ബിഗ് ബോസിൽ കമൽ ഹാസന് പകരം എത്തുന്നത് നയൻതാരയോ; താരത്തെ ഷോയിലെത്തിച്ചാലുള്ള ഗുണം
ബിഗ് ബോസ് തമിഴിന്റെ എട്ടാം സീസൺ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഇത്തവണ അവതാരകനായി കമൽ ഹാസനില്ല. നേരത്തെ ഒപ്പുവെച്ച സിനിമകളുടെ തിരക്ക് കാരണം ഈ സീസണിൽ നിന്നും മാറി നിൽക്കുകയാണ് കമൽ. സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ട പ്രസ്താവനയിലാണ് കമൽ ഹാസൻ ഇക്കാര്യം വ്യക്തമാക്കിയത്. 2017 ൽ ബിഗ് ബോസ് തമിഴ് ആരംഭിച്ചത് മുതൽ കമൽ ഹാസനാണ് ഷോയുടെ അവതാരകൻ. ഏഴാം സീസൺ വരെയും മികച്ച രീതിയിൽ താരം മുന്നോട്ട് കൊണ്ട് പോയി.
കമൽ ഹാസൻ മാറി നിൽക്കുമ്പോൾ പകരം ആരെത്തുമെന്ന ചോദ്യം ഇതിനോടകം വന്നിട്ടുണ്ട്. കമലിന് ഒപ്പത്തിനൊപ്പം നിൽക്കാൻ പറ്റുന്ന വ്യക്തിപ്രഭാവമുള്ള ആൾ പകരം വരേണ്ടതുണ്ട്. ഇതാരായിരിക്കും എന്ന ചർച്ച സോഷ്യൽ മീഡിയയിൽ സജീവമാണ്. നടി നയൻതാര ഷോയുടെ അവതാരകയാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ട് ഇതിനകം വന്നിട്ടുണ്ട്.

താരമൂല്യം നോക്കിയാൽ നയൻതാര ബിഗ് ബോസ് പോലൊരു ഷോ മുന്നോട്ട് കൊണ്ട് പോകാൻ പറ്റിയ താരമാണ്. നടിയെ പോലെ ജനശ്രദ്ധ ലഭിക്കുന്ന മറ്റൊരു നായിക നടിയും ഇന്ന് തമിഴകത്തില്ല. നയൻതാര തൊടുന്നതെല്ലാം വിവാദമാണ്. ഇത് പോലൊരു താരം ബിഗ് ബോസ് ഷോയുടെ അവതാരകയായാൽ ഷോ ആവേശഭരിതമാകുമെന്ന് പ്രേക്ഷകരും പറയുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല.
ബിഗ് ബോസിന്റെ പ്രൊഡക്ഷൻ കമ്പനിയായ എൻഡെമോൾ ഷൈൻ നയൻതാരയുമായി ചർച്ച നടത്തുന്നുണ്ടെന്നാണ് വിവരം. നടൻ ശരത്കുമാർ അവതാരകനായെത്തിയേക്കുമെന്നും അഭ്യൂഹമുണ്ട്. 130 കോടി രൂപയാണ് ബിഗ് ബോസ് തമിഴ് ഏഴാം സീസണിന് കമൽ ഹാസൻ വാങ്ങിയ പ്രതിഫലം. ബിഗ് ബോസ് തമിഴിന്റെ അഞ്ചാം സീസണിൽ കുറച്ച് നാളത്തേക്ക് കമൽ ഹാസന് പകരം നടി രമ്യ കൃഷ്ണൻ അവതാരകയായി എത്തിയിരുന്നു. കമലിന് കൊവിഡ് പിടിപെട്ട സാഹചര്യത്തിലാണ് പകരം രമ്യയെത്തിയത്.

ബിഗ് ബോസിന്റെ എല്ലാ ഭാഷകളിലും അതത് ഭാഷകളിലെ സൂപ്പർതാരങ്ങളായ നടൻമാരാണ് അവതാരകരായി എത്താറ്. മലയാളത്തിൽ മോഹൻലാലും ഹിന്ദിയിൽ സൽമാൻ ഖാനും ഷോ അവതരിപ്പിക്കുന്നു. തെലുങ്കിൽ നാഗാർജുനയാണ് അവതാരകൻ. കന്നഡയിൽ സുദീപും. തമിഴ് സീസണിൽ നിന്നും കമൽ ഹാസൻ മാറുമ്പോൾ പകരം താരമൂല്യമുള്ളയാളെ ലഭിക്കേണ്ടതുണ്ട്.
നയൻതാരയാണ് ഷോയിലേക്ക് എത്തുന്നതെങ്കിൽ വലിയ പ്രതിഫലം തന്നെ താരത്തിന് നൽകേണ്ടി വരും. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായിക നടിയാണ് നയൻതാര. ഒരു സിനിമയ്ക്ക് അഞ്ച് കോടിക്കും പത്ത് കോടിക്കും ഇടയിലാണ് താരത്തിന്റെ പ്രതിഫലം. സിനിമകളിൽ അല്ലാതെ നയൻതാരയെ ആരാധകർ അഭിമുഖങ്ങളിൽ പോലും അധികം കണ്ടിട്ടില്ല. നടി അവതാരകയായി എത്തിയാൽ ഇങ്ങനെയൊരു പുതുമയും ബിഗ് ബോസ് എട്ടാം സീസണിന് ലഭിക്കും. ഷോയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വരാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.


Click it and Unblock the Notifications