'രജിനികാന്തിന് മകന്‍ ഉണ്ടായിരുന്നെങ്കിൽ അനിരുദ്ധിനെ ഓര്‍ത്ത് അസൂയപ്പെടുമായിരുന്നു'; വിഘ്നേഷ് ശിവൻ പറഞ്ഞത്!
മെലഡി വേണോ... ഫാസ്റ്റ് നമ്പർ വേണോ അതോ കിടിലൻ ബിജിഎം മതിയോ... എന്തുവേണമെങ്കിലും അനിരുദ്ധിന്റെ കയ്യിൽ റെഡിയാണ്. നല്ല വെടിപ്പായി ചെയ്ത് തരും. അതുകൂടാതെ നല്ല ഒന്നാംതരമായി പാടിയും തരും. ഇന്ന് തെന്നിന്ത്യൻ പടങ്ങളുടെ ഹിറ്റ് ചേരുവയിൽ അനിരുദ്ധിന്റെ സംഗീതം ഇല്ലെങ്കിൽ എന്തോ ഒരു കുറവുള്ളതുപോലയാണ് ആരാധകന് അനുഭവപ്പെടാറുള്ളത്.
പിടിച്ചാൽ കിട്ടാത്ത ഉയരത്തിൽ പറന്ന് റോക്ക്സ്റ്റാറായി മാറി കഴിഞ്ഞു അനിരുദ്ധ്. കോൺസേർട്ടും സംഗീത സംവിധാനവുമെല്ലാമായി ഇരുപത്തിനാല് മണിക്കൂറും അനിരുദ്ധ് ബിസിയാണ്.
ജയിലർ കൂടി റിലീസ് ചെയ്തതോടെ തമിഴിലെ നമ്പർ താരമായി അനിരുദ്ധ് മാറി കഴിഞ്ഞു. ഇന്ത്യൻ സിനിമ ചരിത്രത്തിലെ തന്നെ ആദ്യത്തെ വൈറൽ ഹിറ്റെന്ന് പറയാവുന്ന വൈ ദിസ് കൊലവെറിയിലൂടെയാണ് അനിരുദ്ധ് പാട്ടുകൾ ആളുകളിലേക്ക് പടരാൻ തുടങ്ങിയത്. 2012ൽ ത്രി എന്ന ചിത്രത്തിന് വേണ്ടി പാട്ടൊരുക്കുമ്പോൾ അനിരുദ്ധിന് പ്രായം വെറും 21 മാത്രമായിരുന്നു. കരിയറിൽ ഒരു ദശബ്ദക്കാലം എന്ന നാഴികക്കല്ല് വെറും മുപ്പത്തിരണ്ടാം വയസിൽ പിന്നിടുകയാണ് അനിരുദ്ധ് രവിചന്ദർ.

പ്രതിഫലത്തിന്റെ കാര്യത്തില്‍ അനിരുദ്ധ് റഹ്മാനെ കടത്തിവെട്ടിയെന്നാണ് അടുത്തിടെ വന്ന ചില റിപ്പോർട്ടുകൾ പറയുന്നത്. കടുത്ത രജിനികാന്ത് ആരാധകൻ കൂടിയാണ് അനിരുദ്ധ്. അതുകൊണ്ട് തന്നെ ജയിലറിന് വേണ്ടി പാട്ടൊരുക്കാൻ വല്ലാത്തൊരു ആവേശമായിരുന്നു അനിരുദ്ധിന്. ഹുക്കും എന്ന ജയിലറിലെ വൈറൽ ഗാനത്തിന്റെ സംഗീതവും ഐഡിയയും അനിരുദ്ധിന്റേതാണ്.
ജയിലർ ഓഡിയോ ലോഞ്ചിൽ പങ്കെടുത്ത് സംസാരിക്കവെ സൂപ്പർ സ്റ്റാർ വാതോരാതെ സംസാരിച്ചതും അനിരുദ്ധിനെ കുറിച്ചാണ്. ഇപ്പോഴിതാ അനിരുദ്ധ്-രജിനികാന്ത് ബോണ്ടിങിനെ കുറിച്ച് സംവിധായകൻ വിഘ്നേഷ് ശിവൻ പറഞ്ഞ വാക്കുകളാണ് വൈറാലകുന്നത്.
ജയിലറിലെ ഒരു ഗാനരചയിതാവ് വിഘ്നേഷ് ശിവനാണ്. അനിരുദ്ധിന്റെ തലൈവർ ആരാധനയെ കുറിച്ച് അടുത്തറിയാവുന്ന ആളാണ് വിഘ്നേഷ് ശിവൻ. 'ജീവിതത്തിലുണ്ടാകുന്ന ചില നിമിഷങ്ങൾ വേണ്ടിയാണ് നമ്മൾ ജീവിക്കുന്നത്. അത്തരത്തിൽ ഒരു മൊമന്റാണ് തലൈവരുടെ മുമ്പിൽ ഞാൻ നിൽക്കുന്ന ഈ നിമിഷം.'
'ജയിലറിൽ അച്ഛൻ-മകൻ ബന്ധത്തെ കുറിച്ചുള്ള ഒരു പാട്ടാണ് ഞാൻ എഴുതിയിരിക്കുന്നത്. അത് ആലോചിക്കുമ്പോൾ സന്തോഷം തോന്നുന്നുണ്ട്. അതിന് കാരണം ഞാനും ഇപ്പോൾ രണ്ട് ആൺകുഞ്ഞുങ്ങളുടെ അച്ഛനാണ്. ഭാവിയിൽ അവർ വലുതാകുമ്പോൾ തലൈവരുടെ പടത്തിൽ ഞാൻ എഴുതിയ പാട്ട് വന്നുവെന്നത് ഞാൻ അവരോട് പറയും.'

'അതുപോലെ തന്നെ ഒരു കാര്യം കൂടി എനിക്ക് പറയാനുണ്ട്. രജിനി സാറിന് വേണ്ടി പാട്ട് ഒരുക്കുമ്പോൾ മാത്രം അനിരുദ്ധിന്റെ ജെനുവിനിറ്റിയും സ്നേഹവും ഒരുപാട് നമുക്ക് കാണാൻ സാധിക്കും. രജിനി സാറിന് രണ്ട് പെണ്മക്കള്‍ ഉണ്ടായത് കൊണ്ട് കുഴപ്പമില്ല. ഒരു മകന്‍ ഉണ്ടായിരുന്നുവെങ്കില്‍ അനിരുദ്ധിന്റെ രജിനികാന്ത് ആരാധന കണ്ട് അസൂയപ്പെട്ട് പോയേനെയെന്നും', വിഘ്നേഷ് ശിവന്‍ പറഞ്ഞു.
ഓഡിയോ ലോഞ്ച് ചടങ്ങിലേക്ക് അനിരുദ്ധ് എത്തിയപ്പോഴും കെട്ടിപിടിച്ച് ചുംബിക്കുന്ന സൂപ്പർസ്റ്റാറിന്റെ വീഡിയോ വൈറലായിരുന്നു. അനിരുദ്ധ് രവിചന്ദര്‍ ജയിലര്‍ ഓഡിയോ ലോഞ്ചില്‍ ഉള്‍പ്പടെ പെര്‍ഫോമന്‍സ് നടത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിൽ ഷെയർ ചെയ്യപ്പെട്ടിരുന്നു.
നടൻ രവി രാഗവേന്ദ്രയുടെ മകനും രജിനികാന്തിന്റെ അടുത്ത ബന്ധുവുമാണ് അനിരുദ്ധ്. രജിനിയുടെ ഭാര്യ ലതയുടെ അനന്തരവനാണ് അനിരുദ്ധ്. അതിനാൽ തന്നെ അനിരുദ്ധിനോട് രജിനിയ്ക്ക് പ്രത്യേക വാത്സല്യവുമുണ്ട്. രജിനികാന്തിന്റെ കടുത്ത ആരാധകനായ അനിരുദ്ധിന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമ ബാഷയാണ്.
ലോകം മുഴുവൻ സഞ്ചരിച്ചാലും വെജിറ്റേറിയൻ ആഹാരം മാത്രം കഴിക്കാൻ അനിരുദ്ധ് ശ്രദ്ധിക്കും. പാർട്ടികളും ആഘോഷങ്ങളും ഇഷ്‌ടമില്ലാത്ത അനിരുദ്ധ് കൂടുതൽ സമയവും ചെലവഴിക്കുക ആൽവാർപേട്ടിലെ സ്വന്തം സ്റ്റുഡിയോയിലാണ്.


Click it and Unblock the Notifications