ഇത് പോലും വിജയ് മകനെ പഠിപ്പിച്ചില്ലേ; ആരാധകർക്ക് പോലും നാണക്കേടാകും; താരപുത്രനെക്കുറിച്ച് പുതിയ വിവരം
തമിഴ് പ്രേക്ഷകർ അടുത്തിടെ ആഘോഷിച്ച വാർത്തകളിലൊന്നാണ് നടൻ വിജയുടെ മകൻ ജെയ്സൺ സഞ്ജയുടെ സംവിധായകനാകുന്നു എന്നവ പ്രഖ്യാപനം. വമ്പൻ പ്രൊഡക്ഷൻ കമ്പനിയായ ലൈകയാണ് ജെയ്സൺ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ നിർമ്മിക്കുന്നത്. ലൈകയുമായുള്ള കരാറിൽ ജെയ്സൺ സഞ്ജയ് ഒപ്പുവെക്കുന്ന ചിത്രം വലിയ തോതിൽ വൈറലായി. വിദേശത്ത് ടൊറന്റോയിൽ വെച്ച് ഫിലിം മേക്കിംഗിൽ ഡിപ്ലോമ, ലണ്ടനിൽ വെച്ച് സ്ക്രീൻ റെെറ്റിംഗഗിൽ ബിരുദം എന്നിവ പൂർത്തിയാക്കിയാണ് ജെയ്സൺ സംവിധാന രംഗത്തേക്ക് ചുവട് വെക്കുന്നത്.
ദളപതി വിജയുടെ മകൻ സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത് ആഘോഷമാക്കാനാണ് ആരാധകരുടെ തീരുമാനം. അതേസമയം സിനിമയുടെ ഷൂട്ട് തുടങ്ങിയിട്ടില്ല. കാസ്റ്റിംഗിലുൾപ്പെടെ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് വിവരം. തമിഴകത്ത് കുറച്ച് നാളുകളായി ജെയ്സണിന്റെ സംവിധാന അരങ്ങേറ്റം ചർച്ചയാണ്. ജെയ്സണിന് ലഭിച്ച അവസരം വിജയുടെ മകനായതിന്റെ പ്രിവിലേജാണെന്ന് വാദമുണ്ട്. സഹ സംവിധായകനായി പ്രവർത്തിച്ച് വർഷങ്ങളോളം അധ്വാനിച്ച ശേഷമേ പലർക്കും സംവിധായകനാകാൻ പറ്റുന്നുള്ളൂ.

പുതുമുഖ സംവിധായകരുടെ സിനിമകൾ നിർമ്മിക്കാൻ പ്രൊഡക്ഷൻ ഹൗസുകളും തയ്യാറാകുന്നില്ല. എന്നാൽ ജെയ്സണിന് വിജയുടെ മകനായതിനാൽ ഇത്തരം പ്രശ്നങ്ങളൊന്നും നേരിടേണ്ടി വന്നില്ല. സിനിമാ രംഗത്തെ നെപ്പോട്ടിസമാണ് ഇവിടെ തുറന്ന് കാട്ടപ്പെടുന്നതെന്ന് വിമർശകർ വാദിക്കുന്നു. എന്നാൽ വിജയുടെ ആരാധകർ ഈ വാദത്തെ എതിർക്കുന്നുണ്ട്. വിജയുടെ മകനായത് കൊണ്ട് സംവിധായകനായി പേരെടുക്കാൻ സാധിക്കില്ലെന്നും ജെയ്സണിന്റെ കഴിവും പ്രധാനമാണെന്നാണ് ആരാധകരുടെ എതിർവാദം.
എന്നാലിപ്പോൾ ആരാധകരെ നിരാശരാക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്. ജെയ്സൺ സംവിധാനം ചെയ്യാനിരിക്കുന്ന സിനിമ തുടങ്ങും മുമ്പേ ചില പ്രതിസന്ധികൾ നേരിടുണ്ടെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്. ജെയ്സണിന് തമിഴ് വായിക്കാനും എഴുതാനും അറിയില്ലെന്നാണ് വിവരം. ജെയ്സൺ തന്നെയാണ് സ്ക്രിപ്റ്റ് എഴുതുന്നത്. ഇംഗ്ലീഷിലുള്ള സ്ക്രിപ്റ്റ് നിലവിൽ തമിഴിലേക്ക് മറ്റൊരാൾ ട്രാൻസലേറ്റ് ചെയ്ത് കൊണ്ടിരിക്കുകയാണെന്ന് തമിഴ് സിനിമാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ആരാധകരെ നിരാശപ്പെടുത്തുന്ന വാർത്തയാണിത്. തമിഴകം ആഘോഷിക്കുന്ന നടനാണ് വിജയ്. സ്വന്തം മകനെ തമിഴ് പഠിപ്പിക്കാൻ പോലും വിജയ് മറന്നോ എന്നാണ് സോഷ്യൽ മീഡിയയിലെ ചോദ്യം. പൊതുവെ ഭാഷാ പൈതൃകത്തിന് വലിയ പ്രാധാന്യം നൽകുന്നവരാണ് തമിഴ് ജനത. പുറത്ത് വന്ന വാർത്ത സത്യമാണെങ്കിൽ ജെയ്സൺ സഞ്ജയുടെ ജനപ്രീതിയെ വലിയ തോതിൽ ഇത് ബാധിക്കും.
വിജയ്ക്കും വിമർശനങ്ങൾ വരും. ജെയ്സൺ സംവിധായകനാകുന്ന വാർത്ത പുറത്ത് വന്നെങ്കിലും മകന് പരസ്യമായി ഇതുവരെ വിജയ് ആശംസകൾ അറിയിച്ചിട്ടില്ല. തന്റെ മകന്നെ പേരിൽ അല്ലാതെ സ്വന്തം കഴിവിനാൽ ജെയ്സൺ ഉയർന്ന് വരണമെന്നാണ് വിജയ് ആഗ്രഹിക്കുന്നതെന്ന് സൂചനയുണ്ട്. എന്നാൽ തമിഴ് വശമില്ലെങ്കിൽ ജെയ്സണിന് മുന്നോട്ട് പോക്ക് ബുദ്ധിമുട്ടാകും.
49 കാരനായ വിജയ് സിനിമയ്ക്കപ്പുറം രാഷ്ട്രീയത്തിലേക്ക് കടന്ന് വരാനുള്ള തയ്യാറെടുപ്പിലാണ്. അടുത്തിടെയാണ് ഇതിന്റെ ഭാഗമായുള്ള നീക്കങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ലിയോയാണ് വിജയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. വൻ ഹിറ്റായ ചിത്രം സംവിധാനം ചെയ്തത് ലോകേഷ് കനകരാജാണ്. സഞ്ജയ് ദത്ത്, തൃഷ തുടങ്ങി വലിയ താരനിര സിനിമയിൽ അണിനിരന്നു. വിജയുടെ പുതിയ സിനിമാ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications