മകന്റെ സിനിമ മുടങ്ങിയേക്കും; ഒന്നും അച്ഛൻ അറിഞ്ഞില്ല; തലമുറകളായി പ്രശ്നം തുടരുന്നു; പുതിയ വിവരം
നടൻ വിജയുടെ മകൻ ജെയ്സൺ സഞ്ജയുടെ സിനിമാ പ്രവേശനം ഏറെ ചർച്ചയായതാണ്. സംവിധായകനായാണ് ജെയ്സൺ കരിയർ തുടങ്ങുന്നത്. വിദേശത്ത് നിന്നും ഫിലിം മേക്കിംഗ് പഠനം പൂർത്തിയാക്കി വന്ന ജെയ്സൺ സഞ്ജയ്ക്ക് തുടക്കത്തിൽ തന്നെ വൻ അവസരമാണ് വന്നത്. ബിഗ് ബജറ്റ് സിനിമകളുടെ പണിപ്പുരയായ ലൈക പ്രൊഡക്ഷൻസാണ് ജെയ്സണിന്റെ ആദ്യ ചിത്രം നിർമിക്കാനിരുന്നത്. കമ്പനിയുമായി സഞ്ജയ് കരാറിൽ ഒപ്പുവെക്കുന്ന ഫോട്ടോയും പുറത്ത് വന്നു.
എന്നാൽ ഈ ചിത്രത്തിന്റെ മുന്നോട്ട് പോക്ക് അനിശ്ചിതത്വത്തിൽ തുടരുകയാണ്. കഴിഞ്ഞ വർഷം ആഗസ്റ്റ് മാസത്തിലാണ് ജെയ്സൺ സഞ്ജയും ലൈകയും ധാരണയിലെത്തിയത്. എന്നാൽ ഇതുവരെയും സിനിമയെക്കുറിച്ചുള്ള മറ്റൊരു വിവരവും ഔദ്യോഗികമായി പുറത്ത് വന്നിട്ടില്ല. കാസ്റ്റിംഗിൽ പോലും തീരുമാനമായിട്ടില്ല. ലൈക പ്രൊഡക്ഷൻസ് സിനിമാ നിർമാണത്തിൽ നിന്ന് പിന്മാറുകയാണെന്ന് കഴിഞ്ഞ ദിവസങ്ങളിലായി അഭ്യൂഹമുണ്ട്.

ഈ സാഹചര്യത്തിൽ ഇതേക്കുറിച്ച് സംസാരിക്കുകയാണ് മാധ്യമപ്രവർത്തകൻ ബിസ്മി. നിലവിൽ ചെയ്ത് കൊണ്ടിരിക്കുന്ന സിനിമകൾ പൂർത്തിയാക്കി നിർമാണത്തിൽ നിന്ന് മാറി നിൽക്കാനാണ് ലൈകയുടെ തീരുമാനം. ഒരുപക്ഷെ സഞ്ജയ്ക്ക് വാക്ക് കൊടുത്തതിനാൽ ഈ സിനിമയ്ക്കും കൂടി പണം മുടക്കാൻ സാധ്യതയുണ്ടെന്ന് ബിസ്മി പറയുന്നു. ഒരുപക്ഷെ ലൈക കൈയൊഴിഞ്ഞാൽ ജെയ്സൺ വിജയ്ക്ക് മുന്നിൽ പോയി സഹായം തേടുമോ എന്നത് സംശയമാണെന്നും ബിസ്മി പറയുന്നു.
അച്ഛനും മകനും തമ്മിലുള്ള പ്രശ്നത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ കേൾക്കുന്നുണ്ട്. പക്ഷെ ഒരു നടനെന്നതിനൊപ്പം രാഷ്ട്രീയ നേതാവുമായതിനാൽ അതേക്കുറിച്ച് അധികം സംസാരിക്കാൻ പറ്റില്ല. അച്ഛനും മകനും തമ്മിൽ അകൽച്ചയുണ്ടെന്നാണ് സംസാരം. വിജയ്ക്കുള്ള ഈഗോ മകനുമുണ്ടാകും. അത് വിട്ട് മകൻ അച്ഛന് മുന്നിൽ പോയി നിൽക്കുമോ എന്നത് ചോദ്യമാണെന്ന് ബിസ്മി പറയുന്നു.

വിജയ്ക്കും അച്ഛൻ എസ്എ ചന്ദ്രശേഖറിനും ഇടയിൽ ഈഗോ പ്രശ്നമുണ്ടായിരുന്നു. ഇന്ന് അടുത്ത തലമുറയിലും അത് ആവർത്തിക്കുന്നെന്ന് ബിസ്മി ചൂണ്ടിക്കാട്ടി. ജെയ്സൺ സഞ്ജയ് ലൈകയുമായി സിനിമയ്ക്ക് ഒപ്പുവെച്ച വിവരം വിജയ് അറിഞ്ഞിരുന്നില്ലെന്ന് ബിസ്മി പറയുന്നു. ഇദ്ദേഹത്തിന്റെ വാക്കുകൾ ഇതിനകം ആരാധകർക്കിടയിൽ ചർച്ചയാകുന്നുണ്ട്.
വിജയും പിതാവ് എസ്എ ചന്ദ്രശേഖറും തമ്മിലുണ്ടായ പ്രശ്നം നേരത്തെ വാർത്തയായതാണ്. തന്റെ അനുവാദമില്ലാത തന്റെ പേരിൽ രാഷ്ട്രീയ പാർട്ടി തുടങ്ങിയതിന് വിജയ് പിതാവിനെതിരെ പരാതി പോലും നൽകിയിട്ടുണ്ട്. വിജയെ സിനിമാ നടനാക്കാൻ ഏറെ പ്രയത്നിച്ചയാളാണ് സംവിധായകൻ കൂടിയായ എസ്എ ചന്ദ്രശേഖർ. ആദ്യ കാലത്ത് നടന്റെ സിനിമകൾ പോലും തീരുമാനിച്ചത് ഇദ്ദേഹമാണ്.
എന്നാൽ താര പദവി ലഭിച്ച് തുടങ്ങിയത് മുതൽ വിജയ് തീരുമാനങ്ങളെടുത്തു. രാഷ്ട്രീയത്തിലേക്ക് കടന്ന് വന്നിരിക്കുന്ന വിജയ് സിനിമാ രംഗത്ത് നിന്നും പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അണിയറയിൽ ഒരുങ്ങുന്ന ഗോട്ട് ആണ് നടന്റെ അവസാന ചിത്രം. സിനിമയിലേത് പോലെ രാഷ്ട്രീയത്തിലും വിജയ് ശോഭിക്കുമോ എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications