'ധനുഷ് മനപ്പൂർവം ചെയ്തതാണ്, സംവിധായകനുമായി ധാരണ'; നസ്രിയ പ്രതികരിച്ചത് മാത്രമല്ല വിഷയം
തമിഴകത്ത് മിക്കപ്പോഴും ധനുഷിനെതിരെ ആരോപണങ്ങൾ വരാറുണ്ട്. നിരവധി വിവാദങ്ങളിൽ ഇക്കാലയളവിനിടെ ധനുഷ് അകപ്പെട്ടു. നടി നയൻതാര ധനുഷിനെതിരെ മൂന്ന് പേജുള്ള തുറന്ന് കത്ത് പുറത്ത് വിട്ടത് വലിയ വാർത്തയായിരുന്നു. ഗായിക സുചിത്ര ഗുരുതര ആരോപണങ്ങളാണ് ധനുഷിനെതിരെ ഉന്നയിച്ചത്. എന്നാൽ സുചിത്രയുടെ വാക്കുകൾ മുഖവിലയ്ക്കെടുക്കാനാകില്ലെന്ന് നിരവധി പേർ ചൂണ്ടിക്കാട്ടി. പക്ഷെ ഇത് പോലെയായിരുന്നു നയൻതാരയുടെ ആരോപണം.
തന്നോട് പത്ത് വർഷത്തോളമായി ധനുഷ് ശത്രുത വെച്ച് പുലർത്തുന്നതിനെക്കുറിച്ച് നയൻതാര തുറന്നടിച്ചു. നയൻതാര ബിയോണ്ട് ദ ഫെയറി ടെയിൽ എന്ന ഡോക്യുമെന്ററിയാണ് പ്രശ്നങ്ങൾക്കാധാരം. ഈ കേസ് കോടതിയിലാണ്. നയൻതാര ധനുഷിനെതിരെ പങ്കുവെച്ച പോസ്റ്റ് നടി നസ്രിയ നസീം ഉൾപ്പെടെയുള്ളവർ ലെെക്ക് ചെയ്തിരുന്നു. ധനുഷും നസ്രിയയും നയ്യാണ്ടി എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എ ശർകുണം ആണ് ചിത്രം സംവിധാനം ചെയ്തത്. നിർമാതാവ് എസ് കതിരേശനും.

ഈ സിനിമയ്ക്ക് പിന്നിൽ നടന്ന കാര്യങ്ങളെക്കുറിച്ച് സംവിധായകൻ നന്ദു ഒരു തമിഴ് മീഡിയയിൽ നടത്തിയ വെളിപ്പെടുത്തലാണിപ്പോൾ ചർച്ചയാകുന്നത്. കതിരശേനും ധനുഷും തമ്മിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നെന്ന് നന്ദു പറയുന്നു. പൊല്ലാദവൻ എന്ന സിനിമയിലാണ് കതിരേശൻ പ്രൊഡ്യൂൂസറായെത്തിയത്. ധനുഷിനെ നെടും തൂണായി വെച്ചാണ് വെട്രിമാരൻ ഈ സിനിമയിലൂടെ സംവിധായകനായതും കതിരേശൻ നിർമാതാവായതും. കഷ്ടപ്പെട്ടാണ് സിനിമ റിലീസ് ചെയ്തത്. പടം ഹിറ്റായി.
നേരത്തെ തീരുമാനിച്ചത് പോലെ ധനുഷിന് ലാഭവിഹിതം നൽകി. അടുത്തതായി ഈ കോംബിനേഷനിൽ ആടുകളം എന്ന സിനിമയെടുത്തു. ഒരു വർഷം റിസേർച്ച് ഈ സിനിമയ്ക്ക് വേണ്ടി വന്നു. അതിനിടയിൽ ധനുഷ് പല സിനിമകളിലും അഭിനയിച്ചു. ആടുകളം ഹിറ്റായതോടെ വിജയം തലയ്ക്ക് പിടിച്ചു. കതിരേശൻ നിർമാതാവെന്ന നിലയിൽ അഹന്ത വന്നു.

ധനുഷ് ശമ്പളം ഉയർത്തിയത് കതിരേശന് അംഗീകരിക്കാനായില്ല. നിനക്ക് വിജയം തന്നെ ഞാൻ എന്തിന് ഇത്രയും പ്രതിഫലം തരണമെന്ന ചിന്ത കതിരേശന് വന്നു. പ്രശ്നങ്ങളുണ്ടെങ്കിലും ധനുഷും കതിരേശനും ചേർന്ന് നയ്യാണ്ടി എന്ന സിനിമയെടുത്തു. ധനുഷ് നയ്യാണ്ടിയെ മനപ്പൂർവം പരാജയപ്പെടുത്തിയതാണെന്ന് അക്കാലത്ത് സംസാരമുണ്ടായിരുന്നു. നിർമാതാവായ കതിരേശനെ തകർക്കുകയായിരുന്നു ലക്ഷ്യം.
മുമ്പ് അണ്ണാ എന്ന് വിളിച്ച് എണീറ്റയാൽ ഞാൻ നിർമാതാവായി എന്ന് പറഞ്ഞ് ഇരിക്കുന്നു. അതിൽ വ്യത്യാസമുണ്ട്. അത് കൊണ്ടാണ് ധനുഷിന് ഇയാളോട് നീരസം തോന്നിയതെന്നും നന്ദു പറയുന്നു. നയ്യാണ്ടിയുടെ സംവിധായകൻ എ ശർകുണവുമായി ചേർന്നായിരുന്നു ധനുഷിന്റെ നീക്കം. തനിക്ക് വേണ്ടി മറ്റൊരു സിനിമ ചെയ്യണമെന്ന് സംവിധായകൻ ധനുഷിനോട് ആവശ്യപ്പെട്ടിരുന്നു. നയ്യാണ്ടി പരാജയപ്പെട്ടെങ്കിലും കതിരേശനെ അത് ബാധിച്ചില്ലെന്നും നന്ദു പറയുന്നു. കിംഗ്സ്വുഡ് ന്യൂസ് എന്ന മീഡിയയോടാണ് പ്രതികരണം.
നേരത്തെ നയ്യാണ്ടിയുടെ സംവിധായകൻ ശർകുണത്തിനെതിരെ നായിക നസ്രിയ രംഗത്ത് വന്നിരുന്നു. തന്റെ അനുവാദമില്ലാതെ ഒരു മോശം രംഗം ഡ്യൂപ്പിനെ വെച്ച് ചെയ്തെന്നായിരുന്നു നസ്രിയയുടെ പരാതി. അന്ന് ഇത് വലിയ വിവാദമായിരുന്നു. ധനുഷ് വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല. ധനുഷിനൊപ്പം പിന്നീട് ഒരു സിനിമയിലും നസ്രിയ നസീം അഭിനയിച്ചിട്ടില്ല. നയൻതാരയുടെ പോസ്റ്റിന് ലെെക്ക് ചെയ്ത നടിമാരിൽ ഭൂരിഭാഗം പേരും ധനുഷിനൊപ്പം അഭിനയിച്ചവരാണ്. ശ്രുതി ഹാസൻ, അനുപമ പരമേശ്വരൻ, ഐശ്വര്യ ലക്ഷ്മി തുടങ്ങിവരെല്ലാം പോസ്റ്റിന് ലെെക്ക് ചെയ്തിരുന്നു.


Click it and Unblock the Notifications