അവിടെ എനിക്ക് വീട് പണിതാൽ എന്താണ്?; രജിനികാന്തിനെ തോൽപ്പിക്കാനെന്ന വാദത്തിനിടെ ധനുഷിന്റെ മറുപടി
അടുത്ത കാലത്ത് തമിഴകത്ത് മിക്കപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ നടനാണ് ധനുഷ്. ഐശ്വര്യ രജിനികാന്തുമായുള്ള വിവാഹ മോചനം, ഗായിക സുചിത്ര ഉന്നയിച്ച ആരോപണങ്ങൾ എന്നിവയാണ് ഇതിന് കാരണം. സൂപ്പർതാരം രജിനികാന്തിന്റെ മകളായ ഐശ്വര്യയുമായി ധനുഷ് പിരിഞ്ഞപ്പോൾ പല അഭ്യൂഹങ്ങളും വന്നു. ധനുഷിന്റെ ചില ബന്ധങ്ങളാണ് ഇതിന് കാരണമായതെന്നാണ് പ്രചരിച്ച ഗോസിപ്പ്.
മാത്രവുമല്ല വിവാഹ മോചനത്തിൽ ധനുഷിന് നേരെ വ്യാപക വിമർശവും വന്നു. രജിനികാന്തിന്റെ മരുമകൻ എന്ന പേര് തമിഴകത്ത് ധനുഷിന്റെ കരിയറിൽ വലിയ സ്വാധാനമുണ്ടാക്കിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ആരാധകനാണ് താനെന്ന് ധനുഷ് പല തവണ ആവർത്തിച്ചതാണ്. പേരും പ്രശസ്തിയുമായപ്പോൾ രജിനിയുടെ മകളെ ധനുഷ് ഉപേക്ഷിച്ചു എന്നാണ് ചില കടുത്ത രജിനി ആരാധകർ ഉന്നയിച്ച വാദം.

പിന്നാലെ രജിനിയുടെ വീടുള്ള പോയസ് ഗാർഡനിൽ 100 കോടിക്ക് മുകളിൽ ചെലവിട്ട് ധനുഷ് ബംഗ്ലാവ് പണിതതും ചർച്ചയായി. ഐശ്വര്യയും രജിനികാന്തുമായും ധനുഷിനുള്ള ഈഗോ ക്ലാഷാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്ന് വാദം വന്നു. ധനുഷിനോടും വീട്ടുകാരോടും രജിനിയുടെ വീട്ടിൽ അനാദരവ് കാണിച്ചെന്നും ഈ വാശിയാണ് കോടികൾ മുടക്കി അവിടെ വീട് പണിയാൻ കാരണമെന്നും ഗോസിപ്പുകൾ വന്നു.
ഇപ്പോഴിതാ തന്നെക്കുറിച്ച് വന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയാണ് ധനുഷ്. പോയസ് ഗാർഡനിൽ വീട് പണിയുന്നത് ഇത്ര വലിയ വിവാദമാകുമെന്ന് അറഞ്ഞിരുന്നെങ്കിൽ വീട് പണിയില്ലായിരുന്നു. ഞാൻ ആരുടെ ആരാധകനാണെന്ന് നിങ്ങൾക്ക് അറിയാം. രജിനി സാറുടെ വലിയ ആരാധകനാണ് ഞാൻ. അദ്ദേഹത്തിന്റെ വീട് പോയസ് ഗാർഡനിലാണ്. മുൻ മുഖ്യമന്ത്രി ജയലളിതയുടെയും വീട് അവിടെയാണ്. പോയസ് ഗാർഡനിൽ ഒരു വീട് പണിയുകയെന്നത് തന്റെ ആഗ്രഹമായിരുന്നെന്നും ധനുഷ് പറയുന്നു.

ഞാൻ ആരാണെന്ന് ശിവന് അറിയാം. എന്റെ മാതാപിതാക്കൾക്കും ആരാധകർക്കും അറിയാം. തുടക്ക കാലം മുതൽ തന്നെ ബോഡി ഷെയ്മിംഗിനും അനാവശ്യ വിവാദങ്ങൾക്കും ഇരയാക്കിയിട്ടുണ്ട്. എന്തുകൊണ്ട് തനിക്ക് പോയസ് ഗാർഡനിൽ ഒരു വീട് വാങ്ങിക്കൂടെന്നും ധനുഷ് ചോദിക്കുന്നു. പുതിയ ചിത്രം റായന്റെ ഓഡിയോ ലോഞ്ചിൽ പങ്കെടുക്കവെയാണ് താരത്തിന്റെ പരാമർശം. ഗായിക സുചിത്ര ഉന്നയിച്ച ആരോപണങ്ങൾക്കുള്ള മറുപടിയും ധനുഷിന്റെ വാക്കുകളിലുണ്ടെന്നാണ് ആരാധകർ പറയുന്നത്.
ധനുഷിനെതിരെ ഗുരുതര ആരോപണങ്ങളാണ് സുചിത്ര ഉന്നയിച്ചത്. സുചി ലീക്ക്സിന് പിന്നിൽ ധനുഷും സംഘവുമാണെന്നും കൈവിട്ട് പോയ ഒരു പ്രാങ്കാണിതെന്നും സുചിത്ര ആരോപിച്ചു. തന്റെ മുൻ ഭർത്താവ് കാർത്തിക് കുമാറും ധനുഷും ചേർന്നാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഫോട്ടോകൾ പുറത്ത് വിട്ടതെന്നും സുചിത്ര പറഞ്ഞു. ധനുഷിന്റെ കുടുംബം തകർന്നു. തന്നോട് ചെയ്ത ദ്രോഹത്തിന്റെ ഫലമാണിത്. ധനുഷും ഐശ്വര്യയും വിവാഹിതരായിരുന്നപ്പോൾ മറ്റ് ചിലരുമായി ഡേറ്റിംഗുണ്ടായി. ഇതാണ് ബന്ധം പിരിയാൻ കാരണമായതെന്നും സുചിത്ര വാദിച്ചു.


Click it and Unblock the Notifications