തൃഷയ്ക്ക് തെലുങ്കില്‍ സിനിമകള്‍ ഇല്ലാതാക്കിയത് റാണ ദഗുബാട്ടിയുമായുള്ള പ്രണയം; ചെയ്യാറു ബാലു
തെന്നിന്ത്യയിലെ ഏറ്റവും ആരാധകരുള്ള നായികയാണ് തൃഷ കൃഷ്ണന്‍. ഒരു ഇടവേളയ്ക്ക് ശേഷം വിജയും തൃഷയും ഒന്നിച്ച ലിയോ ആരാധകര്‍ വലിയ കൈയ്യടിയോടെയാണ് സ്വീകരിച്ചത്. പൊന്നിയിന്‍ സെല്‍വനിലെ കുന്തവായി എന്ന കഥാപാത്രവും 96ലെ ജാനു എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴ് സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ തൃഷ 'ജോഡി' എന്ന സിനിമയില്‍ നായികയുടെ സുഹൃത്തിന്റെ വേഷത്തിലാണ് ആദ്യം എത്തിയത്.
തുടര്‍ന്ന് മൗനം പേസിയതേ എന്ന ചിത്രത്തില്‍ നായികായി തിളങ്ങിയ നടിയുടെ ചിത്രം വലിയ വിജയമാവുകയും ചെയ്തു. ഇതോടെ നിരവധി ഓഫറുകള്‍ തൃഷയെ തേടിയെത്തി. തമിഴിലും തെലുങ്കിലും നിറയെ ഓഫറുകള്‍ വന്നതോടെ തൃഷ അക്കാലത്ത് തെന്നിന്ത്യയിലെ തിരക്കുള്ള നടിമാരില്‍ ഒരാളായി മാറുകയായിരുന്നു. ഒരുകാലത്ത് വിണ്ണൈ താണ്ടി വരുവായ എന്ന ചിത്രത്തിലെ ജെസ്സി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെടുകയും യുവാക്കളുടെ ഹരമായി മാറുകയും ചെയ്തിരുന്നു.

തെലുഗുവില്‍ തൃഷ ആദ്യം ചെയ്തത് എനക്ക് 20 ഉനക്ക് 18 എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കിലാണ്. തുടര്‍ന്ന് വര്‍ഷം എന്ന ചിത്രത്തില്‍ പ്രഭാസിനൊപ്പം അഭിനയിച്ചു. പിന്നീട് നിരവധി തെലുഗു ചിത്രങ്ങളുടെ ഭാഗമായ തൃഷ കന്നടയിലും ഹിന്ദിയിലും അഭിനയിച്ചിരുന്നു. എന്നാല്‍ തെലുഗുവില്‍ ഇത്രയും വേഷങ്ങള്‍ ചെയ്തുകൊണ്ടിരുന്ന തൃഷ പെട്ടെന്ന് തെലുഗു ഇന്‍ഡസ്ട്രിയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടതിന് കാരണമുണ്ടെന്ന് പറയുകയാണ് മാധ്യമ പ്രവര്‍ത്തകനായ ചെയ്യാറു ബാലു.
റാണ ദഗുബാട്ടിയുമായുള്ള പ്രണയമാണ് ആ മാറ്റി നിര്‍ത്തലിന് കാരണമെന്നും ആരംനാട് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചെയ്യാറു ബാലു പറയുന്നു. റാണ ദഗുബാട്ടി തൃഷയെ വിവാഹം ചെയ്യാന്‍ പോവുകായിരുന്നു. എന്നാല്‍ കുടുംബം അത് സമ്മതിച്ചില്ല. റാണ ദഗുബാട്ടി രാമനായിഡു കുടുംബമാണ്. മുത്തശ്ശന്റെ പേരായ ഡി രാമാനായിഡുവിന്റെ പേരാണ് അദ്ദേഹത്തിന് ഇട്ടത്. രാമനായിഡു ദഗുബാട്ടി എന്ന്. അത് ചുരുക്കിയാണ് റാണ എന്ന് വിളിക്കുന്നത്. തെലുഗു നടന്‍ വെങ്കിടേഷ് റാണയുടെ അച്ഛന്റെ സഹോദരനാണ് എന്നും ചെയ്യാറു ബാലു പറയുന്നുണ്ട്.
ഇങ്ങനെ ഒരു സിനിമാ കുടുംബത്തില്‍ വീണ്ടും വീണ്ടും എന്തുകൊണ്ടാണ് നടിമാരെ തന്നെ പ്രണയിച്ചു കൊണ്ടു വരുന്നു എന്നത് ഇവര്‍ക്ക് പ്രശ്‌നമായിരുന്നു. നാഗാര്‍ജുന കുടുംബവും ഇവരുമായി ബന്ധമുണ്ട്. നാഗചൈതന്യ റാണയുടെ കസിനാണ്. സാമാന്തയുടെയും നാഗചൈതന്യയുടെയും വിവാഹത്തിനും ആദ്യം അവര്‍ സമ്മതിച്ചിട്ടുണ്ടായിരുന്നില്ല.

നാഗചൈതന്യ ശക്തമായി നിന്നതുകൊണ്ട് മാത്രമാണ് സാമാന്തയെ അവര്‍ അംഗീകരിച്ചതെന്നും ചെയ്യാറു ബാലു പറയുന്നു. ഇത്തരം വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ തുടക്കം തന്നെ കട്ട് ചെയ്യും. ആന്ധ്രയില്‍ നെപോട്ടിസം വളരെ വിസിബിള്‍ ആണ്. ആന്ധ്രാ സിനിമ വ്യവസായത്തെ വെച്ചു നോക്കുമ്പോള്‍ അഞ്ചോ ആറോ സിനിമാ കുടുംബമാണ് ഇന്നും സിനിമയിലെ പ്രധാന ആളുകളായി പോകുന്നത്. ഇതുപോലെ ഒരു വിഷയം എന്തെങ്കിലും ഇതിനകത്ത് വന്നാല്‍ അവര്‍ അതിനെ വെറുതെ വിടില്ല.
തൃഷ തെലുങ്കില്‍ ബാലകൃഷ്ണയ്‌ക്കൊപ്പം വരെ അഭിനയിക്കുന്ന കാലത്താണ് പെട്ടെന്ന് ഒരു താഴ്ച സംഭവിക്കുന്നത്. ഇത് ഇവരുടെ പ്രണയം നടക്കുന്ന കാലത്താണ്. തെലുങ്കില്‍ നിന്ന് പുറത്തുവന്ന് തമിഴില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയത് ഇതിന് ശേഷമാണെന്നും ചെയ്യാറു ബാലു പറയുന്നു. ഇപ്പോഴും നോക്കിയാല്‍ ലിയോയ്ക്ക് പിന്നാലെ വീണ്ടും തൃഷ തമിഴിലെ പ്രധാനപ്പെട്ട നായികയായി തന്നെ ഇനിയും നില്‍ക്കുമെന്നും ചെയ്യാറു ബാലു പറയുന്നു.


Click it and Unblock the Notifications