'വിവാദമായ വിവാഹം, ആര്യയുമായുള്ള പ്രായവ്യത്യാസം, മകളുടെ ജനനം'; മനസ് തുറന്ന് നടി സയേഷ
ഒരുപാട് വിമർശങ്ങൾക്കൊടുവിൽ വിവാഹിതരായ താര ജോഡികളാണ് ആര്യയും സയേഷയും. ഒരു വാലന്റൈൻസ് ദിനത്തിൽ ആയിരുന്നു സയേഷയും താനും തമ്മിലുള്ള പ്രണയബന്ധം ആര്യ പുറത്ത് വിട്ടത്. താൻ പ്രണയത്തിലാണെന്നും നടി സയേഷയെ വിവാഹം കഴിക്കാൻ പോവുകയാണെന്നും ആര്യ വെളിപ്പെടുത്തി. തൊട്ടടുത്ത മാസം ഇരുവരും വിവാഹിതരാവുകയും ചെയ്തു. 2019 മാർച്ച് 9, 10 ദിവസങ്ങളിലായി ഹൈദരാബാദിൽ വെച്ചായിരുന്നു താരവിവാഹം നടന്നത്. പരമ്പരാഗത മുസ്ലീം ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ. ബോളിവുഡിൽ നിന്നും തമിഴിലും തെലുങ്കിലുമൊക്കെയുള്ള പ്രമുഖ താരങ്ങളെല്ലാം തന്നെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
താരവിവാഹം കഴിഞ്ഞ് ഒരു മാസത്തോളം ഇവരുടെ വിവാഹത്തെ കുറിച്ചുള്ള വിശേഷങ്ങളായിരുന്നു സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിന്നത്. മാസങ്ങൾക്ക് മുമ്പാണ് ഇരുവർക്കും പെൺകുഞ്ഞ് ജനിച്ചത്. ആര്യയുടെ സുഹൃത്തും നടനുമായ വിശാൽ ആണ് ഈ വിശേഷം ആരാധകരെ അറിയിച്ചത്. പ്രസവം ആഘോഷമാക്കുന്ന നിരവധി സെലിബ്രിറ്റികൾ ഉള്ള കാലത്ത് സയേഷ പക്ഷെ ഗർഭിണിയായ വിവരമൊന്നും പുറത്തുവിട്ടിരുന്നില്ല. തെലുങ്ക് ചിത്രം അഖിൽ ആയിരുന്നു സയേഷയുടെ അരങ്ങേറ്റചിത്രം. 2017 ൽ അജയ് ദേവ്ഗണിന്റെ ശിവായ്' എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു. മുമ്പ് പരിചയമുണ്ടെങ്കിലും സയേഷ-ആര്യ ജോഡികളുടേത് പ്രണയവിവാഹമല്ലെന്നാണ് സയേഷയുടെ അമ്മ വെളിപ്പെടുത്തിയത്.

അറേഞ്ച്ഡ് മാര്യേജ് ആണെന്ന് ഒരു അഭിമുഖത്തിൽ സയേഷയുടെ അമ്മ പറഞ്ഞിരുന്നു. ഏറ്റവും ഒടുവിൽ ഇരുവരും ഒന്നിച്ചെത്തിയ ചിത്രം ടെഡി ആയിരുന്നു. മനുഷ്യക്കടത്ത് പ്രമേയമായ സിനിമ വലിയ വിജയമായിരുന്നു. ഗർഭിണിയായതോടെ സയേഷ അഭിനയം അവസാനിപ്പിച്ചിരുന്നു. മകൾക്ക് അറൈന എന്നാണ് താരജോഡികൾ പേരിട്ടിരിക്കുന്നത്. മകൾ പിറന്ന് രണ്ട് മാസം കഴിഞ്ഞപ്പോഴാണ് ആര്യ മകളുടെ പേര് വെളിപ്പെടുത്തിയത്. പക്ഷെ ഇതുവരെ മകളുടെ ചിത്രങ്ങളൊന്നും ആര്യ പങ്കുവെച്ചിട്ടില്ല. നർത്തകിയായ സയേഷ ഫിറ്റ്നസിൽ അതീവ ശ്രദ്ധാലുവാണ്. മകൾ പിറന്നശേഷം അമിതഭാരം ഉണ്ടായതിനെ കുറിച്ചും പിന്നീട് അതിൽ നിന്നും കഠിന പരിശ്രമത്തിലൂടെ വണ്ണം കുറച്ചതിനെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ സയേഷ.

'പ്രസവശേഷം ശരീരഭാരം കുറയ്ക്കുക എന്നത് ഒരിക്കലും എളുപ്പമല്ല. എന്നിരുന്നാലും ഒരാൾ സ്ഥിരതയോടെയും ദൃഢനിശ്ചയത്തോടെയും പരിശ്രമിച്ചാൽ സാധ്യമാകും. അധിക ഭാരം കുറയ്ക്കുക എന്നത് അനിവാര്യമാണ്. അതേസമയം തന്നെ ഓരോ സ്ത്രീയും അവരുടേതായ രീതിയിൽ സുന്ദരികളാണ് എന്നതാണ് സത്യം. മെലിഞ്ഞിരിക്കുന്നത് നല്ലതാണ്... കാരണം ഇത് ആന്തരിക അവയവങ്ങളുടെ കൊഴുപ്പിൽ നിന്ന് നമ്മുടെ അവയവങ്ങളെ മോചിപ്പിക്കുന്നു. ആരോഗ്യമുള്ളവരായിരിക്കുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. സമയമെടുക്കും. വെറുമൊരു സെലിബ്രിറ്റിയെ കണ്ട് നിങ്ങൾ അവരെ പിന്തുടർന്ന് വ്യായാമവും ഡയറ്റും പോലുള്ളവ ചെയ്യരുത്. ഓരോ വ്യക്തിക്കും വ്യത്യസ്ത ശരീരവും ആരോഗ്യവും ആണെന്ന് മനസിലാക്കണം. ഫിറ്റ്നസ് എന്റെ ജീവിതശൈലി ആയതിനാൽ അത് ചെയ്യുമ്പോൾ എനിക്ക് ഒരുപാട് സന്തോഷം ലഭിക്കാറുണ്ട്' സയേഷ ജിമ്മിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചു.
Recommended Video

ഗജനികാന്ത് എന്ന ചിത്രത്തിലാണ് ആര്യയും സയേഷയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. പിന്നീട് കാപ്പിനിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചു. ചിത്രത്തിൽ സൂര്യയായിരുന്നു നായകൻ. പ്രസവശേഷം ഫിറ്റ്നസ് വീണ്ടെടുത്ത സയേഷ വീണ്ടും സിനിമയിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. ആര്യയും സയേഷയും തമ്മിൽ പതിനാറ് വയസിന്റെ പ്രായ വ്യത്യാസമുണ്ട്. ഇരുവരും വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്ത വന്നപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടതും ഇരുവരുടേയും പ്രായ വ്യത്യാസമാണ്. സർപാട്ട പരമ്പരൈ, എനിമി എന്നിവയാണ് ഏറ്റവും പുതിയതായി റിലീസ് ചെയ്ത ആര്യ സിനിമകൾ.


Click it and Unblock the Notifications