ശ്രിയയുടെ മാനേജരുടെ ഇന്നത്തെ ജീവിതം; വിവാഹം ഇൻഡസ്ട്രിക്ക് ഞെട്ടലായി; ചെയ്യാറു ബാലു
തെന്നിന്ത്യൻ സിനിമകളിൽ തരംഗം സൃഷ്ടിച്ച നടിയാണ് ശ്രിയ ശരൺ. രജിനികാന്ത്, വിജയ് ഉൾപ്പെടെയുള്ള സൂപ്പർസ്റ്റാറുകൾക്കൊപ്പം അഭിനയിച്ച ശ്രിയ തമിഴിന് പുറമെ തെലുങ്കിലും നിരവധി ഹിറ്റുകൾ സൃഷ്ടിച്ചു. നയൻതാര, അസിൻ, തൃഷ തുടങ്ങിയ നടിമാരുടെ കരിയറിലെ തുടക്ക കാലത്താണ് ശ്രിയ ശരണും അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. ഇപ്പോഴും ശ്രിയ കരിയറിൽ സജീവമാണ്. ഇന്ന് ഹിന്ദി സിനിമാ രംഗത്തും അറിയപ്പെടുന്ന നടിയാണ് ശ്രിയ. ദൃശ്യം എന്ന സിനിമയുടെ ഹിന്ദി റീമേക്കിലൂടെയാണ് ബോളിവുഡിൽ ശ്രിയ ശ്രദ്ധ നേടുന്നത്.
കുടുംബ ജീവിതവും കരിയറും ഒരുമിച്ച് കൊണ്ട് പോകുന്ന ശ്രിയക്ക് പഴയ താരമൂല്യത്തിൽ ചെറിയ ഇടിവ് വന്നിട്ടുണ്ടെങ്കിലും ഇപ്പോഴും അവസരങ്ങളുണ്ട്. 40ാം വയസ്സിലും സിനിമാ ലോകത്ത് മുൻനിര നായികയായി ശ്രിയ തുടരുന്നു എന്നത് ചെറിയ കാര്യമല്ല. ശ്രിയ ശരണിനെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് സിനിമാ രംഗത്തെ മാധ്യമപ്രവർത്തകൻ ചെയ്യാറു ബാലു.
ഏത് കഥാപാത്രമായാലും നല്ല രീതിയിൽ അഭിനയിച്ച് ഫലിപ്പിക്കുന്ന നടിയാണ് ശ്രിയയെന്ന് ചെയ്യാറു ബാലു പറയുന്നു. അഴകിയ തമിഴ് മകൻ, ശിവാജി, കന്തസ്വാമി എന്നീ സിനിമകളിലൂടെ ശ്രിയയുടെ മാർക്കറ്റ് കുതിച്ചുയർന്നു. വിവാഹശേഷമാണ് കരിയറിൽ ചെറിയൊരു താഴ്ച വന്നത്. എന്നാൽ അതിന് ശേഷവും ശ്രിയ അഭിനയിച്ചു. ഇപ്പോഴും ശ്രിയക്കുള്ള മാർക്കറ്റും ആരാധകരും നഷ്ടപ്പെട്ടിട്ടില്ലെന്ന് ചെയ്യാറു ബാലു വ്യക്തമാക്കി.

കരിയറിൽ തിളങ്ങി നിൽക്കവെ പെട്ടെന്നായിരുന്നു ശ്രിയയുടെ വിവാഹം. വിവാഹം ഇൻഡസ്ട്രിക്ക് ഞെട്ടലായി. ശ്രിയയുടെ മാർക്കറ്റ് പോയിരുന്നില്ല. തമിഴിലും തെലുങ്കിലും അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നു. എന്തിനാണിപ്പോൾ കല്യാണമെന്ന് ചോദിച്ചപ്പോൾ എനിക്ക് ഒരു തുണയും സ്നേഹവും വേണമെന്നാണ് ശ്രിയ പറഞ്ഞതെന്നും ചെയ്യാറു ബാലു ഓർത്തു.
ശ്രിയയുടെ മാനേജരായിരുന്ന ഒരു വ്യക്തിയുണ്ടായിരുന്നു. അന്ന് രണ്ട് മൂന്ന് നടിമാരുടെ മാനേജരായിരുന്നു അദ്ദേഹം. ഇപ്പോൾ അദ്ദേഹം വടക്കേ ഇന്ത്യയിൽ സന്യാസിയായി കഴിയുകയാണ്. മുമ്പേ അദ്ദേഹം വലിയ ഭക്തനായിരുന്നു. അടുത്തിടെ ചെന്നെെയിൽ മാധ്യമങ്ങളെ കണ്ടപ്പോൾ ശ്രിയ അദ്ദേഹത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. കൃത്യമായി കോൾ ഷീറ്റ് നൽകിയതും പ്രതിഫലം വാങ്ങിത്തന്നതും അദ്ദേഹമാണ്.

മാനേജരായാൽ അങ്ങനെയായിരിക്കണമെന്ന് ശ്രിയ പറഞ്ഞു. തന്നെ വളർത്തിയ മാധ്യമങ്ങളോടും നടി നന്ദി പറഞ്ഞു. പൊതുവെ താരങ്ങൾ അങ്ങനെ ചെയ്യാറില്ലെന്നും ചെയ്യാറു ബാലു അഭിപ്രായപ്പെട്ടു. റഷ്യക്കാരനായ ആൻഡ്ര്യൂ കൊസ്ചീവാണ് ശ്രിയയുടെ ഭർത്താവ്. 2018 ലാണ് ശ്രിയ വിവാഹിതയാകുന്നത്. രാധ എന്ന മൂന്ന് വയസുകാരിയായ മകളും ഇന്ന് ദമ്പതികൾക്കുണ്ട്.
ഇന്ത്യയിൽ പയ്യൻമാർ ഇല്ലാഞ്ഞിട്ടാണോ വിദേശിയെ വിവാഹം ചെയ്തതെന്ന ചോദ്യം തനിക്ക് കേൾക്കേണ്ടി വന്നിട്ടുണ്ടെന്ന് ശ്രിയ നേരത്തെ പറഞ്ഞിരുന്നു. കുഞ്ഞ് പിറന്ന വിവരം നടി തുറന്ന് പറയുന്നത് 9 മാസം കഴിഞ്ഞാണ്. കരിയറിനെ ബാധിക്കുമെന്ന ഭയത്താലാണ് ഗർഭിണിയായ വിവരം പോലും മറച്ച് വെച്ചതെന്ന് ശ്രിയ തുറന്ന് പറഞ്ഞിട്ടുണ്ട്. ഗർഭിണിയാണെന്ന വാർത്തകൾ പരന്നാൽ പിന്നീട് സിനിമകൾ ലഭിക്കാൻ സമയം എടുക്കും.
മാത്രമല്ല തടിവെച്ചതിനെക്കുറിച്ചും മറ്റും മാധ്യമങ്ങളിൽ വാർത്ത വരുന്നതിൽ ആശങ്കപ്പെടാതെ കുഞ്ഞിൽ മാത്രം ശ്രദ്ധ നൽകാൻ തോന്നി. രാധയ്ക്ക് 9 മാസം ആയപ്പോഴേക്കും ശരീര ഭാരം കുറച്ചു. അപ്പോഴേക്കും മൂന്ന് സിനിമകൾ ഒപ്പുവെച്ചെന്നും നടി ചൂണ്ടിക്കാട്ടി. കുടുംബജീവിതത്തിലേക്ക് കടന്നതിന്റെ പേരിൽ കരിയർ ഉപേക്ഷിക്കേണ്ട കാര്യമില്ലെന്നും ശ്രിയ ശരൺ വ്യക്തമാക്കിയിട്ടുണ്ട്. ഹരിദ്വാർ സ്വദേശിയായ ശ്രിയക്ക് ബോളിവുഡിനേക്കാളും തെന്നിന്ത്യൻ സിനിമകളിലാണ് സ്വീകാര്യത ലഭിച്ചത്.


Click it and Unblock the Notifications











