ഒരു അറ്റാച്ച്മെന്റ് വിജയോടുണ്ടായിരുന്നു; മറ്റുള്ളവരെ പോലെ ജീവിതം നശിപ്പിക്കാൻ തൃഷ തയ്യാറായില്ല; കുട്ടി പത്മിനി
തെന്നിന്ത്യൻ സിനിമാ ലോകത്തെ താരറാണിയെന്ന സ്ഥാനം തിരിച്ച് പിടിച്ചിരിക്കുകയാണ് തൃഷ. ബിഗ് ബജറ്റ് സൂപ്പർസ്റ്റാർ സിനിമകളാണ് തൃഷയെ തേടി തുടരെ വരുന്നത്. പൊന്നിയിൻ സെൽവനും ലിയോയ്ക്കും ശേഷം കമൽ ഹാസൻ-മണിരത്നം കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയിലാണ് തൃഷ ഒടുവിലായി ഒപ്പുവെച്ചിരിക്കുന്നത്. ഉയർച്ചകളും താഴ്ചകളും പല വട്ടം കരിയറിൽ കണ്ട തൃഷ എല്ലാ സാഹചര്യങ്ങളെയും പക്വതയോടെ അഭിമുഖീകരിച്ചു.
തൃഷയെക്കുറിച്ച് നടി കുട്ടി പത്മിനി മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കുട്ടിക്കാലം മുതൽ തൃഷയെ അറിയാവുന്നയാളാണ് കുട്ടി പത്മിനി. മറ്റ് നടിമാരിൽ നിന്നും തൃഷ വ്യത്യസ്തയാണെന്ന് കുട്ടി പത്മിനി പറയുന്നു.
മകളുടെ കുട്ടിക്കാലം മുതലുള്ള സുഹൃത്താണ് തൃഷ. എൽകെജി മുതൽ എന്റെ വീട്ടിൽ വരാറുണ്ട്. ശനിയാഴ്ചയും ഞായറാഴ്ചയും എല്ലാവരും ഒരുമിച്ച് കൂടും. ഈ അടുപ്പം വർഷങ്ങൾക്കിപ്പുറവും തുടർന്നു.

തൃഷ നടിയായി വരുമെന്ന് ഒരിക്കൽ പോലും പ്രതീക്ഷിച്ചിരുന്നില്ലെന്നും കുട്ടി പത്മിനി അന്ന് വ്യക്തമാക്കി. പാർട്ടികളും സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുന്നതുമെല്ലാം തൃഷയ്ക്ക് വളരെ ഇഷ്ടമാണ്. എത്ര തിരക്കായാലും സുഹൃത്തുക്കൾക്ക് വേണ്ടി കുറച്ച് സമയം തൃഷ ചെലവഴിക്കും. ഇത്രയും വലിയ താരമായിട്ടും ഈഗോ തൃഷയ്ക്ക് തീരെയില്ല. ജീവിതത്തിൽ ഞാൻ ഒരുപാട് നടിമാരെ കണ്ടിട്ടുണ്ട്. ഒരു നിലയിലെത്തിക്കഴിഞ്ഞതിന് ശേഷം നമ്മളോട് പഴയ സ്നേഹം അവർ കാണിക്കില്ല.
തൃഷ അങ്ങനെയല്ല. എവിടെ കണ്ടാലും ഹലോ ആന്റി എന്ന് പറഞ്ഞ് ഓടി വരും. എന്റെ മകളുടെ പിറന്നാളിന് അമേരിക്കയിൽ പോയിട്ടുണ്ട്. മകൾ അമേരിക്കയിൽ പഠിക്കുന്ന കാലത്ത് തൃഷ അവിടെ പോകാറുണ്ടായിരുന്നു. ഇന്നും തൃഷയൊരു കുട്ടിയെ പോലെയാണെന്നും കുട്ടി പത്മിനി പറഞ്ഞു.

നടൻ വിജയിനോട് തൃഷയ്ക്ക് തോന്നിയ അടുപ്പത്തെക്കുറിച്ചും കുട്ടി പത്മിനി സംസാരിച്ചു. വിജയോട് ഒരു അറ്റാച്ച്മെന്റ് തൃഷയ്ക്ക് വന്നിരുന്നു. എന്നാൽ അതവളുടെ വ്യക്തിപരമായി കാര്യമായതിനാൽ ഒന്നും പറയുന്നില്ല. തെലുങ്കിൽ മഹേഷ് ബാബുവും തൃഷയും തമ്മിലുള്ള കെമിസ്ട്രിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നെന്നും കുട്ടി പത്മിനി ചൂണ്ടിക്കാട്ടി.
ഈ സമയത്താണ് തൃഷയുടെ വിവാഹം നിശ്ചയിക്കുന്നത്. ചില കാരണങ്ങളാൽ നടി വിവാഹം വേണ്ടെന്ന് വെച്ചു. ആ തീരുമാനത്തിൽ അവളെ ഞാൻ അഭിനന്ദിക്കുന്നു. ഒരുപാട് പേർ സമൂഹത്തെ ഭയന്ന് സ്വന്തം ജീവിതം നശിപ്പിക്കും. എന്നാൽ അതിന്റെ ആവശ്യമേയില്ല. നിങ്ങൾക്ക് ഇഷ്ടമില്ലാത്ത ജീവിതം ജീവിക്കരുത്. ജീവിതം ഒരു ആഘോഷമാണ്. അത് വിട്ട് കൊടുക്കരുത്. തൃഷയുടെ തീരുമാനത്തെ ആര് ബഹുമാനിച്ചില്ലെങ്കിലും ഞാൻ ബഹുമാനിക്കുന്നു. മകൾ അവൾക്കിഷ്ടപ്പെട്ട ജീവിതം നയിക്കണമെന്നാണ് അമ്മ ആഗ്രഹിച്ചത്.
തൃഷയെ അമ്മ നല്ല രീതിയിൽ നോക്കുന്നുണ്ടെന്നും കുട്ടി പത്മിനി അന്ന് വ്യക്തമാക്കി. വ്യവസായിയായ വരുൺ മന്യനുമായാണ് തൃഷയുടെ വിവാഹനിശ്ചയം നടന്നത്. 2015 ലായിരുന്നു വിവാഹം നിശ്ചയിച്ചത്. എന്നാൽ അഭിപ്രായ വ്യത്യാസങ്ങൾ വന്നതോടെ വിവാഹത്തിൽ നിന്ന് ഇരുവരും പിന്മാറി. ഇതിന് കാരണമായി പല അഭ്യൂഹങ്ങളും വന്നെങ്കിലും ഇതേക്കുറിച്ച് പ്രതികരിക്കാൻ നടി തയ്യാറായില്ല.
40 കാരിയായ തൃഷ ഇന്നും മുൻനിര നായിക നടിയായി തുടരുന്നത് തമിഴകത്തെ അപൂർവ കാഴ്ചയാണ്. തിരക്ക് പിടിച്ച് സിനിമകൾ ചെയ്യാതെ മികച്ച സിനിമകൾക്കായി കാത്തിരിക്കുന്നതാണ് തൃഷയെ തുണയ്ക്കുന്നത്. മലയാളത്തിൽ റാം, ഐഡന്റിറ്റി എന്നീ സിനിമകളാണ് തൃഷയുടേതായി പുറത്തിറങ്ങാനുള്ളത്.


Click it and Unblock the Notifications











