നിങ്ങൾക്കല്ല, നയൻതാരയ്ക്കാണ്; അത് കേട്ടതോടെ അസിന് മാറ്റം; കാരവാനിൽ പോയി കതകടച്ചു; ഗജിനിക്ക് പിന്നിൽ
സിനിമാ പ്രേക്ഷകർക്ക് മറക്കാനാകാത്ത നടിയാണ് അസിൻ. ലൈം ലൈറ്റിൽ നിന്നും മാറി നിൽക്കാൻ തുടങ്ങിയിട്ട് ഏറെ വർഷമായെങ്കിലും അസിനെ ആരാധകർ മറന്നില്ല. ഗജിനി എന്ന സിനിമയാണ് ഇതിന് പ്രധാന കാരണം. കൽപ്പന എന്ന കഥാപാത്രത്തെ അസിൻ അവിസ്മരണീയമാക്കി. ഗജിനിയുടെ ഹിന്ദി റീമേക്കിലൂടെ നടി ബോളിവുഡിലേക്കും കടന്നു. തന്റെ കരിയറിൽ നിർണായകമായ സിനിമ ഗജിനിയായിരുന്നെന്ന് അസിനും നേരത്തെ പറഞ്ഞിട്ടുണ്ട്.
സൂര്യ നായകനായെത്തിയ ഗജിനി സംവിധാനം ചെയ്തത് എആർ മുരുഗദോസാണ്. നടി നയൻതാരയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്. അസിന്റെയത്ര പ്രധാന്യം ഗജിനിയിൽ നയൻതാരയ്ക്കില്ലായിരുന്നു. ഈ ചിത്രത്തിൽ അഭിനയിച്ചത് തെറ്റായ തീരുമാനമായിപ്പോയെന്ന് നയൻതാര പിന്നീടൊരിക്കൽ പറഞ്ഞിട്ടുമുണ്ട്. അതേസമയം മുഴുനീള കഥാപാത്രം ലഭിച്ചിട്ട് പോലും അസിന് നയൻതാരയുടെ സാന്നിധ്യത്തിൽ നീരസം തോന്നിയെന്ന് അന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇതേക്കുറിച്ച് സംസാരിക്കുകയാണ് അന്തനൻ.

നയൻതാരയ്ക്ക് പ്രാധാന്യം കൂടുന്നു എന്ന ആശങ്ക അസിനെ അതൃപ്തയാക്കിയെന്ന് ഇദ്ദേഹം പറയുന്നു. ചെന്നെെയിലെ ഒരു റെയിൽവേസ്റ്റേഷനിൽ ഷൂട്ട് ചെയ്യാൻ പെർമിഷൻ വാങ്ങി. അക്കാലത്ത് റെയിൽവേ സ്റ്റേഷനിൽ ഷൂട്ടിന് അനുമതി ലഭിക്കുക ബുദ്ധിമുട്ടാണ്. രണ്ട് ദിവസം അവിടെ ഷൂട്ടുണ്ടായിരുന്നു. അത് പറ്റില്ല, ഒരു ദിവസം ഷൂട്ട് ചെയ്യാമെന്ന് അധികൃതർ പറഞ്ഞു. അതിനായി വലിയ തുക ഡെപ്പോസിറ്റ് ചെയ്തു. രാത്രി 9 മണി മുതൽ രാവിലെ രണ്ട് മണി വരെ ഷൂട്ട് ചെയ്യാം.
മുംബൈയിൽ നിന്നും തട്ടിക്കൊണ്ട് പോകൽ സംഘത്തിൽ നിന്നും രക്ഷപെടുത്തിയ കുട്ടികളുമായി അസിൻ ചെന്നെെയിലെ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്നതാണ് സീൻ. അസിൻ വന്നു. അസിനും മുരുകദോസും ഭക്ഷണം കഴിച്ചു. സംസാരിച്ച് കൊണ്ടിരിക്കവെ അടുത്ത ഗാന രംഗം എപ്പോഴാണ് എടുക്കുകയെന്ന് അസിൻ ചോദിച്ചു. അത് നിങ്ങൾക്കല്ല മാഡം, നയൻതാരയ്ക്കാണെന്ന് പറഞ്ഞു. അസിൻ ടെൻഷനായി. കാരവാനിൽ പോയി കതകടച്ചു.

രണ്ട് മണിക്കൂറോളം കതക് തുറന്നില്ല. മുരുകദോസ് അസിസ്റ്റൻസിനെ വിട്ട് കതകിൽ തട്ടി. കതക് തുറന്ന അസിൻ എനിക്ക് വയറ് വേദനയാണ്, അഭിനയിക്കാൻ പറ്റില്ലെന്ന് പറഞ്ഞു. മുരുകദോസിന് ദേഷ്യം വന്നു. ഷൂട്ടിംഗിന് പ്രത്യേക അനുമതി വാങ്ങിയതാണ്. എന്നാൽ അസിൻ ഇതൊന്നും ഗൗനിച്ചില്ല. അസിനോട് കടുത്ത നീരസം സംവിധായകന് തോന്നിയെന്നും അന്തനൻ പറയുന്നു.
സിനിമാ ചിത്രീകരണത്തിനിടയിൽ നടന്ന അണിയറ കഥകൾ ഫിലിം ജേർണലിസ്റ്റായ അന്തനൻ തമിഴ് മീഡിയകളുമായി പങ്കുവെക്കാറുണ്ട്. ഗജിനിയിൽ സഹ നായിക വേഷമാണ് ചെയ്തതെങ്കിലും നയൻതാര പിന്നീട് താര റാണിയായി മാറി. അതേസമയം അസിൻ ബോളിവുഡിലേക്ക് കടന്നെങ്കിലും കാര്യമായി ശ്രദ്ധിക്കപ്പെടാനായില്ല. 2016 ൽ വിവാഹിതയായ ശേഷം നടി അഭിനയ രംഗം വിട്ടു. ലൈം ലൈറ്റിൽ നിന്നും പൂർണമായും മാറി നിൽക്കുകയാണ് അസിനിന്ന്. സ്വന്തം ഫോട്ടോ പോലും അസിൻ ഇന്ന് പങ്കുവെക്കാറില്ല. രാഹുൽ ശർമ്മ എന്നാണ് ഭർത്താവിന്റെ പേര്. ഒരു മകളുമുണ്ട്.


Click it and Unblock the Notifications