പ്രിയാമണിയും അമ്മയും വന്ന് പറഞ്ഞത്; ഞാൻ ദേഷ്യപ്പെട്ടു; പിന്നെ കണ്ടത് 15 വർഷത്തിന് ശേഷം; വെളിപ്പെടുത്തി അമീർ
അഭിനയിച്ച ഭാഷകളിലെല്ലാം ശ്രദ്ധേയ പ്രകടനം കാഴ്ച വെക്കാൻ സാധിച്ച നടിയാണ് പ്രിയാമണി. മലയാളത്തിലും തമഴിലും തെലുങ്കിലും കന്നഡയിലും ശ്രദ്ധിക്കപ്പെട്ട പ്രിയാമണിക്ക് ഇന്ന് ബോളിവുഡിൽ നിന്നും അവസരങ്ങൾ ലഭിക്കുന്നു. ഫാമിലി മാൻ എന്ന സീരീസിന് ശേഷമാണ് പ്രിയാമണി പാൻ ഇന്ത്യൻ തലത്തിൽ അറിയപ്പെടാൻ തുടങ്ങിയത്. നടിയുടെ കരിയറിൽ ഏവരും എടുത്ത് പറയുന്ന സിനിമയാണ് 2007 ൽ പുറത്തിറങ്ങിയ പരുത്തിവീരൻ. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും ഈ സിനിമയിലൂടെ പ്രിയാമണി നേടി. മുത്തഴക് എന്ന കഥാപാത്രത്തെയാണ് പരുത്തിവീരനിൽ പ്രിയാമണി അവതരിപ്പിച്ചത്.
കാർത്തിയാണ് ചിത്രത്തിൽ നായകനായി അഭിനയിച്ചത്. പ്രിയാമണിയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ പരുത്തിവീരന്റെ സംവിധായകൻ അമീർ. നടിയെക്കുറിച്ച് ഒരു വെളിപ്പെടുത്തലും സംവിധായകൻ നടത്തി. മുത്തഴക് എന്ന കഥാപാത്രത്തിനായി രണ്ട് പെൺകുട്ടികളെ കണ്ട് വെച്ചിരുന്നു. ആര് നായികയാണെന്ന് പ്രധാനമല്ല. പക്ഷെ ഒരു വിഷയത്തിൽ എനിക്ക് നിർബന്ധം ഉണ്ടായിരുന്നു. തമിഴ് സംസാരിക്കാൻ അറിയുന്ന പെൺകുട്ടി വേണമായിരുന്നു. ഡയലോഗിനെ ഉൾക്കൊണ്ട് എക്സ്പ്രഷൻ കൊടുക്കണം.

ആ സമയത്ത് ഒരു ക്യാമറമാന്റെ മകളെയും പരിഗണിച്ചിരുന്നു. ഭാരതിരാജയുടെ മകൻ കുമാർ മുഖേനയാണ് പ്രിയാമണിയുടെ പേര് നിർദ്ദേശിക്കപ്പെട്ടത്. ഭാരതിരാജയുടെ കൺകളാൽ കൈത് സെയ് എന്ന സിനിമയിൽ പ്രിയാമണി അന്ന് അഭിനയിച്ചിട്ടുണ്ട്. സ്ക്രീൻ ടെസ്റ്റ് ചെയ്തപ്പോൾ അവരുടെ മുഖം സിനിമയ്ക്ക് അനുയോജ്യമാണെന്ന് തോന്നി. തമിഴും അറിയാമായിരുന്നു. അങ്ങനെയാണ് പ്രിയാമണി ഈ ചിത്രത്തിലേക്ക് എത്തുന്നതെന്ന് അമീർ ചൂണ്ടിക്കാട്ടി.
പിന്നീട് നടന്ന സംഭവങ്ങളും ഇദ്ദേഹം തുറന്ന് പറഞ്ഞു. മുത്തഴക് എന്ന കഥാപാത്രമാണ് നായകന് മുകളിൽ നിൽക്കുന്നതെന്ന് എഴുതുമ്പോഴേ എനിക്ക് തോന്നിയിരുന്നു. അവർ കറക്ടായി അഭിനയിച്ചു. പക്ഷെ പ്രിയാമണിക്ക് വെയിലും അത്തരം അന്തരീക്ഷവുമൊക്കെ പുതിയ അനുഭവമാണ്. അവർ സങ്കടപ്പെട്ടു. ഞാൻ റൂമിൽ പോയി ശബ്ദമുയർത്തി. വെയിലത്ത് നീ മാത്രമാണോ കഷ്‌ടപ്പെടുന്നത് ഞാനുൾപ്പെടെ എല്ലാവരും കഷ്ടപ്പെടുന്നുണ്ട്, സിനിമയ്ക്ക് വേണ്ടിയാണെന്ന് പറഞ്ഞു.

പിന്നീട് ഡബ് ചെയ്യില്ലെന്ന് നടി പറഞ്ഞു. നിനക്ക് ദേശീയ അവാർഡ് വേണോ വേണ്ടയോ എന്ന് ഞാൻ ചോദിച്ചു. കോമഡി പറയാതെ പോകൂ സർ എന്ന് അവർ. ഡബ് ചെയ്യാൻ അറിയില്ലെന്ന് പറഞ്ഞപ്പോൾ നടിയുടെ കൂടെ ഡബ്ബിംഗ് തിയറ്ററിനുള്ളിൽ നിന്നു. അവരുടെ കൈയിൽ പിടിച്ചു. കൈ അമർത്തിയാൽ ശബ്ദം ഉയർത്തണം, കൈ അയച്ചാൽ ശബ്ദം കുറയ്ക്കണം എന്ന് പറഞ്ഞു. പ്രാദേശിക തമിഴ് ശൈലിയിൽ സംസാരിക്കണം. നടി ബാംഗ്ലൂരിൽ നിന്നാണ്.
എന്നാൽ അവസാന ഭാഗത്ത് ഡബ് ചെയ്യാനുണ്ട്. എന്നാൽ ന്യൂ ഇയറിന് ഒരു ഫംങ്ഷന് പോകാനുണ്ടെന്ന് പ്രിയാമണിയും അമ്മയും വന്ന് പറഞ്ഞു. ഇത്രയും വലിയ സിനിമ ഞാൻ കഷ്‌ടപ്പെട്ട് ചെയ്തിട്ട് അവസാന ഭാഗം ഡബ് ചെയ്യാതെ പോകുകയാണോ എന്ന് ഞാൻ ചോദിച്ചു. എനിക്ക് ദേഷ്യം വന്നു.
പോകുകയാണെങ്കിൽ പൊയ്ക്കോ, പക്ഷെ ഇനി ഡബ്ബിംഗിന് വരരുതെന്ന് ഞാൻ പറഞ്ഞു. സിനിമയിലെ അവസാന ഭാഗം മറ്റൊരു പെൺകുട്ടിയെ വെച്ചാണ് ഡബ് ചെയ്തത്. പതിനഞ്ച് വർഷത്തിന് ശേഷമാണ് പ്രിയാമണിയെ പിന്നീട് കണ്ടതെന്നും അമീർ വെളിപ്പെടുത്തി. പരുത്തിവീരന്റെ റിലീസിന്റെ സമയത്ത് പോലും പ്രിയാമണിയെ കണ്ടിരുന്നില്ലെന്നും അമീർ തുറന്ന് പറഞ്ഞു.


Click it and Unblock the Notifications