അർജുന് സിനിമകൾ ഇല്ലാതെയായി; പ്രതിസന്ധി ഘട്ടത്തിൽ തുണയായത് ഭാര്യയുടെ സ്വർണം; ചെയ്യാറു ബാലു
തെന്നിന്ത്യൻ സിനിമകളിൽ ഒരു കാലത്ത് നായകനായി നിറഞ്ഞ് നിന്ന അർജുൻ സർജ ഇന്നും കരിയറിൽ സജീവമാണ്. ആക്ഷൻ ഹീറോ എന്ന് ആരാധകർ വാഴ്ത്തിയ അർജുന് തമിഴ്, കന്നഡ, തെലുങ്ക് സിനിമകളിൽ ഒരുപോലെ ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞു. കർണാടകയിൽ ജനിച്ച് വളർന്ന നടന് തമിഴ് സിനിമാ ലോകത്ത് വളരെ പെട്ടെന്ന് സ്വീകാര്യത ലഭിച്ചു. എന്നാൽ കരിയറിൽ വിജയം കൈവരിക്കുക അർജുനെ സംബന്ധിച്ച് എളുപ്പമല്ലായിരുന്നു. നടന്റെ കരിയർ ഗ്രാഫിനെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് സിനിമാ രംഗത്തെ മുതിർന്ന മാധ്യമപ്രവർത്തകൻ ചെയ്യാറു ബാലു.
പുറമേക്ക് ദേഷ്യക്കാരനായി കാണുന്ന അർജുൻ അങ്ങനെ പെരുമാറുന്നതിന് കാരണമുണ്ടെന്ന് ഇദ്ദേഹം പറയുന്നു.
പുറത്തേക്ക് ഗൗരവം കാണിക്കുന്നതിനെക്കുറിച്ച് അർജുൻ മുമ്പ് സംസാരിച്ചിട്ടുണ്ട്. പാവമായി നിന്നാൽ സിനിമാ രംഗത്ത് പറ്റിക്കപ്പെടും. ആരോട്, എങ്ങനെ നിൽക്കണമെന്ന് എനിക്കറിയാം എന്നാണ് അദ്ദേഹം പറഞ്ഞത്.
കർണാടകയിലാണ് അർജുൻ ജനിച്ചത്. കന്നഡ സിനിമകളിൽ അഭിനയിച്ചെങ്കിലും തമിഴ് സിനിമകളിൽ വളരണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അങ്ങനെയിരിക്കെയാണ് അർജുന് ആദ്യ തമിഴ് സിനിമയായ നൻട്രി ലഭിച്ചതെന്നും ചെയ്യാറു ബാലു പറയുന്നു.

എന്നാൽ ആ സിനിമ ചെയ്യവെ അദ്ദേഹം കളിയാക്കലുകൾ കേട്ടു. പക്ഷെ സിനിമ സൂപ്പർ ഹിറ്റായി. അദ്ദേഹത്തിന് ധാരാളം അവസരങ്ങൾ ലഭിച്ചു. ആക്ഷൻ ഹീറോ ആവണമെന്ന് അർജുന് അതിയായ ആഗ്രഹമുണ്ടായിരുന്നു. 'ശങ്കർ ഗുരു' (1987 ) എന്ന സിനിമയാണ് അർജുന് വഴിത്തിരിവാകുന്നത്. സിനിമയിലെ ആക്ഷൻ രംഗങ്ങളും ഗാനങ്ങളും ശ്രദ്ധ നേടി. അർജുൻ തമിഴകത്തെ മുൻനിര നായക നടനായെന്നും ചെയ്യാറു ബാലു പറഞ്ഞു.
ഒരു ഘട്ടത്തിൽ അർജുന് സിനിമകൾ ഇല്ലാതായി. 90 കളുടെ മധ്യത്തിലാണ് അവസരങ്ങൾ കുറഞ്ഞത്. എന്ത് ചെയ്യണമെന്നറിയാതെ ഒടുവിൽ സ്വന്തം സിനിമ സംവിധാനം ചെയ്യാം എന്ന് തീരുമാനിച്ചു. സുഹൃത്തുക്കൾ ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ അർജുൻ സെവഗൻ എന്ന സിനിമ ചെയ്തു. ചിത്രീകരണ ഘട്ടത്തിൽ അർജുന് ഒരുപാട് പ്രതിസന്ധികൾ നേരിട്ടു. ഒരു നടൻ നടനായിത്തന്നെ നിലനിൽക്കണം, തയ്യാറെടുപ്പില്ലാതെ ഫിലിം മേക്കിംഗിലേക്ക് ഇറങ്ങരുതെന്ന് അർജുൻ പിന്നീട് അഭിപ്രായപ്പെട്ടതിന് കാരണമിതാണെന്നും ചെയ്യാറു ബാലു വ്യക്തമാക്കി.

സിനിമയുടെ മുക്കാൽ ഭാഗവും പൂർത്തിയായെങ്കിലും പിന്നീട് സിനിമ ഉപേക്ഷിക്കണമെന്ന ഘട്ടത്തിലെത്തി. ഒടുവിൽ അർജുന്റെ ഭാര്യ അവർ സൂക്ഷിച്ച് വെച്ച ആഭരണങ്ങൾ എടുത്ത് കൊടുത്തു. നിങ്ങൾ സിനിമ പൂർത്തിയാക്ക്, പടം ഓടിയാൽ ചെന്നെെയിൽ നിൽക്കാം. അല്ലെങ്കിൽ ബാംഗ്ലൂരിലേക്ക് പോവാം എന്ന് പറഞ്ഞു. സിനിമയ്ക്ക് ഡിസ്ട്രിബ്യൂഷനിൽ പ്രശ്നം വന്നു. പ്രതിസന്ധികൾക്കൊടുവിൽ റിലീസ് ചെയ്തപ്പോൾ സിനിമയ്ക്ക് മൗത്ത് പബ്ലിസിറ്റി ലഭിക്കുകയും വലിയ ഹിറ്റാവുകയും ചെയ്തു.
അതിന് ശേഷമാണ് അർജുൻ ചെന്നെെയിൽ തുടരാൻ തീരുമാനിക്കുന്നതെന്നും ചെയ്യാറു ബാലു വ്യക്തമാക്കി. പിന്നീടിങ്ങോട്ട് നിരവധി ഹിറ്റ് സിനിമകൾ നടന് ലഭിച്ചിട്ടുണ്ട്. കർണാടക്കാരനാണെങ്കിലും തമിഴ്നാടിനോടാണ് അർജുന് പ്രിയമെന്നും പുറത്ത് നിന്നുള്ള ആളായി കാണുന്നത് അർജുന് ഇഷ്ടമല്ലെന്നും ചെയ്യാറു ബാലു പറയുന്നു.
മുൻ നടി നിവേദിതയെയാണ് അർജുൻ വിവാഹം ചെയ്തത്. 1988 ലായിരുന്നു വിവാഹം. ഐശ്വര്യ, അഞ്ജന എന്നീ രണ്ട് പെൺമക്കളും ഇവർക്ക് ലഭിച്ചു. 2013 ൽ ഐശ്വര്യ സിനിമാ രംഗത്തേക്ക് കടന്ന് വന്നു. പറ്റാതു യാനൈ എന്ന തമിഴ് സിനിമയിലൂടെയായിരുന്നു ഐശ്വര്യയുടെ കരിയറിന്റെ തുടക്കം.


Click it and Unblock the Notifications











