ശ്രീദേവി ഗംഭീരമായി അഭിനയിച്ചിട്ടും കാര്യമുണ്ടായില്ല; നടിയെ പോലും പിന്നിലാക്കി സിൽക് സ്മിത; അന്ന് നടന്നത്
തെന്നിന്ത്യൻ സിനിമാരംഗത്ത് ഒരു കാലത്ത് തരഗം സൃഷ്‌ടിക്കാൻ കഴിഞ്ഞ നടിയാണ് സിൽക് സ്മിത. മാദക താരമായി അറിയപ്പെട്ട സിൽക് സ്മിതയ്ക്ക് മുമ്പോ ശേഷമോ അതേപോലെ മറ്റൊരു നടിക്ക് ഉയർന്ന് വരാൻ കഴിഞ്ഞിട്ടില്ലെന്ന് ആരാധകർ പറയുന്നു. മരിച്ചിട്ട് വർഷങ്ങൾക്കിപ്പുറം സിൽക് സ്മിതയെന്ന പേരിന് ബഹുമാന്യ സ്ഥാനം സിനിമാ രംഗത്ത് ലഭിക്കുന്നു. മേക്കപ്പ് സഹായായി കരിയർ തുടങ്ങിയ സിൽക് സ്മിത പെട്ടെന്ന് തന്നെ അഭിനയ രംഗത്തേക്ക് കടന്ന് വന്നു.
നടി ആദ്യമായി അഭിനയിച്ചത് 'ഇണയെ തേടി' എന്ന മലയാള സിനിമയിലാണ്. എന്നാൽ ഈ സിനിമ ഏറെക്കാലം കഴിഞ്ഞാണ് റിലീസ് ചെയ്തത്. 'വണ്ടിച്ചക്രം' എന്ന ചിത്രത്തിലാണ് നടി തമിഴിൽ ആദ്യമായി നായികയായി അഭിനയിക്കുന്നത്. സിനിമയിലെ കഥാപാത്രത്തിന്റെ പേരായിരുന്നു സിൽക്. നടി ഈ പേര് ഒപ്പം ചേർത്തു. അങ്ങനെയാണ് സിൽക് സ്മിതയെന്ന താരത്തിന്റെ ഉദയം.

ഡാൻസ് മ്പറുകളിലൂടെ സിൽക് സ്മിതയുടെ ജനപ്രീതി വർധിച്ചു. സിൽക് സ്മിതയെ കാണാനായി മാത്രം ആളുകൾ തിയറ്ററിലെത്തി. സിൽക് സ്മിതയുടെ കരിയറിലെ ഉയർച്ചയെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് സിനിമാ, രാഷ്ട്രീയ നിരീക്ഷകനായ ഡോ കാന്തരാജ്.
എത്രയോ ഗ്ലാമറസ് നടിമാർ വന്നിട്ടുണ്ട്. എന്നാൽ സിൽക് സ്മിതയെ പോലെ ആഘോഷിക്കപ്പെട്ടവരില്ല. നായികനടിമാർ സിൽക് സ്മിതയുടെ പിന്നിലായി. സിൽക് സ്മിതയുണ്ടെങ്കിലേ പടം ഓടൂ എന്ന സാഹചര്യം. കമൽ ഹാസന്റെ മികച്ച സിനിമകളിലൊന്നുണ്ടായിരുന്നു. ശ്രീദേവി അതിൽ ഗംഭീരമായി അഭിനയിച്ചു. മുപ്പത് തവണയോളം ആ സിനിമ കണ്ടെന്ന് ഒരാൾ പറഞ്ഞു.

എന്തിനാണ് കണ്ടതെന്ന് ചോദിച്ചപ്പോൾ സിൽക് സ്മിതയുടെ ഡാൻസ് കാണാനെന്ന് പറഞ്ഞു. ജനശ്രദ്ധയിൽ കമലിനെയും ശ്രീദേവിയെയും പോലും സിൽക് സ്മിത പിന്നിലാക്കിയെന്നും കാന്തരാജ് വ്യക്തമാക്കി. റെഡ് നൂൽ പ്ലസ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം ആഘോഷിക്കപ്പെട്ട സിൽക് സ്മിതയ്ക്ക് ഒരു ഘട്ടത്തിൽ കരിയറിലും ജീവിതത്തിലും വീഴ്ച സംഭവിച്ചു. അവസരങ്ങൾ കുറഞ്ഞതോടെ സിനിമാ നിർമാണത്തിലേക്ക് നടി തിരിഞ്ഞിരുന്നു. ഈ സിനിമകൾ പരാജയപ്പെട്ടു. സാമ്പത്തിക നഷ്ടങ്ങളും വ്യക്തി ബന്ധങ്ങളിൽ വഞ്ചിക്കപ്പെടുകയും ചെയ്തതോടെയാണ് നടി ആത്മഹത്യ ചെയ്തതെന്ന് സിനിമാ ലോകത്ത് സംസാരമുണ്ട്. എന്താണ് ആത്മഹത്യക്ക് കാരണമെന്ന് കൃത്യമായ വിവരമില്ല. 1996 ലാണ് സിൽക് സ്മിത ലോകത്തോട് വിട പറയുന്നത്. സിൽക് സ്മിതയുടെ ജീവിതവും മരണവും ചുരുളഴിയാത്ത രഹസ്യം പോലെ തുടരുകയാണ്. സിൽക് സ്മിതയ്ക്ക് സാമ്പത്തിക പ്രശ്നങ്ങൾ ഇല്ലായിരുന്നെന്ന് വാദിക്കുന്നവരുമുണ്ട്.
മരണ വാർത്ത വന്നതിന്റെ തലേദിവസം രാത്രി സിൽക് സ്മിത തന്നെ വിളിച്ചതിനെക്കുറിച്ച് നടി അനുരാധ സംസാരിച്ചിരുന്നു. ഒരു കാര്യം പറയാനുണ്ട്, വീട്ടിലേക്ക് വരുമോ എന്ന് ചോദിച്ചാണ് വിളിച്ചത്. എന്നാൽ അന്ന് രാത്രി വീട്ടിലേക്ക് പോകാൻ പറ്റിയില്ല. രാവിലെ വരാമെന്ന് സ്മിതയോട് പറഞ്ഞു. എന്നാൽ രാവിലെ നടിയുടെ മരണവാർത്തയാണ് കേൾക്കുന്നത്.
എന്താണ് സിൽക് സ്മിത പറയാനിരുന്നത് എന്ന് അറിയാത്തതിൽ ഇന്നും വിഷമമുണ്ടെന്നും അനുരാധ അന്ന് വ്യക്തമാക്കി. സിൽക് സ്മിതയുടെ കുടുംബത്തെക്കുറിച്ചും ഇന്ന് ഒരു വിവരവും ലഭ്യമല്ല. തന്റെ കുടുംബത്തെക്കുറിച്ച് സിനിമാ രംഗത്ത് ആരോടും നടി സംസാരിച്ചിരുന്നില്ല. ആന്ധ്രപ്രദേശിലാണ് സിൽക് സ്മിത ജനിച്ചത്. ചെറിയ പ്രായത്തിൽ വിവാഹിതയായ സ്മിത വീട് വിട്ട് പോയി. പിന്നീടാണ് സിനിമാ രംഗത്തേക്ക് നടി കടന്ന് വന്നത്.


Click it and Unblock the Notifications