മുൻ കാമുകൻ പോയിട്ട് ഒരു വർഷം; ശ്രുതി ഹാസൻ പുതിയ ബന്ധത്തിൽ? സെലക്ഷൻ മോശമെന്ന് കമന്റ്
കമൽ ഹാസന്റെ മകൾ എന്ന പേരിനപ്പുറം സിനിമാ ലോകത്ത് തന്റേതായ സ്ഥാനം നേടാൻ ശ്രുതി ഹാസന് സാധിച്ചിട്ടുണ്ട്. കരിയറിലെ തുടക്ക കാലം മുതൽ ശ്രുതിയെക്കുറിച്ച് ഗോസിപ്പുകൾ വന്നു. എന്നാൽ നടി ഇത് കാര്യമാക്കാറില്ല. തെന്നിന്ത്യൻ സിനിമകളിലാണ് കൂടുതൽ സജീവമെങ്കിലും മുംബെെയിലാണ് ശ്രുതി ഹാസൻ താമസിക്കുന്നത്. ഏറെക്കാലമായി ഡൂഡിൽ ആർട്ടിസ്റ്റ് ശന്തനു ഹസാരികയുമായി പ്രണയത്തിലായിരുന്നു ശ്രുതി. അടുത്തിടെയാണ് ഇരുവരും ബ്രേക്കപ്പായത്.
താൻ ഇപ്പോൾ സിംഗിളാണെന്ന് സോഷ്യൽ മീഡിയയിലൂടെ ശ്രുതി വ്യക്തമാക്കുകയും ചെയ്തു. നടി വീണ്ടും പ്രണയത്തിലായോ എന്നാണിപ്പോൾ ആരാധകരുടെ ചോദ്യം. ഒരു യുവാവിനൊപ്പമുള്ള ശ്രുതിയുടെ ഫോട്ടോയാണ് ചോദ്യങ്ങൾക്ക് കാരണം. റെഡിറ്റിൽ ഇതേക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. 2024 മാർച്ച് മാസത്തോടെയാണ് ശ്രുതിയും മുൻ പങ്കാളി ശന്തനു ഹസാരികയും അകന്നത്.

ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റാതായതോടെ രമ്യമായി പിരിയുകയായിരുന്നെന്ന് ഇവരുടെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ രണ്ട് പേരും അൺ ഫോളോ ചെയ്തിട്ടുണ്ട്. ശ്രുതിക്കൊപ്പമുള്ള യുവാവിനെക്കുറിച്ച് പല കമന്റുകളും വരുന്നുണ്ട്. കാമുകൻമാരെ തെരഞ്ഞെടുക്കുന്നതിൽ ശ്രുതിയുടെ സെലക്ഷൻ വളരെ മോശമാണെന്ന് ചിലർ പരിഹസിച്ചു.
ശന്തനു ഹസാരികയുമായി പിരിഞ്ഞതിന് കാരണമെന്തെന്ന് ശ്രുതി ഹാസൻ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ശന്തനുവുമായി അടുത്തതിനെക്കുറിച്ച് മുമ്പൊരിക്കൽ ശ്രുതി ഹാസൻ സംസാരിച്ചിട്ടുണ്ട്. ശന്തനുവിനും എനിക്കും കോമൺ ഫ്രണ്ട്സ് ഉണ്ടായിരുന്നു. കലയോടും മ്യൂസിക്കിനോടും സിനിമയോടുമുള്ള സ്നേഹമാണ് ഞങ്ങളുടെ സൗഹൃദം വളർത്തിയത്.

ശന്തനുവിനെ പോലുള്ളവർ അപൂർവമാണ്. വളരെ കഴിവുള്ളയാളും കരുണയുള്ള ആളുമാണ്. വിഷ്വൽ ആർട്ടിസ്റ്റാണ്. എനിക്കത് പ്രചോദനമായി. നല്ല പെരുമാറ്റത്തിനും ദയക്കും മുൻഗണന നൽകാത്ത പല ആളുകളെയും ഞാൻ കണ്ടിട്ടുണ്ട്. പ്രത്യേകിച്ചും സിനിമാ രംഗത്ത്. എന്നാൽ ശന്തനു അങ്ങനെയല്ലെന്നും ശ്രുതി ഹാസൻ വ്യക്തമാക്കി.
ശന്തനുവുമായി വിവാഹ ജീവിതത്തിലേക്ക് കടക്കാൻ ശ്രുതി ഹാസൻ ആഗ്രഹിച്ചിരുന്നു, എന്നാൽ ശന്തനു ഇതിന് മടി കാണിച്ചതാണ് ബന്ധത്തിൽ പ്രശ്നമായതെന്ന് ബ്രേക്കപ്പിന് പിന്നാലെ അഭ്യൂഹങ്ങൾ വന്നു. 39 കാരിയാണ് ശ്രുതി ഹാസൻ. സലാർ എന്ന തെലുങ്ക് ചിത്രത്തിലാണ് ശ്രുതിയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്. വിവാഹിതയാകാത്തതിനെക്കുറിച്ച് ശ്രുതി നേരത്തെ സംസാരിച്ചിട്ടുണ്ട്. റിലേഷൻഷിപ്പ് ഇഷ്ടമാണെങ്കിലും വിവാഹത്തിലേക്ക് കടക്കാൻ തനിക്ക് ഭയമാണെന്നാണ് ശ്രുതി ഹാസൻ പറഞ്ഞത്.
സിനിമാ രംഗത്ത് വലിയ ഇടവേളയും ഒരിക്കൽ ശ്രുതി ഹാസന് വന്നിട്ടുണ്ട്. സിനിമയ്ക്കൊപ്പം മ്യൂസിക് കരിയറിനും ശ്രുതി പ്രാധാന്യം നൽകുന്നു. അക്ഷര ഹാസൻ എന്നാണ് ശ്രുതിയുടെ സഹോദരിയുടെ പേര്. കുറച്ച് സിനിമകളിൽ അക്ഷരയും അഭിനയിച്ചിട്ടുണ്ട്. കമൽ ഹാസന്റെ ഹെയ് രാം എന്ന സിനിമയിൽ ബാലതാരമായാണ് ശ്രുതി ഹാസൻ ആദ്യമായി അഭിനയിക്കുന്നത്. 2009 ൽ ലക്ക് എന്ന ഹിന്ദി സിനിമയിലൂടെ നായികയായി തുടക്ക കുറിച്ചു.
ഈ സിനിമ പരാജയപ്പെട്ടു. ശ്രുതി ഹാസന്റെ പ്രകടനവും വിമർശനം നേരിട്ടു. തെലുങ്ക് സിനിമാ രംഗത്തേക്ക് കടന്നതോടെയാണ് ശ്രുതി ഹാസൻ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് തമിഴിലും ജനപ്രീതി നേടി. ബോളിവുഡിൽ തുടർന്നും സാന്നിധ്യം അറിയിച്ചെങ്കിലും നടിക്ക് ഹിറ്റുകൾ ലഭിച്ചില്ല. തമിഴിൽ ഏഴാം അറിവ് ഉൾപ്പെടെയുള്ള സിനിമകൾ ശ്രദ്ധ നേടി. ശ്രുതി ഹാസന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications











