മനസിലുള്ളത് ആരോടും പറയില്ല; ഒരു ചിന്ത മാത്രം; പിരിയാൻ കാരണമായത്; വഴക്കിട്ടാൽ അടുത്ത സിനിമ; അടുത്ത വൃത്തങ്ങൾ
നടൻ ധനുഷും ഐശ്വര്യ രജിനികാന്തും നിയമപരമായി വിവാഹ ബന്ധം വേർപിരിഞ്ഞു. ചെന്നെെ കുടുംബ കോടതിയാണ് ബുധനാഴ്ച ഇവർക്ക് വിവാഹമോചനം അനുവദിച്ചത്. 18 വർഷം നീണ്ട് നിന്ന വിവാഹ ജീവിതമാണ് ഇരുവരും അവസാനിപ്പിച്ചിരിക്കുന്നത്. യാത്ര, ലിംഗ എന്നീ രണ്ട് മക്കൾ ഇരുവർക്കുമുണ്ട്. ഈ വർഷം ആദ്യമാണ് ധനുഷും ഐശ്വര്യയും വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്തത്. എന്നാൽ മൂന്ന് തവണ ഹിയറിംഗിന് വിളിച്ചപ്പോഴും ഇവർ വന്നിരുന്നില്ല.
ഇതോടെ ഇരുവരും വീണ്ടും ഒരുമിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ വന്നു. റിപ്പോർട്ടുകൾ പ്രകാരം രണ്ട് പേരുടെയും കുടുംബങ്ങൾ ഇതിന് ശ്രമിച്ചതാണ്. എന്നാൽ പിരിയാമെന്ന തീരുമാനത്തിൽ മാറ്റം വന്നില്ല. പിരിയാൻ തന്നെയാണ് തീരുമാനമെന്ന് കോടതിയിൽ ഇരുവരും അറിയിച്ചു.
രമ്യമായാണ് ഇരുവരും പിരിയുന്നത്. പരസ്പരം ആരോപണ പ്രത്യാരോപങ്ങൾ ഒന്നുമില്ല. മക്കളുടെ കാര്യത്തിൽ രണ്ട് പേരും ഉത്തരവാദിത്വം കാണിക്കുന്നു.

സിനിമകളുടെ തിരക്കുകൾക്കിടയിലും മക്കൾക്കൊപ്പം സമയം കണ്ടെത്താൻ ധനുഷ് ശ്രമിക്കുന്നുണ്ട്. എന്താണ് ഇവർക്കിടയിൽ പ്രശ്നമായതെന്ന് സംബന്ധിച്ച് പല അഭ്യൂഹങ്ങളും വന്നു. എന്നാൽ ഇരുവരും ഇതേക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല. റിപ്പോർട്ടുകൾ പ്രകാരം ധനുഷിന്റെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റവും രീതികളുമാണ് ഐശ്വര്യ രജിനികാന്ത് അകലാൻ കാരണമായത്.
ഇരുവരുടെയും അടുത്ത വൃത്തങ്ങൾ മാധ്യമങ്ങളോട് നേരത്തെ പറഞ്ഞത് ഇങ്ങനെയാണ്. വർക്ഹോളിക്കാണ് ധനുഷ്. സിനിമകളിൽ മാത്രമാണ് ഭൂരിഭാഗം സമയവും ശ്രദ്ധ നൽകുന്നത്. മറ്റെന്തിനേക്കാളും ധനുഷ് വർക്കിന് പ്രാധാന്യം നൽകുന്നു. വർക്ക് കമ്മിറ്റ്മെന്റുകളും യാത്രകളും ഔട്ട്ഡോർ ഷൂട്ടുകളും കുടുംബ ജീവിതത്തെ ബാധിച്ച ഒന്നിലേറെ സംഭവങ്ങൾ താര കുടുംബത്തിലുണ്ടായെന്നും അന്ന് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.

ധനുഷ് വളരെ പ്രെെവറ്റായ വ്യക്തിയാണെന്ന് അടുത്തറിയാവുന്നവർക്ക് അറിയാം. അടുത്ത സുഹൃത്തുക്കളോട് പോലും അധികമൊന്നും പങ്കുവെക്കില്ല. എന്താണ് ധനുഷിന്റെ മനസിലെന്ന് നമുക്ക് പറയാനാകില്ല. എപ്പോഴൊക്കെ ഐശ്വര്യയുമായി പ്രശ്നങ്ങളുണ്ടാകുന്നോ അപ്പോഴെല്ലാം പുതിയ സിനിമയിൽ ധനുഷ് ഒപ്പുവെക്കും. പരാജയപ്പെട്ട് തുടങ്ങിയ ബന്ധത്തിൽ നിന്നും അകലാൻ വർക്കിനെ ധനുഷ് ഉപയോഗിക്കുന്നു എന്ന് തോന്നിത്തുടങ്ങി.
ഇത് രണ്ട് പേരെയും ഏറെ ബാധിച്ചെന്ന് പ്രകടമായിരുന്നെന്നും അടുത്ത വൃത്തങ്ങൾ അന്ന് തുറന്ന് പറഞ്ഞു. തിരക്കുകളിലേക്ക് കടന്നിട്ടും ഒരുമിച്ചുള്ള ജീവിതം ഇവർക്ക് ബുദ്ധിമുട്ടായി. വേർപിരിയാമെന്ന ചിന്ത കുറച്ച് കാലമായി ധനുഷിന്റെയും ഐശ്വര്യയുടെയും മനസിലുണ്ടായിരുന്നെന്നും ഈ വൃത്തങ്ങൾ അന്ന് വ്യക്തമാക്കി.
നടി നയൻതാരയുമായി ബന്ധപ്പെട്ടുള്ള വിവാദം വലിയ ചർച്ചയായിരിക്കെയാണ് ധനുഷിന്റെ വിവാഹ മോചന വാർത്ത പുറത്ത് വരുന്നത്. നയൻതാര ഡോക്യുമെന്ററിയിൽ താൻ നിർമ്മിച്ച സിനിമയിലെ അണിയറ ദൃശ്യങ്ങൾ ഉപയോഗിച്ചതിനെതിരെ ധനുഷ് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ നടി മൂന്ന് പേജുള്ള തുറന്ന കത്ത് പുറത്ത് വിട്ടു. ധനുഷിനെതിരെ കടുത്ത വിമർശനമാണ് കത്തിൽ ഉന്നയിക്കുന്നത്. വിഷയം തമിഴകത്ത് വലിയ വിവാദമായി. എന്നാൽ കേസുമായി മുന്നോട്ട് പോകാനാണ് ധനുഷിന്റെ തീരുമാനം.


Click it and Unblock the Notifications











