വിക്രമും നയന്‍താരയും ആദ്യമായി ഒന്നിക്കുന്നു
തമിഴകത്ത എല്ലാ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പവും നയന്‍താര വേഷമിട്ടിട്ടുണ്ട്. രജനികാന്ത് മുതല്‍ ഉദയനിധി സ്റ്റാലിന്‍ വരെ. പക്ഷെ ആ പട്ടികയില്‍ ചിയാന്‍ വിക്രം ഉണ്ടായിരുന്നില്ല. എന്നാലിതാ ആ കുറവ് ഇപ്പോള്‍ തീരും. ചിയാന്‍ വിക്രമും നയന്‍താരയും ആദ്യമായി ഒന്നിക്കുന്നു.
മുരുഗദോസും വിക്രമും ഇതുവരെ ഒന്നിച്ചൊരു ചിത്രം ചെയ്തിട്ടില്ല, പക്ഷെ മുരുഗദോസിന്റെ അസിസ്റ്റന്റ് ഡയറക്ടറായ ആനന്ദ ശങ്കറാണ് ഇപ്പോള്‍ വിക്രമിനെയും നയന്‍താരയെയും താരജോഡികളാക്കി പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. അരിമ നമ്പി എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ തമിഴകത്തെ മുന്‍നിര സംവിധായകരില്‍ ഇരിത്തുമുറപ്പിച്ചതാണ് ആനന്ദ ശങ്കര്‍.

നേരത്തെ, മലൈക്കോട്ടെ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഭൂപതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയും വിക്രമും താരജോഡികളാകുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. രാജ വര്‍ഷം എന്ന് പേരിട്ടിരുന്ന ചിത്രം പിന്നീട് പല കാരണങ്ങള്‍ കൊണ്ടും പകുതിയില്‍ വച്ച് മുടങ്ങി. അന്ന് മുതല്‍ വിക്രമും നയന്‍താരയും ഒന്നിക്കുന്നത് കാണാന്‍ കാത്തിരിയക്കുകയായിരുന്നു ആരാധകര്‍.
ഐ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിജയത്തോടെ വിക്രമിന്റെ താരമൂല്യം തമിഴില്‍ പതിന്‍മടങ്ങ് ഇരട്ടിച്ചിരിക്കുകയാണ്. വിജയ് മില്‍ട്ടന്റെ പത്ത് എന്‍ട്രതുക്കുള്ളെ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ വിക്രം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സമാന്തയാണ് ചിത്രത്തിലെ നായിക. അതു കഴിഞ്ഞാല്‍ വിക്രം ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് കടക്കും. അതിന് ശേഷമാവും ആനന്ദ് ശങ്കറിന്റെ ചിത്രം ചെയ്യുന്നത്.


Click it and Unblock the Notifications