'ചിത്രം വിജയിച്ചില്ലെങ്കിലും രമ്യ കൃഷ്ണൻ ക്ലിക്കായി, പലരും നടിയെ കുറിച്ച് തിരക്കാൻ തുടങ്ങി'; ചെയ്യാർ ബാലു
പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന നടിയാരെന്ന് ചോദ്യത്തിന് രമ്യ കൃഷ്ണന്‍ എന്നായിരിക്കും ഉത്തരം. പടയപ്പയിലെ നീലാംബരിയും ബാഹുബലിയിലെ ശിവകാമിയുമെല്ലാം രമ്യയുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലുകളായ കഥാപാത്രങ്ങളാണ്.
ഒരു കാലത്ത് തമിഴ് സിനിമയിലെ മാസ് ഹീറോയിനായിരുന്നു രമ്യ കൃഷ്ണൻ. ആ മാസ് പ്രകടനത്തിലൂടെയാണ് നടി ഇതുവരെ ആരാധകരെ വിസ്മയിപ്പിച്ചതും. പടയപ്പയിലെ നീലാംബരി എന്ന കഥാപാത്രം മാത്രം മതി വില്ലത്തി വേഷങ്ങളിലെ രമ്യയുടെ കഴിവ് അളക്കാൻ.
നീലാംബരിയില്ലെങ്കിൽ രജിനിയുടെ പടയപ്പ പോലും ഇത്രത്തോളം ഒരു പക്ഷെ ആഘോഷിക്കപ്പെടുമായിരുന്നില്ല. നെഗറ്റീവ് റോളുകളിൽ തിളങ്ങുമ്പോൾ തന്നെ അമ്മൻ കഥാപാത്രങ്ങളും രമ്യ ചെയ്തിട്ടുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങി നിരവധി ഭാഷകളിൽ രമ്യ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. ബാഹുബലി സീരിസിൽ രാജമാതയായി അഭിനയിച്ചത് ശേഷം രമ്യയുടെ ആരാധകരുടെ എണ്ണം ഇരട്ടിയായി.

രമ്യയെ അല്ലാതെ മറ്റൊരു നടിയെ രാജമാത ശിവകാമിദേവി സങ്കൽപ്പിക്കാൻ പോലും ആരാധകർക്ക് സാധിക്കില്ല. 1967ൽ തമിഴ്നാട്ടിലെ ചെന്നൈയിലാണ് രമ്യ ജനിച്ചത്. ഒരു തമിഴ് അയ്യർ കുടുംബത്തിൽ ജനിച്ച രമ്യക്ക് തെലുങ്ക് ഭാഷയും നല്ല വശമാണ്. ചെറുപ്പകാലത്ത് ഭരതനാട്യം കലയും കുച്ചിപ്പുടി നൃത്തകലയും രമ്യ അഭ്യസിച്ചിരുന്നു.
13 വയസുള്ളപ്പോഴാണ് രമ്യ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. ആദ്യ ചിത്രം തമിഴ് ചിത്രമായ വെള്ളൈ മനസു എന്ന ചിത്രമാണ്. തന്റെ മൊത്തം അഭിനയ ജീവിതത്തിൽ 200 ലധികം ചിത്രങ്ങൾ അഭിനയിച്ചിട്ടുള്ള രമ്യ 19 വയസ് മുതൽ പലവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
ഇപ്പോഴിതാ രമ്യ കൃഷ്ണനെ കുറിച്ച് പലർക്കും അറിയാത്ത കഥകൾ വെളിപ്പെടുത്തിയിരിക്കുകയാണ് നിരൂപകനും സിനിമാ പ്രവർത്തകനുമായ ചെയ്യാർ ബാലു. 'എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് രമ്യ കൃഷ്ണൻ വൈ.ജി മഹേന്ദ്രനൊപ്പം വെള്ളൈ മനസു സിനിമ ചെയ്തത്. ചിത്രം വേണ്ടത്ര വിജയിച്ചില്ലെങ്കിലും രമ്യ കൃഷ്ണന്റെ അഭിനയം സ്വീകരിക്കപ്പെട്ടു.'
'മാത്രമല്ല സിനിമ കണ്ടവരെല്ലാം ഈ പെൺകുട്ടി ആരാണെന്ന് അന്വേഷിച്ച് തുടങ്ങി. അതുപോലെ തന്നെ സെലക്ട് ചെയ്ത് മാത്രം സിനിമകൾ ചെയ്തിരുന്ന നടിയാണ് രമ്യ. പല ഹീറോകളെയും താരം റിജക്ട് ചെയ്ത് വിട്ടിട്ടുണ്ട്. വലിയ വലിയ താരങ്ങൾ തങ്ങളുടെ സിനിമകളിലേക്ക് രമ്യയെ കാസ്റ്റ് ചെയ്യുമ്പോൾ പറ്റില്ലെന്ന് പറഞ്ഞ് താരം പിന്മാറിയിട്ടുണ്ട്.'

'വിജയകാന്ത് സിനിമ ക്യാപ്റ്റൻ പ്രഭാകരനിൽ അഭിനയിക്കാൻ തുടക്കത്തിൽ രമ്യയ്ക്ക് താൽപര്യമുണ്ടായിരുന്നില്ല. അന്ന് വിജയകാന്ത് സൂപ്പർസ്റ്റാറായി തിളങ്ങി നിൽക്കുന്ന സമയമാണ്. പക്ഷെ രമ്യ നോ പറഞ്ഞു. കാരണം എന്താണെന്നത് വ്യക്തമല്ല. അതുപോലെ തന്നെ രജിനികാന്ത് സിനിമ ഊർക്കാവലനിൽ അഭിനയിക്കേണ്ടിയിരുന്നത് രമ്യ കൃഷ്ണനായിരുന്നു.'
'പക്ഷെ നടി താൽപര്യമില്ലെന്ന് അറിയിച്ചതോടെ രാധിക ശരത്ത്കുമാർ ആ വേഷം ചെയ്യുകയായിരുന്നു. പ്രഭുവിനൊപ്പം തുടരെ തുടരെ സിനിമ ചെയ്യുന്ന സ്ഥിതി വന്നപ്പോൾ രമ്യ കൃഷ്ണൻ അതിൽ നിന്നും പിന്മാറിയിരുന്നുവെന്നും', ചെയ്യാർ ബാലു പറയുന്നു.
ജയിലർ റിലീസിന് ശേഷം രമ്യ കൃഷ്ണൻ വീണ്ടും വൈറലാവുകയാണ്. വളരെ വർഷങ്ങൾക്ക് ശേഷം രജിനികാന്തും രമ്യ കൃഷ്ണനും ഒരുമിച്ച് അഭിനയിച്ച സിനിമയാണ് ജയിലർ. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.
സിനിമയിൽ വന്ന കാലത്തെ പോലെ തന്നെ സൗന്ദര്യവും സ്ക്രീൻ പ്രസൻസും ഇന്നും രമ്യയ്ക്കുണ്ട്. ശബ്ദവും സംസാര രീതിയും ഇപ്പോഴും ഒരു വേറിട്ട ഭംഗിയാണ്. കഥാപാത്രങ്ങൾക്ക് തന്‍റേതായ ഒരു സിഗ്നേച്ചർ കൂൾ ആറ്റിറ്റൂട് കൊടുത്ത് അഭിനയിക്കാൻ കഴിവ് ഉള്ള നടിയാണ് രമ്യ കൃഷ്ണൻ.


Click it and Unblock the Notifications











