'രണ്ടാം ഭാര്യ ഇമ്മനെ നല്ല രീതിയിൽ നോക്കുന്നു; ഒരു മകളുള്ള ഭാര്യയെ മതിയെന്ന് ഇമ്മൻ തീരുമാനിച്ചത്'
സംഗീത സംഗീത സംവിധായകൻ ഡി ഇമ്മൻ കഴിഞ്ഞ ദിവസം നടത്തിയ പരാമർശം തമിഴകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. ആദ്യ ഭാര്യ മോണിക്ക റിച്ചാർഡുമായുള്ള വിവാഹമോചനത്തിൽ നടൻ ശിവകാർത്തികേയനെ പരോക്ഷമായി കുറ്റപ്പെടുത്തി ഇമ്മൻ സംസാരിക്കുകയുണ്ടായി. ആരോപണം നിഷേധിച്ച് മോണിക്കയും രംഗത്തെത്തി. ഇമ്മൻ തന്നെ നിർബന്ധിച്ച് വിവാഹമോചനം നേടിയതാണെന്ന് തനിക്ക് ജീവനാംശം തന്നില്ലെന്നും മോണിക്ക തുറന്നടിച്ചു.
മോണിക്കയുമായി പിരിഞ്ഞ ശേഷം അമാലി ഉബാൾഡിനെയാണ് ഇമ്മൻ വിവാഹം ചെയ്തത്. അമാലിയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. ഇമ്മൻ രണ്ടാം വിവാഹത്തിന് തയ്യാറായതിനെക്കുറിച്ച് സംസാരിക്കുകയാണ് വിവാഹത്തിന് മുൻകൈയെടുത്ത കുടുംബസുഹൃത്തും നടിയുമായ കുട്ടി പത്മിനി. ഇമ്മൻ രണ്ടാമതും വിവാഹം ചെയ്യാനുണ്ടായ സാഹചര്യത്തെക്കുറിച്ചാണ് കുട്ടി പത്മിനി സംസാരിച്ചത്.

കഴിഞ്ഞത് കഴിഞ്ഞു, ഇനി എന്താണ് തീരുമാനമെന്ന് ചോദിച്ചപ്പോൾ വീണ്ടും വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നെന്ന് ഇമ്മൻ പറഞ്ഞു. കല്യാണം കഴിയാത്ത പെൺകുട്ടിയെ വേണ്ട, പെൺകുഞ്ഞിന്റെ അമ്മയായ സ്ത്രീയെ വിവാഹം ചെയ്യണമെന്ന് ഇമ്മൻ എന്നോട് പറഞ്ഞു. അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ പറയൂ, എനിക്ക് രണ്ട് പെൺമക്കളാണ്. അവരെനിക്ക് കൺമണികളാണ്. വീട്ടിൽ ഇപ്പോൾ ആരും ഇല്ലാത്തതിനാൽ ഡിപ്രഷൻ പോലെ തോന്നുന്നെന്നും തുറന്ന് പറഞ്ഞു. ഇമ്മന്റെ പിതാവും ഓപ്പണായി ഇക്കാര്യം എന്നോട് സംസാരിച്ചു.
അറിയാവുന്ന പെൺകുട്ടികൾ ആരെങ്കിലും ഉണ്ടെങ്കിൽ പറയണമെന്ന് ഞാൻ സുഹൃത്തുക്കളോട് പറഞ്ഞു. അങ്ങനെയാണ് അമാലിയുടെ കാര്യം അറിയുന്നത്. ഡിവോഴ്സായ അമാലിക്കും ഒരു മകളുണ്ട്. അമലയെ പോയി കാണാൻ ഞാനാണ് ഇമ്മനോട് പറഞ്ഞത്. ഡിവോഴ്സാകുന്നതിന് മുമ്പേ ഇമ്മന് അമാലിയുമായി അടുപ്പമുണ്ടായിരുന്നെന്ന് മോണിക്ക ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ അങ്ങനെയല്ല. 2020 ലാണ് വിവാഹമോചനം നടന്നത്. 2022 ലാണ് ഇമ്മനും അമാലിയും തമ്മിലുള്ള വിവാഹം നടന്നത്.

ഒരു വർഷം പരസ്പരം അടുത്തറിഞ്ഞ ശേഷമാണ് അമാലിയും ഇമ്മനും വിവാഹിതരായത്. മകളോടൊപ്പമാണ് അമാലി ഇമ്മന്റെ വീട്ടിലേക്ക് വന്നത്. അവർ വളരെ ഹാപ്പിയാണ്. അമ്മ മരിച്ച ശേഷം ഇമ്മനെ സന്തോഷത്തോടെ ഞാൻ കണ്ടിട്ടില്ല. മകന്റെ സമ്പാദ്യങ്ങൾ മൂന്ന് പെൺമക്കൾക്കും തുല്യമായി വീതിച്ച് നൽകുമെന്നാണ് കല്യാണത്തിന് ശേഷം ഇമ്മന്റെ പിതാവ് എന്നോട് പറഞ്ഞത്. ഇത്രയും നല്ല മനസുള്ള കുടുംബത്തെ മോണിക്ക മനസിലാക്കിയില്ലെന്നാണ് എനിക്ക് തോന്നുന്നത്.
ഇമ്മൻ ജീവനാംശമായി ഒന്നും കൊടുത്തില്ലെന്ന മോണിക്കയുടെ വാദം താൻ അംഗീകരിക്കില്ലെന്നും കുട്ടി പത്മിനി പറയുന്നു. ഇമ്മൻ എന്നോട് പറഞ്ഞത് പ്രകാരം ഇമ്മന്റെ ക്രെഡിറ്റ് കാർഡ് മോണിക്കയുടെ പക്കലുണ്ട്. കുട്ടികളുടെ പഠനത്തിന് ഇമ്മനാണ് ചെലവിടുന്നത്. മാസം ഒരു തുക നൽകുന്നുണ്ട്. ഇമ്മൻ നുണ പറയില്ലെന്നും കുട്ടി പത്മിനി വ്യക്തമാക്കി.
കുട്ടികളെ കാണാൻ പറ്റുന്നില്ല, കണ്ടാലും സംസാരിക്കുന്നില്ലെന്ന് ഇമ്മൻ കണ്ണ് കലങ്ങിക്കൊണ്ട് ഒരിക്കൽ എന്നോട് പറഞ്ഞിട്ടുണ്ട്. അമാലി ഇമ്മനെ നല്ല രീതിയിൽ നോക്കുന്നുണ്ട്. ഇമ്മാനെ മാത്രമല്ല അദ്ദേഹത്തിന്റെ പിതാവിനെയും ബഹുമാനിക്കുന്നു. അമാലിയുടെ മകൾ ഇമ്മനെ ഡാഡി എന്നാണ് വിളിക്കുന്നത്. അതെല്ലാം കാണുമ്പോൾ വളരെ സന്തോഷമുണ്ട്. ഇമ്മനും സന്തോഷത്തിലാണ്. ദയവായി കഴിഞ്ഞ കാര്യങ്ങൾ ആലോചിക്കാതിരിക്കുക. അത് കൊണ്ട് നമുക്ക് ഒരു പ്രയോജനവും ഇല്ലെന്നാണ് തനിക്ക് പറയാനുള്ളതെന്നും കുട്ടി പത്മിനി വ്യക്തമാക്കി.


Click it and Unblock the Notifications











