ക് പിന്നിൽ തോക്കും ഏന്തി നടന്ന് വരുന്ന പ്രശാന്തിന്റെ ചിത്രം അടങ്ങിയ പോസ്റ്റർ പുറത്തിറങ്ങയപ്പോഴും ഗോട്ട് സിനിമയുമായി ബന്ധപ്പെട്ട് ചർച്ചകളുണ്ടായിരുന്നു. വിജയിക്ക് പിന്നിലേക്ക് പ്രശാന്ത് തള്ളപ്പെട്ടുവെന്ന തരത്തിലായിരുന്നു അന്ന് ചർച്ച.
കാരണം ഒരു കാലത്ത് തമിഴിൽ വിജയിക്കും മുകളിൽ താരമൂല്യമുണ്ടായിരുന്ന നടനായിരുന്നു പ്രശാന്ത്. ഐശ്വര്യ റായ് അടക്കമുള്ള താരസുന്ദരിമാർ പ്രശാന്തിന് ജോഡിയായി എത്തിയിട്ടുണ്ട്. ഇപ്പോഴിതാ വിജയിക്കൊപ്പം സിനിമ ചെയ്യുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ പ്രശാന്ത് നൽകിയ മറുപടി വിജയിയോടുള്ള പ്രശാന്തിന്റെ ഈഗോയിൽ നിന്നും വന്നതാണെന്നാണ് ചെയ്യാറു ബാലു പറയുന്നത്.
'ഏറെ നാളുകൾക്കുശേഷം ഒരു തെലുങ്ക് സിനിമയിൽ സഹനടനായി പ്രശാന്ത് അഭിനയിച്ചിരുന്നു. അതിനുശേഷം നിരവധി സഹനടൻ വേഷങ്ങൾ പ്രശാന്തിന് വന്നു. ഒന്നിലും അഭിനയിക്കാൻ പ്രശാന്ത് കൂട്ടാക്കിയിരുന്നില്ല. എന്നാൽ ഗോട്ടിൽ അഭിനയിക്കാമെന്ന് സമ്മതിച്ചത് വെങ്കട് പ്രഭു അത്രത്തോളം സ്ക്രിപ്റ്റ് വിശദീകരിച്ച് കൊടുത്തതുകൊണ്ടാണ്.'

'കഥ കേട്ടപ്പോൾ തന്റെ കഥാപാത്രത്തിന്റെ പ്രധാന്യം പ്രശാന്തിന് തോന്നിക്കാണും. അപ്പോഴും ചില നിബന്ധനകൾ വെങ്കട് പ്രഭുവിനോട് പ്രശാന്ത് പറഞ്ഞതായും റിപ്പോർട്ടുണ്ടെന്നുമാണ്', ചെയ്യാറു ബാലു പറയുന്നത്. മലയാളത്തിൽ തിളക്കം, മനു അങ്കിൾ അടക്കമുള്ള സിനിമകളിൽ വില്ലൻ വേഷം ചെയ്ത് മലയാളികൾക്ക് സുപരിചിതനായ ത്യാഗരാജന്റെ മകനാണ് പ്രശാന്ത്. മകന്റെ ആഗ്രഹത്തിന്റെ പുറത്താണ് ഒരു സിനിമയിൽ അഭിനയിക്കാനുള്ള അനുമതി ത്യാഗരാജൻ നൽകിയത്.
എന്നാൽ ആദ്യ സിനിമയ്ക്കുശേഷം തുടരെ തുടരെ അവസരങ്ങൾ വന്നതോടെ പ്രശാന്തിന് അഭിനയിക്കാനുള്ള അനുമതി ത്യാഗരാജൻ നൽകുകയായിരുന്നു. അതേസമയം ജയറാം, മോഹൻ, യോഗി ബാബു, വി.ടി.വി ഗണേഷ്, മീനാക്ഷി ചൗധരി, സ്നേഹ, ലൈല എന്നിവർക്കൊപ്പം വെങ്കട് പ്രഭു ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം. സിദ്ധാർത്ഥ് നൂനി ഛായാഗ്രഹണവും വെങ്കട് രാജൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. രാജീവനാണ് പ്രൊഡക്ഷൻ ഡിസൈനർ. ദിലീപ് സുബ്ബരായനാണ് സംഘട്ടന സംവിധാനം. എ.ജി.എസ് എന്റർടെയിൻമെന്റാണ് ചിത്രം നിർമിക്കുന്നത്. എ.ജി.എസ് എന്റർടെയിൻമെന്റിന്റെ 25-ാം ചിത്രമാണിത്.


Click it and Unblock the Notifications