'എന്റെ പ്രയോറിറ്റി എന്താണെന്ന് എനിക്ക് അറിയാം, ധനുഷ് ഒരു നല്ല അച്ഛൻ'; താരം പറഞ്ഞത് ഐശ്വര്യയെ കുറിച്ചോ?
വാത്തിയുടെ വൻ വിജയത്തിനുശേഷം ധനുഷിന്റെ മറ്റൊരു സിനിമ തിയേറ്ററുകളിലേക്ക് എത്താൻ പോവുകയാണ്. ക്യാപ്റ്റൻ മില്ലർ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലേക്ക് എത്തിയത്. ധനുഷിന്റെ ഈ വർഷത്തെ ബിഗ്ബജറ്റ് ചിത്രം കൂടിയാണ് ക്യാപ്റ്റൻ മില്ലർ. ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിന്റെ തീപ്പൊരി മിന്നിക്കുന്ന ട്രെയിലർ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങാണ്. ജനുവരി 12ന് പൊങ്കൽ റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.
അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത് സത്യജ്യോതി ഫിലിംസ് നിർമ്മിച്ച ഒരു വാർ ആക്ഷൻ ചിത്രമാണ് ക്യാപ്റ്റൻ മില്ലർ. ധനുഷിന് പുറമെ ശിവ രാജ്കുമാർ, സന്ദീപ് കിഷൻ, പ്രിയങ്ക മോഹൻ, ജോൺ കൊക്കൻ, നിവേദിത സതീഷ്, എഡ്വേർഡ് സോണൻബ്ലിക്ക് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

സിനിമയുടെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം ചെന്നൈയിൽ ഗംഭീരമായി നടന്നിരുന്നു. എല്ലാ തിരക്കുകളും മാറ്റിവെച്ച് മക്കൾക്കൊപ്പം പരിപാടിയിൽ പങ്കെടുക്കാൻ ധനുഷ് പറന്നെത്തി. ആൺമക്കൾ വളർന്നശേഷം ധനുഷ് എവിടെപോയാലും മക്കളെയും ഒപ്പം കൂട്ടും. ക്യാപ്റ്റൻ മില്ലറിന്റെ സെറ്റിൽ പോലും യാത്രയും ലിംഗയും ധനുഷിനൊപ്പം ഉണ്ടായിരുന്നു.
തമിഴിലെ സൂപ്പർ താരങ്ങളുടെ സിനിമകൾ റിലീസിന് എത്തും മുമ്പ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടാറുള്ളത് സിനിമകളുടെ ഓഡിയോ ലോഞ്ച് ചടങ്ങും അതിൽ സൂപ്പർ താരങ്ങൾ നടത്തുന്ന പ്രസംഗവുമാണ്. അത്തരത്തിൽ ജയിലർ, ലിയോ സിനിമകളുടെ റിലീസിന് മുമ്പ് രജിനികാന്തും വിജയിയും നടത്തിയ പ്രസംഗങ്ങളും വൈറലായിരുന്നു.
ഒപ്പം ചില വിവാദങ്ങളും രജിനികാന്ത്-വിജയ് ഫാൻസ് തമ്മിൽ തർക്കവും നടന്നിരുന്നു. ഇപ്പോഴിതാ ക്യാപ്റ്റൻ മില്ലർ ഓഡിയോ ലോഞ്ചിൽ സംസാരിക്കവെ ധനുഷ് നടത്തിയ പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ ചർച്ചയാവുകയാണ്. തന്റെ പ്രയോറിറ്റി എന്താണെന്ന് തനിക്ക് നന്നായി അറിയാമെന്നും അത് അനുസരിച്ചാണ് മുന്നോട്ട് പോകുന്നതെന്നുമാണ് ധനുഷ് പറഞ്ഞത്.
'എന്തൊക്കെ വെട്ടിപിടിച്ചാലും എന്തിന് പിന്നാലെ കുതിച്ചാലും മക്കൾക്ക് അസുഖം വന്നാൽ അത് വരെ നേടിയതൊന്നും ഒന്നും അല്ലെന്ന് തോന്നുമെന്നാണ് ധനുഷ് പ്രസംഗിച്ചത്. എന്ത് ചെയ്യുമ്പോഴും പറയുമ്പോഴും ഇപ്പോൾ ഒരുപാട് ആലോചിക്കണം. എന്ത് ചെയ്യുമ്പോഴും പറയുമ്പോഴും എത്ര ആലോചിച്ചാലും ചെയ്തത് നല്ല പ്രവൃത്തിയാണെങ്കിലും എപ്പോഴും ഒരു വിഭാഗം ആളുകൾ അതിനെ കുറ്റം പറയാനുണ്ടാകും.'

'എല്ലാവരെയും എന്ത് ചെയ്താലും കുറ്റം പറയുന്നതിലും വിമർശിക്കുന്നതിലുമാണോ സ്വാതന്ത്ര്യം ഇരിക്കുന്നത്. നല്ലവൻ, മോശക്കാരൻ എന്നതൊക്കെ തീരുമാനിക്കുന്നത് മുകളിൽ ഇരിക്കുന്നവനാണ്... അത് അപ്പോൾ നോക്കാം. എല്ലാത്തിനേയും മറന്ന് വേറെ എന്തിനൊക്കയോ വേണ്ടി ഓടുകയാണ് എല്ലാവരും. ഇതെല്ലാം നമ്മുടെ കുഞ്ഞിന് ഒരു പനി വന്നാൽ മാറും.'
'നേരത്തെ എന്തിന് പിന്നാലെയാണോ അലഞ്ഞിരുന്നത് അതെല്ലാം ഒരു അർത്ഥവുമില്ലാത്തതാണെന്ന് മനസിലാകും. കുഞ്ഞിന് എങ്ങനെയെങ്കിലും അസുഖം ബേധമായാൽ മതിയെന്ന് തോന്നും. നമ്മുടെ പ്രയോറിറ്റി എന്താണെന്നുള്ളത് അപ്പോൾ നമുക്ക് മനസിലാകും. അതുപോലെ എന്റെ പ്രയോറിറ്റി എന്താണെന്ന് എനിക്ക് നന്നായി അറിയാം', എന്നാണ് ധനുഷ് പ്രസംഗിച്ചത്. താരത്തിന്റെ പ്രസംഗത്തിലെ ഈ ഒരു ഭാഗം മാത്രം എടുത്ത് ആരാധകർ പ്രചരിപ്പിക്കുന്നുണ്ട്.
ധനുഷ് ഒരു നല്ല അച്ഛനാണെന്നാണ് ഭൂരിഭാഗം പേരുടെയും കമന്റുകൾ. പ്രയോറിറ്റിയെ കുറിച്ച് സംസാരിച്ചതിലൂടെ ധനുഷ് കുറ്റപ്പെടുത്തിയത് മുൻ ഭാര്യ ഐശ്വര്യ രജിനികാന്തിനെയാണെന്നായിരുന്നു മറ്റ് ചിലരുടെ കണ്ടെത്തലുകൾ. ഐശ്വര്യയുമായുള്ള പതിനെട്ട് വർഷം നീണ്ട ദാമ്പത്യം ഒരു വർഷം മുമ്പാണ് ധനുഷ് അവസാനിപ്പിച്ചത്. അതിനുശേഷം ധനുഷിന്റെ സംരക്ഷണയിലാണ് രണ്ട് മക്കളും. മക്കളുടെ കാര്യങ്ങൾക്ക് വേണ്ടി പക്ഷെ ഐശ്വര്യ എപ്പോഴും ധനുഷിനൊപ്പം നിൽക്കാറുമുണ്ട്.


Click it and Unblock the Notifications











