'അസിൻ ഒരു തെറ്റും ചെയ്തില്ല, പക്ഷെ ഈ നായകൾ അവരോട് ചെയ്തത്; ഇന്ന് എത്തിപ്പെടാൻ പറ്റാത്ത ഉയരത്തിൽ'
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമാ രംഗത്ത് സംഘടനകൾ അഭിനേതാക്കളെ അന്യായമായി വിലക്കിയ സാഹചര്യം വലിയ തോതിൽ ചർച്ചയാവുകയാണ്. തിലകൻ, പൃഥിരാജ്, മീര ജാസ്മിൻ, നവ്യ നായർ, നിത്യ മേനോൻ തുടങ്ങിയ താരങ്ങൾക്ക് നേരെയെല്ലാം ഒരു ഘട്ടത്തിൽ മലയാളത്തിൽ ചെറുതും വലുതുമായ വിലക്ക് വന്നിട്ടുണ്ട്. ഇപ്പോൾ ഏവരും അമ്മ, ഫെഫ്ക ഉൾപ്പെടെയുള്ള സംഘടനകളെ വിമർശിക്കുന്നതിന് കാരണവും ഇത് തന്നെയാണ്.
അഭിനേതാക്കളെ ശിക്ഷിക്കാൻ അധികാരമുണ്ടെന്ന് വാദിച്ച സംഘടനകൾ സിനിമാ രംഗത്തെ പ്രശ്നങ്ങളിൽ കൃത്യമായി ഇടപെടുന്നില്ലെന്ന് ഏവരും ചൂണ്ടിക്കാട്ടുന്നു. അതേസമയം മലയാളത്തിന് പുറമെ തമിഴകത്തും ഈ പ്രവണത കൂടുതലാണ്. സംഘടനകളെ കൂട്ട് പിടിച്ച് പല അഭിനേതാക്കളെയും തമിഴകത്ത് വിലക്കിയിട്ടുണ്ട്. ഇവരിലൊരാളാണ് ഗായിക ചിന്മയി.

ഗാന രചയിതാവ് വൈര മുത്തുവിനെതിരെ മീടൂ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ചിന്മയിയുടെ കരിയർ വലിയ പ്രതിസന്ധിയിലായി. ഇപ്പോഴിതാ നടി അസിനെ തമിഴ് സിനിമാ ലോകം വിലക്കിയതിനെക്കുറിച്ച് സംസാരിക്കുകയാണ് ചിന്മയി. ഒരു ബോളിവുഡ് ചിത്രത്തിന് ശ്രീലങ്കയിൽ പോയി ഷൂട്ട് ചെയ്തതിന് തമിഴകം അസിന് റെഡ് കാർഡ് നൽകിയെന്ന് ചിന്മയി ആരോപിക്കുന്നു.
പതിനഞ്ച് വർഷം മുമ്പ് രാധാ രവിയെ എതിർത്ത് എനിക്കന്ന് നിൽക്കാൻ പറ്റില്ലായിരുന്നു. കാരണം അയാൾ ആർക്കും റെഡ് കാർഡ് നൽകും. അസിന് റെഡ് കാർഡ് കൊടുത്ത നായ്ക്കളാണിവർ. അസിൻ ഒരു തെറ്റും ചെയ്തിട്ടില്ല. അഭിനയിച്ച് കൊണ്ടിരുന്ന ഹിന്ദി സിനിമയ്ക്കായി ഒരു പാട്ടിന്റെ ഷൂട്ടിംഗ് ശ്രീലങ്കയിൽ നടന്നു. അതിന് ഇവരെല്ലാം ചേർന്ന് അസിന് റെഡ് കാർഡ് ചുമത്തി. ഇത്തരം ഭ്രാന്തൻ ആശയങ്ങൾ വേറെ എവിടെയുണ്ടാകും.

നീ എന്തിന് റെഡ് കാർഡ് കൊടുക്കുന്നു, ഞാനേ ഇവിടെ നിന്ന് പോകുന്നെന്ന് പറഞ്ഞ് അസിൻ ബോളിവുഡിൽ പോയി വിജയം നേടി. ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ കമ്പനി മേധാവികളിലൊരാളെ വിവാഹം ചെയ്ത് സെറ്റിലായി. ഇവർക്ക് ഏണി വെച്ച് പോലും ഇന്ന് അസിനടുത്തെത്താൻ പറ്റില്ലെന്നും ചിന്മയി തുറന്നടിച്ചു. 2010 ലാണ് അസിന് നേരെ നടപടിയെടുക്കുമെന്ന് നടികർ സംഘം പ്രഖ്യാപിച്ചത്. അന്ന് സംഘടനയുടെ ജനറൽ സെക്രട്ടറിയാണ് രാധാ രവി.
റെഡി എന്ന സിനിമയുടെ ഷൂട്ടിനായാണ് അസിനും നടൻ സൽമാൻ ഖാനും ശ്രീലങ്കയിലെത്തിയത്. തമിഴ്നാടും ശ്രീലങ്കൻ സർക്കാരും തമ്മിലുള്ള പ്രശ്നം നിലനിൽക്കെ അസിൻ ശ്രീലങ്കയിൽ പോയതിന്റെ പേരിലായിരുന്നു വിലക്ക്. എന്നാൽ വിലക്ക് അസിനെ കാര്യമായി ബാധിച്ചില്ല. കാരണം അപ്പോഴേക്കും അസിന് ബോളിവുഡിൽ തിരക്കേറിയിരുന്നു. 2016 ൽ വിവാഹിതയായ അസിൻ സിനിമാ ലോകം പൂർണമായും വിട്ടു.


Click it and Unblock the Notifications











