കാമുകിയുടെ കൂടെ ചിലവഴിക്കാന്‍ പോയതാണ്; ഇന്ന് ഞാന്‍ കൂത്താടാത്ത തെരുവ് തമിഴ്‌നാട്ടില്‍ ഇല്ലെന്ന് ധനുഷ്
നടന്‍ ധനുഷ് വീണ്ടും തിയറ്ററുകളെ പൂരപ്പറമ്പക്കാന്‍ പോവുകയാണ്. പുതിയ സിനിമയായ വാത്തിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് തിരക്കുകൡലായിരുന്നു താരം. ധനുഷ് അധ്യാപകന്റെ വേഷത്തിലെത്തുന്ന ചിത്രമാണിത്. ഇതിനിടെ ഒരു പരിപാടിയില്‍ വച്ച് തന്റെ സിനിമയെ കുറിച്ചും സകൂള്‍ ജീവിതത്തെ കുറിച്ചുമൊക്കെ നടന്‍ തുറന്ന് സംസാരിച്ചിരിക്കുകയാണ്.
ചെറിയ പ്രായത്തില്‍ താന്‍ ട്യൂഷന് പോയിരുന്നതിനെ കുറിച്ചും അന്നത് കാമുകിയെ കാണാന്‍ വേണ്ടിയായിരുന്നുവെന്നുമാണ് ധനുഷ് പറഞ്ഞത്. പിന്നീട് പഠിത്തം ശരിയാവാതെ വന്നതോടെ ട്യൂഷന്‍ നിന്നു. പക്ഷേ ഞാന്‍ നടുതെരുവില്‍ നിന്ന് കൂത്താടാന്‍ പോവുന്ന ആളാണെന്ന് അധ്യാപകന്‍ പറഞ്ഞ ഡയലോഗിനെ മാസാക്കി മാറ്റിയിരിക്കുകയാണ് താരം.

ഇന്ന് താന്‍ കൂത്താടി നടക്കാത്ത തെരുവ് തമിഴ്‌നാട്ടില്‍ പോലുമില്ലെന്നാണ് ഈ കഥ പറഞ്ഞ് കൊണ്ട് ധനുഷ് സംസാരിച്ചത്. അധ്യാപകന്‍ ഏത് നേരത്ത് പറഞ്ഞ കാര്യമാണെങ്കിലും അത് തനിക്ക് നല്ലതായി മാറിയതിനെ പറ്റിയാണ് ധനുഷ് വിശദീകരിച്ചത്. ഒപ്പം മക്കള്‍ പഠിക്കുന്നത് കണ്ടതോടെയാണ് അതിന്റെ പ്രയാസങ്ങളൊക്കെ തനിക്ക് മനസിലായതെന്നും നടന്‍ കൂട്ടിച്ചേര്‍ക്കുന്നു.

'തൊണ്ണൂറുകളില്‍ നടക്കുന്നൊരു സിനിമയാണിത്. അതിലെ രസകരമായ കാര്യം തൊണ്ണൂറുകളില്‍ ഞാനൊരു സ്റ്റുഡന്റായിരുന്നു. ഇപ്പോള്‍ തൊണ്ണൂറുകളിലെ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നൊരു അധ്യാപകനായിട്ടാണ് അഭിനയിക്കുന്നത്. കാലം അത്രയും വേഗം ഓടി പോയി. ജൂലൈ വരുമ്പോള്‍ എനിക്ക് നാല്‍പത് വയസാവുമെന്ന്', ധനുഷ് പറയുന്നു. ഇതിന് പിന്നാലെ തന്നെ സ്‌കൂളില്‍ പഠിപ്പിച്ച ടീച്ചര്‍മാരെയും ട്യൂഷന് പോയതിനെ പറ്റിയുമൊക്കെയുള്ള കഥകള്‍ നടന്‍ പറഞ്ഞിരുന്നു.

'സ്‌കൂള്‍ ലൈഫില്‍ ഞാന്‍ ട്യൂഷന് ചേര്‍ന്നു. സത്യത്തില്‍ പഠിക്കാന്‍ വേണ്ടിയല്ല. എന്റേ ഗേള്‍ ഫ്രണ്ട് അവിടെ പഠിക്കുന്നുണ്ട്. അവളെ കാണാനും അവളുടെ കൂടെ സമയം ചിലവഴിക്കാന്‍ വേണ്ടിയാണ് പോയത്. ഒരു പത്തു ദിവസത്തോളം ട്യൂഷന് പോയി. അധ്യാപകന്‍ സ്ഥിരമായി ചോദ്യങ്ങള്‍ ചോദിച്ച് എന്നെ എണീറ്റ് നിര്‍ത്തി എല്ലാവരുടെയും മുന്നില്‍ അപമാനപ്പെടുത്തി കൊണ്ടേ ഇരുന്നു. ഇത് ശരിയാവില്ലെന്ന് മനസിലാക്കിയതോടെ ഞാന്‍ ട്യൂഷന് പോകുന്നത് തന്നെ നിര്‍ത്തിയെന്ന്', ധനുഷ് പറയുന്നു.

'അതിന് ശേഷം ട്യൂഷന്‍ ക്ലാസിന് പുറത്ത് വന്ന് നില്‍ക്കും. നമ്മള്‍ പുറത്തുണ്ടെന്ന് അകത്ത് ഇരിക്കുന്ന അവള്‍ക്ക് മനസിലാകണം. അതിന് യമഹ ബൈക്കില്‍ ഒരു ഹോണ്‍ ഉണ്ടായിരുന്നു. ആ ഹോണ്‍ അടിച്ച് കൊണ്ടേയിരിക്കും. എപ്പോഴൊക്കെ അതിലൂടെ പോകുന്നോ അപ്പോഴൊക്കെ ഉള്ളിലിരിക്കുന്ന ആള്‍ക്കുള്ള സിഗ്നല്‍ ആയി ആ ഹോണ്‍ അടിക്കുമായിരുന്നു. നമ്മുടെ ആള്‍ വന്നിട്ടുണ്ടെന്ന് ഉള്ളിലിരിക്കുന്ന അവള്‍ക്ക് മനസിലാവും'.

'കുറച്ച് കാലം കഴിഞ്ഞപ്പോള്‍ ഈ ഹോണ്‍ അടിക്കുന്നത് അകത്തിരിക്കുന്ന ആര്‍ക്കോ ഉള്ള സിഗ്നലാണെന്ന് അധ്യാപകന് മനസിലായി. ഒരു ദിവസം അദ്ദേഹം ക്ലാസിലെ കുട്ടികളോട് പറഞ്ഞു. 'ഇപ്പോള്‍ ഉള്ളിലിരുന്ന് പഠിച്ചു കൊണ്ടിരിക്കുന്ന നിങ്ങള്‍ എല്ലാം പഠിച്ചു പാസായി ഡിഗ്രി വാങ്ങി നല്ല നിലയില്‍ എത്തും.
പുറത്തൊരുത്തന്‍ ഹോണ്‍ അടിച്ചു സിഗ്നല്‍ കൊടുക്കുന്നില്ലേ. അവന്‍ നടുതെരുവില്‍ കൂത്താടാനാണ് പോകുന്നതെന്ന്', അദ്ദേഹം ഏതു നേരത്ത് പറഞ്ഞതാണെന്ന് അറിയില്ല, ഞാനിന്നു കൂത്താടാത്ത തെരുവുകള്‍ ഈ തമിഴ്നാട്ടില്‍ ഇല്ല. നമുക്കെന്താ, രാജാ മാതിരി ഇരിക്കുന്നില്ലേ...' എന്നുമാണ് ധനുഷ് പറഞ്ഞത്.


Click it and Unblock the Notifications











