തമിഴ് സൂപ്പര്‍സ്റ്റാറുകളോട് മത്സരിക്കാന്‍ ദുല്‍ഖര്‍ സല്‍മാന്‍
തമിഴില്‍ ഒരേ ഒരു ചിത്രം മാത്രമേ ദുല്‍ഖര്‍ സല്‍മാന്‍ ചെയ്തിട്ടുള്ളൂ. ബാലാജി മോഹന്‍ സംവിധാനം ചെയ്ത ദ്വിഭാഷ ചിത്രമായ വായി മൂടി പേസുവോം. തമിഴകത്ത് ശരാശരി വിജയം മാത്രമേ ചിത്രത്തിന് ലഭിച്ചുള്ളൂ. എന്നിരിക്കിലും തമിഴകത്തെ മികച്ച പുതുമുഖത്തിനുള്ള വികതന്‍ അവാര്‍ഡ് ഈ ചിത്രത്തിലെ അഭിനയത്തിലൂടെ ദുല്‍ഖറിന് ലഭിച്ചു. തമിഴകത്തിന് ദുല്‍ഖറിന് നന്നേ ബോധിച്ചു എന്ന് മനസ്സിലാക്കാന്‍ ഇതില്‍പരം എന്ത് വേണം.
ഇപ്പോള്‍ തന്റെ രണ്ടാമത്തെ തമിഴ് സിനിമയുടെ തിരക്കിലാണ് ദുല്‍ഖര്‍. അതും ഇന്ത്യയിലെ പ്രശസ്ത സംവിധായകരില്‍ ഒരാളായ മണിരത്‌നത്തിന്റെ ചിത്രത്തിലെ നായകന്‍. ഓകെ കണ്‍മണി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നിത്യ മേനോനാണ് നായിക. കനിഹയും പ്രകാശ് രാജും മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ റിലീസിങ്ങിനായി തമിഴകത്തിനൊപ്പം മലയാളികളും കാത്തിരിക്കുന്നു.

ഒടുവില്‍ ലഭിയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം തമിഴിലെ മെഗാസ്റ്റാറുകള്‍ക്കൊപ്പമാണ് ദുല്‍ഖറിന്റെ മത്സരം. 2015 ല്‍ പ്രതിക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മണിരത്‌നം സംവിധാനം ചെയ്യുന്ന ഓകെ കണ്‍മണി. വര്‍ഷത്തില്‍ ഒരു സിനിമ ചെയ്യുന്ന മണിരത്‌നത്തിന്റെ സിനിമ എന്നാല്‍ തമിഴകം പ്രതീക്ഷയോടെ കാത്തിരിക്കും. തമിഴകം എന്ന് പറഞ്ഞാല്‍ ചുരുങ്ങിപ്പോവും, സിനിമാ ലോകം എന്നാണ് ശരി!
പറഞ്ഞു വന്നത് 2015 ല്‍ പ്രതീക്ഷയര്‍പിച്ച ചിത്രങ്ങള്‍. അതിലൊന്നാണ് ആഴ്ചകള്‍ക്ക് മുമ്പ് റിലീസായ വിക്രം- ശങ്കര്‍ കൂട്ടുകെട്ടിന്റെ ഐ ആണ്. ഇനി ഇറങ്ങുന്നത് അജിത്തിന്റെ എന്നൈ അറിന്താല്‍ ആണ്. ഏപ്രില്‍ മൂന്നിനോ പത്തിനോ ആയിരിക്കും ദുല്‍ഖറിന്റെ ഓകെ കണ്‍മണി റിലീസാകുന്നത്. ഉലകനായകന്‍ കമല്‍ ഹസന്റെ ഉത്തമ വില്ലനും, ഐ യ്ക്ക് ശേഷം എത്തുന്ന വിക്രമിന്റെ 10 എന്‍ട്രതുക്കുള്ളൈ എന്ന ചിത്രവും ഏകദേശം ഈ സമയത്ത് തന്നെയാവും റിലീസ് ചെയ്യുക.
ഇത് കൂടാതെ കാര്‍ത്തിയുടെ കൊമ്പന്‍, ആര്യ- വിജയ് സേതുപതി ടീമിന്റെ പുറമ്പോക്ക്, രാഘവ ലോറന്‍സിന്റെ മുനി 3, ജയം രവിയുടെ റോമിയോ ആന്റ് ജൂലിയറ്റ്, എന്നീ ചിത്രങ്ങളും ഏപ്രില്‍ ആദ്യവാരമോ രണ്ടാം വാരമോ തിയേറ്ററുകളിലെത്തും. മൂന്ന് മാസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ഓകെ കണ്‍മണി ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ്. എആര്‍ റഹ്മാന്റെയാണ് സംഗീതം.


Click it and Unblock the Notifications











