'ജയിലറിൽ ആ ഡയലോഗ് പറഞ്ഞത് ധനുഷിനെ ഓർത്ത്; മകളെ അദ്ദേഹത്തിന് അത്രയും ഇഷ്ടമാണ്'
ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച് കൊണ്ട് മുന്നേറുകയാണ് രജിനികാന്ത് ചിത്രം ജയിലർ. തമിഴകത്തിന്റെ പ്രൗഡിയായി ജയിലറിന്റെ വിജയം മാറുന്നു. രജിനികാന്തിന്റെ താരമൂല്യത്തിന് ഒരു കോട്ടവും വന്നിട്ടില്ലെന്ന് ജയിലറിന്റെ വിജയം തെളിയിച്ചു. റിലീസ് ചെയ്ത് 13 ദിവസത്തിനുള്ളിൽ ആഗോളതലത്തിൽ 550 കോടി രൂപയിലേറെ കലക്ട് ചെയ്തു. ഇന്ത്യയിൽ മാത്രം 300 കോടി രൂപയാണ് ജയിലർ നേടിയ കലക്ഷൻ. ജയിലറിന് മുമ്പുള്ള രജിനിയുടെ ചില സിനിമകൾ ആരാധകരെ നിരാശപ്പെടുത്തിയിരുന്നു.
ഈ പരാതികൾക്കുള്ള മറുപടിയുമാണ് ജയിലറിന്റെ വിജയം. ജയിലറിന്റെ വിജയത്തിൽ തമിഴകം മുഴുക്കെ ആഘോഷത്തിലാണ്. നടന്റെ കടുത്ത ആരാധകരായ നിരവധി ഫിലിം മേക്കേർസ് പ്രശംസകളുമായെത്തി. തമിഴ് മാധ്യമങ്ങളിൽ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. ജയിലറിനെയും രജിനികാന്തിനെയും കുറിച്ച് തമിഴകത്ത് അറിയപ്പെടുന്ന സംവിധായകൻ പ്രവീൺ ഗാന്ധി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ജയിലറിലെ ഡയലോഗുകൾക്ക് രജിനിയുടെ ജീവിതവുമായി ബന്ധമുണ്ടെന്ന് ഇദ്ദേഹം പറയുന്നു. ക്ലെെമാക്സിൽ അച്ഛനോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് രണ്ട് മൂന്ന് തവണ അദ്ദേഹം ചോദിക്കുന്നുണ്ട്. അതിൽ ഒരു വേദനയുണ്ട്. അത് വെറും ഡയലോഗല്ല. അതവരുടെ ജീവിതമാണ്. ഡയലോഗ് പറയുമ്പോൾ അദ്ദേഹം ധനുഷിനെ മനസ്സിൽ ആലോചിച്ചിരിക്കാം, മകളെപ്പറ്റി ആലോചിച്ചിരിക്കാം. കുടുംബത്തിൽ എന്തോ നടക്കുന്നുണ്ട്, പക്ഷെ തന്നോട് പറയുന്നില്ലെന്ന് അദ്ദേഹത്തിന് തോന്നിയിരിക്കാം.
ഡിവോഴ്സ് ഒറ്റ രാത്രി കൊണ്ട് എടുത്ത തീരുമാനം അല്ല. നേരിട്ട് ഇതേപറ്റി ചോദിക്കാനും പറ്റില്ലല്ലോ. അച്ഛനോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് പല തവണ അവരോട് ചോദിച്ചിരിക്കാം. ടോപ് ആംഗിളിൽ അദ്ദേഹം ചിരിക്കുന്ന ഷോട്ട് ഉണ്ട്. ഒപ്പം ഒരു ഡയലോഗും. അവിടെ സിനിമയല്ല, അദ്ദേഹത്തിന്റെ ജീവിതം തന്നെയാണ്. കുടുംബത്തിൽ അദ്ദേഹത്തിന് വിഷമങ്ങളുണ്ടായി.

രണ്ട് പെൺമക്കളാണ്. അച്ഛനെന്ന നിലയിൽ പെൺമക്കളോടായിരിക്കും കൂടുതൽ സ്നേഹം. രണ്ട് പെൺമക്കളുടെയും ജീവിതമാണ് അദ്ദേഹത്തിന് പ്രധാനം. രണ്ട് പേരുടെയും ജീവിതത്തിൽ നടന്ന കാര്യങ്ങളിൽ വിഷമം തോന്നിയുട്ടുണ്ട്. ആ വിഷമമെല്ലാം ആ ഷോട്ടിൽ ഉണ്ടെന്നും പ്രവീൺ ഗാന്ധി വ്യക്തമാക്കി. ഐശ്വര്യ, സൗന്ദര്യ എന്നീ രണ്ട് പെൺമക്കളാണ് രജിനികാന്തിനുള്ളത്. കഴിഞ്ഞ വർഷമാണ് ഐശ്വര്യയും ഭർത്താവ് ധനുഷും വേർപിരിഞ്ഞത്.
17 വർഷം നീണ്ട വിവാഹബന്ധമാണ് ഇരുവരും അവസാനിപ്പിച്ചത്. 2005 ലാണ് ധനുഷും ഐശ്വര്യയും വിവാഹിതരായത്. മക്കളായ യാത്ര, ലിംഗ എന്നിവരുടെ കാര്യങ്ങൾ നോക്കുന്നത് രണ്ട് പേരും ചേർന്നാണ്. വിവാഹമോചനം രണ്ട് പേരുടെയും കുടുംബത്തെ വിഷമിപ്പിച്ചു. ഇരുവരെയും ഒരുമിപ്പിക്കാൻ രജിനികാന്തുൾപ്പെടെ ശ്രമിച്ചിരുന്നെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.
എന്നാൽ ഒരുമിച്ച് മുന്നോട്ടില്ലെന്ന തീരുമാനത്തിൽ രണ്ട് പേരും ഉറച്ച് നിന്നു. വിവാഹമോചനത്തിന് കാരണം എന്തെന്ന് ഇതുവരെയും വ്യക്തമല്ല. രജനിയുടെ ഇളയ മകൾ സൗന്ദര്യയുടെയും ആദ്യ വിവാഹബന്ധം പരാജയപ്പെട്ടതാണ്. ഗ്രാഫിക് ഡിസൈനറായ സൗന്ദര്യ 2010 ലാണ് വ്യവസായി അശ്വിൻ രാംകുമാറിനെ വിവാഹം ചെയ്തത്.
2015 ൽ ഇരുവർക്കും ഒരു മകനും പിറന്നു. 2017 ൽ ഇരുവരും വേർപിരിഞ്ഞു. 2019 ൽ നടനും ബിസിനസുകാരനുമായ വിശാഗൻ വനംഗമുടിയെ സൗന്ദര്യ വിവാഹം ചെയ്തു. കഴിഞ്ഞ വർഷം ദമ്പതികൾക്ക് ഒരു മകനും ജനിച്ചു. പെൺമക്കളോട് രണ്ട് പേരോടും വലിയ സ്നേഹം രജിനികാന്തിനുണ്ട്.


Click it and Unblock the Notifications