ഫോട്ടോ ലീക്കായതാണോ ബന്ധം പിരിഞ്ഞതിന് കാരണം?; യഥാർത്ഥത്തിൽ സംഭവിച്ചതെന്തെന്ന് അനിരുദ്ധ്
തെന്നിന്ത്യൻ സിനിമാ മേഖലയിൽ സംഗീത സംവിധാനത്തിൽ തരംഗം സൃഷ്ടിച്ച വ്യക്തിയാണ് അനിരുദ്ധ് രവിചന്ദർ. 2012 ൽ പുറത്തിറങ്ങിയ ത്രീ എന്ന സിനിമയിലെ കെലെവെറി എന്ന ഗാനത്തിന് ശേഷമാണ് അനിരുദ്ധിന്റെ കരിയർ ഗ്രാഫ് മാറി മറിയുന്നത്. കത്തി, പേട്ട തുടങ്ങിയ സിനിമകളിലും മികച്ച ഗാനങ്ങൾ അനിരുദ്ധ് ഒരുക്കി. ചെറിയ പ്രായത്തിൽ തന്നെ കരിയറിൽ ശ്രദ്ധ നേടാൻ അനിരുദ്ധിന് കഴിഞ്ഞു. തൊട്ടതെല്ലാം ഹിറ്റാക്കുന്ന അനിരുദ്ധിന്റെ ഏറ്റവും പുതിയ ഹിറ്റ് ജയിലറിൽ ഗാനങ്ങളാണ്. കാവാലയ്യ എന്ന ഗാനം വൻ ജനശ്രദ്ധ നേടി.
ജവാനാണ് നടന്റെ ഏറ്റവും പുതിയ പ്രൊജക്ട്. റിലീസിനൊരുങ്ങുന്ന സിനിമയിലെ ഗാനങ്ങൾ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. പതിവിൽ നിന്ന് മാറി സമ്മിശ്ര പ്രതികരണമാണ് ഗാനങ്ങൾക്ക് ലഭിക്കുന്നത്. പ്രതീക്ഷകൾ വെറുതെയാകുമോ എന്ന ആശങ്കയും ആരാധകർക്കുണ്ട്. ഇന്ത്യൻ സിനിമാ ലോകം ഒന്നാകെ കാത്തിരിക്കുന്ന ജവാനിലെ പാട്ടുകൾ മോശമായാൽ അനിരുദ്ധിന്റെ താരത്തിളക്കത്തിൽ വലിയ മങ്ങലേൽക്കും. സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.

32 കാരനായ അനിരുദ്ധ് പലപ്പോഴും ഗോസിപ്പ് കോളങ്ങളിലും ഇടം പിടിച്ചിട്ടുണ്ട്. നടി ആൻഡ്രിയ ജെർമിയയുമായുള്ള പ്രണയമാണ് ഇതിൽ ഏറെ വാർത്താ പ്രാധാന്യം നേടിയത്. 19 വയസിലാണ് അനിരുദ്ധ് ആൻഡ്രിയയുമായി പ്രണയത്തിലായത്. അന്ന് നടിയുടെ പ്രായം 25 ഉം. അധികമാരും അറിയാതെ മുന്നോട്ട് പോയ പ്രണയം പിന്നീട് ബ്രേക്കപ്പിൽ അവസാനിച്ചു. ഇതിനിടെ തമിഴകത്ത് കോളിളക്കം സൃഷ്ടിച്ച ഒരു ഫോട്ടോയും പുറത്ത് വന്നു. അനിരുദ്ധും ആൻഡ്രിയയും ചുംബിക്കുന്ന ഫോട്ടോയായിരുന്നു ഇത്.
ഫോട്ടോ ലീക്കായതോടെ പ്രതികരണവുമായി ആൻഡ്രിയ രംഗത്തെത്തി ഈ പഴയ ഫോട്ടോ ആണിതെന്നാണ് ആൻഡ്രിയ വ്യക്തമാക്കിയത്. അനിരുദ്ധും താനും തമ്മിൽ മനോഹരമായ ബന്ധം ഉണ്ടായിരുന്നെന്നും എന്നാൽ ഇത് മുന്നോട്ട് പോയില്ലെന്നും ആൻഡ്രിയ പിന്നീട് വ്യക്തമാക്കി.

മുമ്പൊരിക്കൽ ഇതേക്കുറിച്ച് അനിരുദ്ധും സംസാരിച്ചിട്ടുണ്ട്. യഥാർത്ഥ പ്രണയമാണോ അതെന്ന് അറിയില്ല. നിലനിർത്താൻ ശ്രമിച്ചു. ഒരുപക്ഷെ പ്രായ വ്യത്യാസമായിരിക്കും ബ്രേക്ക് അപ്പിന് കാരണം. എന്നാൽ പിരിഞ്ഞതിന് ഇതാണ് കാരണമെന്ന് പറയാൻ പറ്റില്ല. യഥാർത്ഥ കാരണം ഞങ്ങൾ ഒത്ത് പോകാത്തതാണെന്നും അനിരുദ്ധ് വ്യക്തമാക്കി.
പിന്നീടൊരിക്കൽ നൽകിയ അഭിമുഖത്തിൽ ആൻഡ്രിയയോട് അനിരുദ്ധ് ക്ഷമ ചോദിക്കുകയുമുണ്ടായി. സമാനമായി നടൻ ഫഹദ് ഫാസിലും ആൻഡ്രിയയും ഒരു കാലത്ത് വാർത്താ പ്രാധാന്യം നേടിയിരുന്നു. ഫഹദും നടിയും പ്രണയത്തിലാണെന്നാണ് അന്ന് വന്ന റിപ്പോർട്ടുകൾ. 2013 ൽ പുറത്തിറങ്ങിയ അന്നയും റസൂലും എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിക്കവെയാണ് ഫഹദ് ആൻഡ്രിയയുമായി പ്രണയത്തിലായത്.
ആൻഡ്രിയയോട് തനിക്ക് പ്രണയമായിരുന്നെന്ന് ഫഹദ് തുറന്ന് പറഞ്ഞു. എന്നാൽ ഫഹദുമായി പ്രണയമില്ലെന്നാണ് ആൻഡ്രിയ ഒരു അഭിമുഖത്തിൽ പ്രതികരിച്ചത്. കാമുകീ കാമുകൻമാരായാണ് ആൻഡ്രിയയും ഫഹദും അന്നയും റസൂലിലും അഭിനയിച്ചത്. രാജീവ് രവി സംവിധാനം ചെയ്ത സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിൽ ചുരുക്കം സിനിമകളിലേ ആൻഡ‍്രിയ അഭിനയിച്ചിട്ടുള്ളൂ.
2014 ലാണ് ഫഹദ് ഫാസിൽ വിവാഹിതനായത്. നസ്രിയ നസീമിനെയാണ് നടൻ ഭാര്യയാക്കിയത്. 32 വയസിലായിരുന്നു ഫഹദിന്റെ വിവാഹം. അന്ന് നസ്രിയയുടെ പ്രായം 19 ഉം. അതേസമയം 37 കാരിയായ ആൻഡ്രിയ ഇപ്പോഴും അവിവാഹിതയായി തുടരുകയാണ്.


Click it and Unblock the Notifications