വിജയകാന്ത് ആ നടിയെ വിവാഹം ചെയ്യാനാഗ്രഹിച്ചു; ഇന്നത്തെ സ്ഥിതി ആർക്കും സഹിക്കില്ല; ചെയ്യാറു ബാലു
തമിഴ്നാട്ടിലെ പ്രമഖ സാന്നിധ്യമാണ് ക്യാപ്റ്റൻ വിജയകാന്ത്. സിനിമാ രംഗത്തും രാഷ്ട്രീയത്തിലും ശ്രദ്ധേയ സാന്നിധ്യമായ വിജയകാന്തിന്റെ പിറന്നാൾ ദിനം കഴിഞ്ഞ ദിവസമാണ് അനുയായികൾ ആഘോഷിച്ചത്. 71 കാരനായ വിജയകാന്തിനെ ആരോഗ്യപ്രശ്നങ്ങൾ വലയ്ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പുറത്ത് വന്ന നടന്റെ ഫോട്ടോ കണ്ട് ഏവരും അമ്പരന്നു. ആരോഗ്യ ദൃഡഗാതനായിരുന്ന വിജയകാന്ത് വല്ലാതെ ക്ഷീണിച്ചിട്ടുണ്ട്.
അതേസമയം വിജയകാന്തിന്റെ ആരോഗ്യത്തിന് ഇപ്പോൾ കുഴപ്പമൊന്നും ഇല്ലെന്നാണ് ഭാര്യ പ്രേമലത കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. വിജയകാന്തിനെക്കുറിച്ച് തമിഴ് ഫിലിം ജേർണലിസ്റ്റ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വിജയകാന്തിന് ഒരു പ്രണയമുണ്ടായിരുന്നെന്ന് ഇദ്ദേഹം പറയുന്നു.

ഒരു നടിയുമായി വിജയകാന്തിന് പ്രണയമുണ്ടായിരുന്നു. അവരെ വിവാഹം ചെയ്യാൻ വിജയകാന്ത് തീരുമാനിച്ചു. കല്യാണക്കാര്യം വന്നപ്പോൾ നടിയെ വിവാഹം ചെയ്യരുതെന്ന് ആത്മസുഹൃത്തും ഉപദേശകനുമായ റാവുത്തർ പറഞ്ഞു. ഇതിന് ശേഷം ആ നടിയെ പോലെയുള്ള സ്ത്രീയെ കണ്ടെത്തി വിവാഹം ചെയ്യുകയായിരുന്നെന്നും ചെയ്യാറു ബാലു പറയുന്നു.
വിജയകാന്തിന്റെ സിനിമാ ജീവിതത്തെക്കുറിച്ചും ചെയ്യാറു ബാലു സംസാരിച്ചു. വിജയുടെ പിതാവ് എസ്എ ചന്ദ്രശേഖറുടെ 17 സിനിമകളിലോളം വിജയകാന്ത് അഭിനയിച്ചിട്ടുണ്ട്. എല്ലാം സാമൂഹിക പ്രസക്തിയുള്ള സിനിമകളായിരുന്നു. നായകനെന്ന നിലയിൽ വിജയകാന്തിനെ വളർത്തുന്നതിൽ എസ്എ ചന്ദ്രശേഖർ പ്രധാന പങ്കുവഹിച്ചു.

കഴിഞ്ഞ ദിവസം വിജയകാന്തിന്റെ ഫോട്ടോകളും വീഡിയോകളും കണ്ട ഏവരും വിഷമിച്ചു. എങ്ങനെയിരുന്ന മനുഷ്യനാണ്. ഏവർക്കും ഭക്ഷണം നൽകിയതിന്റെ പുണ്യം പോലും അദ്ദേഹത്തെ രക്ഷിച്ചില്ലേ എന്ന് പലരും കരുതിക്കാണുമെന്നും ചെയ്യാറു ബാലു അഭിപ്രായപ്പെട്ടു. 24 മണിക്കൂറും അദ്ദേഹത്തിന്റെ അടുപ്പ് എരിഞ്ഞു. ഏവർക്കും ഭക്ഷണം നൽകി. ആത്മസുഹൃത്തായ റാവുത്തർ പറഞ്ഞത് പ്രകാരമാണ് തന്നെ കാണാൻ വരുന്നവർക്കെല്ലാം ഭക്ഷണം നൽകാൻ വിജയകാന്ത് തീരുമാനിച്ചത്.
പിൽക്കാലത്ത് സിനിമകളിൽ അവസരം തേടുന്നവരും സഹസംവിധായകരുമെല്ലാം ഇവിടെയെത്തി ഭക്ഷണം കഴിക്കാൻ തുടങ്ങിയെന്നും ചെയ്യാറു ബാലു വ്യക്തമാക്കി. വിജയകാന്തിന്റെ സിനിമാതാരമായും രാഷ്ട്രീയക്കാരനായും മാറ്റുന്നതിൽ സുഹൃത്ത് റാവുത്തറിന് പ്രധാന പങ്കുണ്ടെന്നും ചെയ്യാറു ബാലു പറയുന്നു.
സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചുള്ള സിനിമകൾ ചെയ്ത് ജനപ്രീതി നേടിയ വിജയകാന്തിന് പിന്നീട് രാഷ്ട്രീയത്തിലും സ്വീകാര്യത ലഭിക്കുകയായിരുന്നു. ഡിംഎംഡികെ പാർട്ടി നേതാവാണ് വിജയകാന്ത്. 1990 ലാണ് വിജയകാന്തും ഭാര്യ പ്രേമലതയും വിവാഹിതരായത്. രണ്ട് മക്കളും ദമ്പതികൾക്കുണ്ട്. വിജയപ്രഭാകരൻ, ഷൺമുഖ പാണ്ഡ്യൻ എന്നിവരാണ് മക്കൾ. ഷൺമുഖ പാണ്ഡ്യൻ ചില സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം അച്ഛന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് വിജയപ്രഭാകരൻ സംസാരിച്ചിരുന്നു. അച്ഛന് ചില ആരോഗ്യപ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്നും എന്നാൽ ഇപ്പോൾ കുഴപ്പമില്ലെന്നും മകൻ തുറന്ന് പറഞ്ഞു. വിജയകാന്തിന്റെ ആരോഗ്യ പ്രശ്നങ്ങൾ കാരണം ഭാര്യ പ്രേമലതയാണ് ഇപ്പോൾ ഔദ്യോഗിക കാര്യങ്ങളിൽ പലതും നോക്കി നടത്തുന്നത്. അടുത്തിടെ ഭർത്താവിനെക്കുറിച്ച് പ്രേമലത ഒരു അഭിമുഖത്തിൽ സംസാരിക്കുകയുണ്ടായി.
പാവപ്പെട്ടവരെ എപ്പോഴും സഹായിക്കുന്ന വ്യക്തിയാണ് വിജയകാന്ത്. ചെറുപ്പത്തിൽ ഒരു റിക്ഷക്കാരൻ തന്റെ മകനെ പഠിപ്പിക്കാൻ പണമില്ലെന്ന് പറഞ്ഞപ്പോൾ അദ്ദേഹം സ്വന്തം മാല ഊരി നൽകി. ഭർത്താവിന് ഇതിന്റെ പേരിൽ അച്ഛനിൽ നിന്നും ഏറെ വഴക്ക് കേട്ടു. എന്നാൽ താൻ സ്വന്തം അധ്വാനത്തിൽ മാല വാങ്ങുമെന്ന് അദ്ദേഹം മറുപടി നൽകി. സ്വന്തമായി മാല വാങ്ങിയ വിജയകാന്ത് വിവാഹത്തിന് ശേഷം ഇത് തനിക്ക് തന്നെന്നും പ്രേമലത ഓർത്തു. 71 കാരനായ വിജയകാന്ത് ആരോഗ്യം വീണ്ടെടുത്ത് രാഷ്ട്രീയത്തിൽ ശക്തമായ സാന്നിധ്യമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.


Click it and Unblock the Notifications