'ഓട്ടോഡ്രൈവറുടെ ലുക്കുള്ള നിങ്ങളാണോ ഹീറോ..?, അന്ന് കാറിൽ ഇരുന്ന് ഒരുപാട് കരഞ്ഞു'; പരിഹാസങ്ങളെ കുറിച്ച് ധനുഷ്!
തെന്നിന്ത്യൻ സിനിമയുടെ ഓൾറൗണ്ടറായ സൂപ്പർസ്റ്റാറാണ് ധനുഷ്. മാസ്-ആക്ഷൻ-റൊമാന്റിക് പെർഫോമൻസുകളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന പ്രതിഭ. ചടുലമായ ഡാൻസ് മൂവ്‌സ്, വൈകാരിക മുഹൂർത്തങ്ങൾ, മനസലിയിക്കുന്ന റൊമാൻസ് എന്നിങ്ങനെ എന്തും വഴങ്ങുന്ന അഭിനേതാണ് തമിഴകത്തിന്റെ ബ്രൂസ്ലീ ധനുഷ്. സൂപ്പർ സ്റ്റാർ പരിവേഷത്തിനൊപ്പം മികച്ച സിനിമകളും പ്രകടനങ്ങളുമാണ് ധനുഷിനെ വ്യത്യസ്തനാക്കുന്നത്.
നെപ്പോ കിഡ് എന്ന ടാഗ് ലൈനുമായാണ് സിനിമയിൽ എത്തിയതെങ്കിലും ഒട്ടനവധി അപമാനങ്ങളും പരിഹാസവും ഏറ്റുവാങ്ങിയാണ് ദേശീയതലത്തിൽ അംഗീകരിക്കപ്പെടുന്ന രീതിയിൽ താരം വളർന്നത്. അച്ഛൻ കസ്തൂരി രാജ സംവിധായകനായിരുന്നു. ജേഷ്ഠൻ സെൽവ രാഘവൻ സംവിധായകനും നടനുമാണ്. അച്ഛനും ജേഷ്ഠനുമാണ് സിനിമയിലേക്കുള്ള വഴി ധനുഷിന് തുറന്ന് കൊടുത്തത്.

പിന്നീട് സൂപ്പർസ്റ്റാർ രജിനികാന്തിന്റെ മകൾ ഐശ്വര്യ ധനുഷ് വിവാഹം ചെയ്തു. താരപുത്രൻ എന്ന ലേബലുമായാണ് സിനിമയിലേക്ക് വന്നതെങ്കിലും ഒരു നായകന് വേണ്ട സൗന്ദര്യമോ ആകാരഭംഗിയോ ധനുഷിന് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ സിനിമാപ്രേമികൾക്ക് നായകവേഷത്തിൽ ധനുഷിനെ അംഗീകരിക്കാൻ ആദ്യമൊക്കെ മടിയായിരുന്നു.
2002ൽ സഹോദരൻ സെൽവരാഘവൻ എഴുതി അച്ഛൻ കസ്തൂരി രാജ സംവിധാനം ചെയ്ത തുള്ളുവതോ ഇളമൈയായിരുന്നു ധനുഷിന്റെ അരങ്ങേറ്റ ചിത്രം. ധനുഷിനെ നായകനായി വെള്ളിത്തിരയിൽ കണ്ട് പ്രേക്ഷകരെല്ലാം ഞെട്ടി. ഇവൻ എങ്ങനെ നായകനായി എന്ന സംശയമായിരുന്നു സിനിമാപ്രേമികൾക്ക്. ധനുഷിൻ്റെ രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്തത് സെൽവരാഘവനായിരുന്നു.
സിനിമയുടെ സെറ്റിൽ വെച്ച് അപമാനിക്കപ്പെട്ട സംഭവം ധനുഷ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. സൗന്ദര്യത്തിന്റെ പേരിൽ വിമർശനം നേരിടുന്ന ധനുഷിനെ ചിലർ സമീപിച്ച് നായകൻ ആരാണെന്ന് ചോദിച്ചിരുന്നു. ധനുഷ് വേറൊരു ആളെ കാണിച്ച് അവനാണ് നായകനെന്ന് പറഞ്ഞു. പക്ഷെ നായകൻ ധനുഷാണെന്ന് വന്നവർക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ കിട്ടിയ അവസരത്തിൽ രൂപത്തിന്റെ പേരിൽ താരത്തെ പരിഹസിച്ചു.
ഓട്ടോഡ്രൈവറുടെ ലുക്കുള്ള നിങ്ങളാണോ ഹീറോ..? എന്നാണ് വന്നവർ ചോദിച്ചതെന്ന് പലപ്പോഴായി ധനുഷ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അന്ന് അപമാനം സഹിക്കാനാവാതെ ഏറെ നേരം താൻ കാറിലിരുന്ന് കരഞ്ഞതായും ധനുഷ് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇന്ന് കഥയാകെ മാറി പ്രായം നാൽപ്പതിൽ എത്തിയെങ്കിലും ഇപ്പോഴും ഇരുപതുകളുടെ ചെറുപ്പമാണ് ധനുഷിന്.

നാല് ദേശീയ അവാർഡുകൾ ധനുഷ് നേടിയിട്ടുണ്ട്. രണ്ട് തവണ മികച്ച നടനുള്ള ദേശീയ അവാർഡ് താരത്തിന് ലഭിച്ചു. അവശേഷിക്കുന്ന രണ്ടെണ്ണം നിർമ്മാതാവെന്ന നിലയിൽ അദ്ദേഹത്തിന് ലഭിച്ചതാണ്. ബോളിവുഡിൽ മാത്രമല്ല ഹോളിവുഡ് ചിത്രങ്ങളിലും ധനുഷ് അഭിനയിച്ചിട്ടുണ്ട്. ഇന്ന് ഏറ്റവും താരമൂല്യമുള്ള തെന്നിന്ത്യൻ സൂപ്പർ താരമാണ് ധനുഷ്. അതേസമയം ധനുഷും ഐശ്വര്യയും ചെന്നൈ കുടുംബ കോടതിയില്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കി.
പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനം-സെക്ഷൻ 13 ബി പ്രകാരമാണ് ഹർജി സമർപ്പിച്ചതെന്ന് ദമ്പതികളോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. നീണ്ട 18 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും വിവാഹമോചന ഹരജി ഫയല്‍ ചെയ്തത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.


Click it and Unblock the Notifications