'വിജയ് വന്നത് സ്നേഹം കൊണ്ടല്ല, ലക്ഷ്യം മറ്റൊന്ന്; അന്ന് അച്ഛനെ വീട്ടിലേക്ക് പോലും കയറ്റിയില്ല'
തമിഴ് സിനിമയിലെ സൂപ്പർ സ്റ്റാറാണ് വിജയ്. വിജയുടെ സിനിമകൾ തമിഴ്നാട്ടിലെ തിയറ്ററുളിലുണ്ടാക്കുന്ന ചലനം ചെറുതല്ല. ഒരു കാലത്ത് വിജയ് സിനിമകൾ കേരളത്തിലും വൻ ഹിറ്റുകളായിരുന്നു. എന്നാൽ ഇന്ന് വിജയ് സിനിമകളോട് വലിയ ഭ്രമം കേരളത്തിലില്ല. സ്ഥിരം രക്ഷകൻ വേഷത്തിലെത്തുന്ന വിജയ് കഥാപാത്രങ്ങൾ മടുപ്പുളവാക്കുന്നു എന്ന് അഭിപ്രായമുണ്ട്. എന്നാൽ തമിഴ്നാട്ടിൽ ഇന്നും വിജയുടെ ജനപ്രീതിക്ക് കുറവില്ല. ഒടുവിൽ പുറത്തിറങ്ങിയ വാരിസ് എന്ന സിനിമ കണ്ട് പഴകിയ കഥയെന്ന് വിമർശിക്കപ്പെട്ടെങ്കിലും സാമ്പത്തിക വിജയമായി.
സിനിമയ്ലെ ആക്ഷനും ഡാൻസിനുമപ്പുറം ജീവിതത്തിൽ വിജയ് തീർത്തും വ്യത്യസ്തനാണ്. അധികമാരോടും സംസാരിക്കാത്ത ഒതുങ്ങിയ പ്രകൃതക്കാരനാണ് വിജയ്. വിജയുടെ വ്യക്തി ജീവിതത്തെ സംബന്ധിച്ച് പലപ്പോഴും അഭ്യൂഹങ്ങൾ ഉയരാറുണ്ട്. ഒരു ഘട്ടത്തിൽ വിജയ് തന്റെ മാതാപിതാക്കളിൽ നിന്നും അകന്നിരുന്നു. തന്റെ പേരുപയോഗിച്ച് അച്ഛൻ എസ്എ ചന്ദ്രശേഖർ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതാണ് വിജയ്നെ ചൊടിപ്പിച്ചത്.

അമ്മ ശോഭയെ പാർട്ടിയുടെ ട്രഷററുമാക്കി. വിജയ് ഇതിനെതിരെ കേസ് കൊടുക്കുന്ന സാഹചര്യവും ഉണ്ടായി. അതേസമയം അടുത്തിടെ വിജയുടെ പേരിൽ ആരാധകർ തുടങ്ങിയ വിജയ് മക്കൾ ഇയക്കം എന്ന സന്നദ്ധ സംഘടനയ്ക്ക് രാഷ്ട്രീയ മാനം വന്നുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസമായിരുന്നു വിജയുടെ മാതാപിതാക്കളുടെ 50ാം വിവാഹ വാർഷികം. പിണക്കത്തിലെന്ന അഭ്യൂഹത്തിനിടെ വിജയ് ഇരുവരെയും കാണാനെത്തി. എന്നാൽ ഇതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്നാണ് തമിഴ് സിനിമാ രംഗത്തെ മാധ്യമപ്രവർത്തകൻ ചെയ്യാർ ബാലു പറയുന്നത്.
'തമിഴ് സിനിമയിൽ ഇന്ന് നൂറ് കോടി പ്രതിഫലം വാങ്ങുന്ന സൂപ്പർ സ്റ്റാറായ വിജയ് തന്റെ അച്ഛനോടും അമ്മയോടും സംസാരിക്കാത്തതിന് കാരണമെന്തെന്ന് പല നാളുകളായി ചർച്ചാ വിഷയമാണ്. മക്കൾ ഇയക്കത്തിലൂടെ രാഷ്ട്രീയത്തിലേക്കും വിജയ് വരികയാണ്'
'രാഷ്ട്രീയക്കാരനെ അടിമുടി ആളുകൾ വീക്ഷിക്കും. നിങ്ങൾ അച്ഛനോടും അമ്മയോടും സംസാരിക്കാതിരിക്കുന്നത് രാഷ്ട്രീയത്തിൽ അതൊരു കുറവാകുമെന്ന് പലരും ഉപദേശിച്ചു. അതിനാലാണ് അച്ഛന്റെയും അമ്മയുടെ 50ാം വിവാഹ വാർഷിക ദിനത്തിൽ അദ്ദേഹം അവരെ വീട്ടിൽ പോയി കണ്ടത്. ഫോട്ടോയിൽ നോക്കിയാൽ വിജയ് അമ്മയുടെ കൂടെ നിന്നാണ് ഫോട്ടോ എടുത്തത്'
'നേരത്തെ പിറന്നാൾ ദിന ആഘോഷത്തിന് തന്റെ പേരക്കുട്ടികളെ കാണാൻ പറ്റുന്നില്ലെന്ന് വിഷമത്തോടെ എസ്എ ചന്ദ്രശേഖർ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. വിജയ് ഒറ്റ മകനാണ്. എസ്എ ചന്ദ്രശേഖർ നൽകിയ മറ്റൊരു അഭിമുഖത്തിൽ ഓഫ് ദ റെക്കോഡ് പോലെ ഒരു കാര്യം പറഞ്ഞിരുന്നു. ഞാനും എന്റെ ഭാര്യയും വിജയുടെ വീട്ടിലേക്ക് പോയി'

'സെക്യൂരിറ്റി വന്നു. സെക്യൂരിറ്റി ഉള്ളിൽ പോയി അര മണിക്കൂറിന് ശേഷം തിരിച്ച് വന്ന് അമ്മയെ മാത്രം അകത്തേക്ക് വിളിക്കെന്നും പറഞ്ഞു. ഉടനെ അമ്മ ശോഭയ്ക്ക് ദേഷ്യം വരികയും കാറെടുക്ക് എന്ന് പറഞ്ഞ് അവർ പുറത്തേക്ക് പോയി. അത്രമാത്രം എന്താണ് വിജയ്ക്ക് അച്ഛനോട് ദേഷ്യമെന്ന് അറിയില്ല'
ഞങ്ങളെല്ലാം തുടക്ക കാലത്ത് വിജയുടെ വളർച്ച കണ്ടതാണ്. മകന്റെ വളർച്ചയ്ക്കായി അദ്ദേഹം അത്രമാത്രം ശ്രമിച്ചു. ആ കാലത്ത് മകനെതിരെ വന്ന പരിഹാസങ്ങളെല്ലാം മറികടന്ന് അവനെ ഒരു സൂപ്പർ സ്റ്റാർ ലെവിലിലേക്ക് കൊണ്ടുവന്നു. വിജയ്ക്ക് വേണ്ടി ഒരുപാട് പബ്ലിസിറ്റി ചെയ്തു. ഇത്രയും ചെയ്ത പിതാവിനോടാണ് എന്താണ് ദേഷ്യമെന്ന് വിജയ്ക്ക് മാത്രമേ അറിയൂയെന്നും ചെയ്യാർ ബാലു പറഞ്ഞു.


Click it and Unblock the Notifications